വാഷിങ്ടൺ: വിദേശവിദ്യാർഥികൾക്കുള്ള വിസ അഭിമുഖങ്ങൾ താൽക്കാലികമായി നിർത്തിവെച്ച് യു.എസ്. അപേക്ഷകരുടെ സമൂഹമാധ്യമ പ്രൊഫൈലുകൾ പരിശോധിക്കുന്നതിന് വേണ്ടിയാണ് വിസ അഭിമുഖങ്ങൾ യു.എസ് താൽക്കാലികമായി നിർത്തിവെക്കുന്നുവെന്നാണ് റിപ്പോർട്ട്.
അതേസമയം, നിലവിൽ വിസ അപ്പോയിൻമെന്റ് ലഭിച്ചവർക്ക് പുതിയ നിയന്ത്രണം ബാധകമാവില്ലെന്നും അവർക്ക് നിശ്ചയിച്ച തീയതിൽ തന്നെ അഭിമുഖത്തിൽ പങ്കെടുക്കാമെന്നും യു.എസ് അറിയിച്ചിട്ടുണ്ട്. വിസ അപേക്ഷകരുടെ സമൂഹമാധ്യമ പ്രൊഫൈലുകളിൽ പരിശോധന നടത്താൻ യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റുബിയോ നിർദേശം നൽകിയിട്ടുണ്ടെന്നാണ് സൂചന.
അനധികൃത കുടിയേറ്റക്കാരെ നാടുകടത്താനുള്ള നീക്കം ശക്തമാകുന്നതിനിടെ വിദേശ വിദ്യാർഥികൾക്ക് മുന്നറിയിപ്പുമായി യു.എസ് ഭരണകൂടം. സ്ഥാപനത്തിൽ അറിയിക്കാതെ ക്ലാസിൽ പങ്കെടുക്കാതിരിക്കുകയും കോഴ്സ് പാതിവഴിയിൽ നിർത്തുകയും ചെയ്താൽ വിസ റദ്ദാക്കുമെന്നാണ് യു.എസ് എംബസി അറിയിച്ചിരിക്കുന്നത്.
ഭാവിയിൽ യു.എസ് വിസ ലഭിക്കാനുള്ള സാധ്യതയും നഷ്ടപ്പെടും. വിസ റദ്ദാക്കൽ ഒഴിവാക്കാൻ ചട്ടങ്ങൾ കൃത്യമായി പാലിക്കണമെന്നും വിദ്യാർഥിയെന്ന പദവി നിലനിർത്തണമെന്നും എക്സിൽ നൽകിയ കുറിപ്പിൽ എംബസി നിർദേശിച്ചു.
ആയിരക്കണക്കിന് ഇന്ത്യൻ വിദ്യാർഥികളാണ് യു.എസ് സർവകലാശാലകളിൽ പഠിക്കുന്നത്. 2023ൽ 1.40 ലക്ഷം വിദ്യാർഥി വിസ ഇന്ത്യക്കാർക്ക് അനുവദിച്ചിരുന്നു. മൂന്ന് വർഷമായി ഏറ്റവും കൂടുതൽ വിദ്യാർഥി വിസ അനുവദിച്ചത് ഇന്ത്യക്കാർക്കാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.