വാഷിങ്ടൺ: യുദ്ധകാല നിയമപ്രകാരം വെനിസ്വേലൻ കുടിയേറ്റക്കാരെ നാടുകടത്താനുള്ള യു.എസ് സർക്കാർ നീക്കം സുപ്രീംകോടതി തടഞ്ഞു. വെനിസ്വേലൻ പൗരന്മാരുടെ അടിയന്തര ഹരജി പരിഗണിച്ചാണ് സുപ്രീംകോടതി ഉത്തരവ്. ഗുണ്ട സംഘത്തിലെ അംഗങ്ങളാണെന്ന് മുദ്രകുത്തിയാണ് വെനിസ്വേലൻ പൗരന്മാരെ 1798ലെ അലിയൻ എനിമീസ് നിയമപ്രകാരം നാടുകടത്താൻ ശ്രമിച്ചത്.
നിരോധിക്കപ്പെട്ട ട്രെൻ ഡി അരാഗ്വ എന്ന വിദേശ ഭീകരസംഘടനയിലെ അംഗങ്ങളായാണ് വെനിസ്വേലൻ കുടിയേറ്റക്കാരെ കണക്കാക്കിയിരുന്നത്. സർക്കാറിന്റെ ദേശീയ സുരക്ഷ താൽപര്യങ്ങളുടെ പ്രാധാന്യം മനസ്സിലാക്കുന്നെന്നും എന്നാൽ, ഭരണഘടനക്ക് അനുസൃതമായി മാത്രമേ അത്തരം താൽപര്യങ്ങൾ മുന്നോട്ടുകൊണ്ടുപോകാൻ കഴിയൂവെന്നും കോടതി നിരീക്ഷിച്ചു.
ആയിരക്കണക്കിന് നിയമവിരുദ്ധ കുടിയേറ്റക്കാരെ നാടുകടത്താനുള്ള യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നീക്കത്തിനുള്ള തിരിച്ചടിയാണ് കോടതി ഉത്തരവ്. കോടതി വിധിയിൽ ട്രംപ് കടുത്ത അതൃപ്തി പ്രകടിപ്പിച്ചു. രാജ്യത്തുനിന്ന് ക്രിമിനലുകളെ പുറത്താക്കാൻ സുപ്രീംകോടതി അനുവദിക്കില്ലെന്ന് അദ്ദേഹം സ്വന്തം സമൂഹ മാധ്യമമായ ക്രൂത്ത് സോഷ്യലിൽ പ്രതികരിച്ചു.
കുടിയേറ്റക്കാരെ യുദ്ധകാല നിയമപ്രകാരം നാടുകടത്തുന്നത് കഴിഞ്ഞ മാസം കോടതി താൽക്കാലികമായി തടഞ്ഞിരുന്നു. സമാനമായ നിരവധി കേസുകളാണ് യു.എസ് ഫെഡറൽ കോടതികളിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.