കനാലിലെ സെലിബ്രിറ്റിയാണ് ഇനി കടലിലേക്കില്ല; തുറന്നുവിട്ടിട്ടും തിരിച്ച് നീന്തി 'ബുക്കാങി'

ബുസാൻ: ദക്ഷിണ കൊറിയൻ തുറമുഖ നഗരമായ ബുസാനിലെ കനാലിൽ നിന്ന് വൻ പരിശ്രമത്തിനൊടുവിൽ കടലിലേക്ക് തുറന്നു വിട്ട പ്രശസ്തമായ 'ഡസ്കി' ഇനത്തിൽപ്പെട്ട സ്രാവ് കടലിലേക്ക് മടങ്ങാൻ കൂട്ടാക്കാതെ കനാലിന് ചുറ്റും തുടരുന്നു. 'ബുക്കാങി' (Bukangi) എന്ന് കൊറിയക്കാർ സ്‌നേഹത്തോടെ വിളിക്കുന്ന ഈ സ്രാവ് കനാലിന് സമീപത്തുതന്നെ വട്ടമിട്ടു നീന്തുകയാണെന്ന് അധികൃതർ അറിയിച്ചു.

കഴിഞ്ഞ മാസമാണ് മൂന്ന് മീറ്ററോളം നീളമുള്ള സ്രാവ് ബുസാനിലെ നഗരമധ്യത്തിലുള്ള കനാലിൽ പ്രത്യക്ഷപ്പെട്ടത്. ഇതോടെ ജനങ്ങൾക്കിടയിൽ വലിയ തരംഗമായി മാറിയ സ്രാവിനെ കാണാൻ കഴിഞ്ഞ ഒരു മാസത്തിനിടെ 16 ലക്ഷത്തിലധികം ആളുകളാണ് കനാലിന്റെ തീരത്തെത്തിയത്. ബുസാന്റെ അനൗദ്യോഗിക ചിഹ്നമായി മാറിയ ബുക്കാങി നഗരത്തിലെ ടൂറിസം മേഖലയ്ക്ക് വലിയ ഉണർവ് നൽകുകയും ചെയ്തിരുന്നു.

എന്നാൽ, സ്രാവിന്റെ മൂക്കിൽ പരിക്കേറ്റ ലക്ഷണങ്ങൾ കാണപ്പെട്ടതും ആഹാരം കഴിക്കാതിരുന്നതും അധികൃതരെ ആശങ്കയിലാക്കി. കൂടാതെ കടൽവെള്ളത്തിലെ താപനില കുറയുന്നത് ഇതിന്റെ ആരോഗ്യത്തെ കൂടുതൽ വഷളാക്കുമെന്ന വിലയിരുത്തലിലാണ് രക്ഷാപ്രവർത്തനം ശക്തമാക്കിയത്. മുൻപ് രണ്ട് തവണ നടത്തിയ ശ്രമങ്ങൾ പരാജയപ്പെട്ടെങ്കിലും, ബുധനാഴ്ച എട്ട് മണിക്കൂറിലധികം നീണ്ട സങ്കീർണ്ണമായ ദൗത്യത്തിലൂടെ വലിയ വലകൾ ഉപയോഗിച്ച് സ്രാവിനെ തുറമുഖത്തിലൂടെ കടലിലേക്ക് നയിച്ചു. ഈ അപൂർവ്വ നിമിഷം ലൈവ് സ്ട്രീമിങിലൂടെ ആയിരക്കണക്കിന് ആളുകളാണ് വീക്ഷിച്ചത്.

എന്നാൽ വ്യാഴാഴ്ച രാവിലെയോടെ അധികൃതർ സ്ഥാപിച്ച സുരക്ഷാ വലകൾ തകർത്ത് ബുക്കാങി വീണ്ടും കനാലിലേക്ക് നീന്തിയെത്തി. തുടർന്ന് വലകൾക്കിടയിൽ കുടുങ്ങിയ സ്രാവിനെ ബാഹ്യ വല മാറ്റിയാണ് രക്ഷാപ്രവർത്തകർ പുറത്തെത്തിച്ചത്. കനാലിലേക്ക് ഇനി പ്രവേശിക്കാതിരിക്കാൻ അധികൃതർ സുരക്ഷാ വേലികൾ കൂടുതൽ ശക്തമാക്കിയിട്ടുണ്ടെങ്കിലും സ്രാവ് ഇപ്പോഴും കനാലിന്റെ പ്രവേശന കവാടത്തിന് ചുറ്റും തന്നെ തുടരുകയാണ്.

അതേസമയം, സ്രാവിനെ കനാലിൽ നിന്ന് മാറ്റിയതിനെച്ചൊല്ലി പ്രാദേശികമായി വ്യത്യസ്ത അഭിപ്രായങ്ങളാണ് ഉയർന്നുവരുന്നത്. സ്രാവിനെ കനാലിൽ തന്നെ തുടരാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ചിലർ പ്ലാക്കാർഡുകളുമായി രംഗത്തെത്തി. ബുക്കാംഗി ബുസാന് കിട്ടിയ അപൂർവ്വ സമ്മാനമാണെന്നും, കടലിലേക്ക് അയക്കുന്നത് അതിന്റെ ജീവന് തന്നെ ഭീഷണിയാകുമെന്നും ഇവർ ആരോപിക്കുന്നു.

എന്നാൽ ആദ്യ ദിവസങ്ങളെ അപേക്ഷിച്ച് സ്രാവ് ഇപ്പോൾ വളരെ മെലിഞ്ഞുപോയെന്നും, അത് തുറന്ന കടലിൽ സ്വതന്ത്രമായി ഇരപിടിച്ച് ജീവിക്കുന്നതാണ് അതിന്റെ ആരോഗ്യത്തിന് നല്ലതെന്നും ഭൂരിഭാഗം ആളുകളും അഭിപ്രായപ്പെടുന്നു. അന്തരീക്ഷ താപനില വർദ്ധിച്ചതിനെ തുടർന്നാകാം സ്രാവ് തീരപ്രദേശത്തേക്ക് എത്തിയതെന്നാണ് വിദഗ്ദരുടെ നിഗമനം. കടൽ ചൂടാകുന്നതോടെ വരും വർഷങ്ങളിൽ കൂടുതൽ സ്രാവുകൾ ബുസാൻ തീരത്തേക്ക് എത്താൻ സാധ്യതയുണ്ടെന്നും അവർ വ്യക്തമാക്കുന്നു. സ്രാവിനെ രക്ഷപ്പെടുത്താനുള്ള ദൗത്യം ഔദ്യോഗികമായി അവസാനിപ്പിച്ചതായി ഭരണകൂടം അറിയിച്ചു.

Tags:    
News Summary - കനാലിലെ സെലിബ്രിറ്റിയാണ് ഇനി കടലിലേക്കില്ല; തുറന്നുവിട്ടിട്ടും തിരിച്ച് നീന്തി 'ബുക്കാങി'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.