Representational Image

ഹിജാബ് ധരിച്ച് കായിക മത്സരങ്ങളിൽ പങ്കെടുക്കാം; നിയമം പാസാക്കി യു.എസ് സംസ്ഥാനം

അനപൊളിസ്: ഹിജാബ് ഉൾപ്പെടെയുള്ള വിശ്വാസത്തിന്‍റെ ഭാഗമായുള്ള ശിരോവസ്ത്രങ്ങൾ ധരിച്ച് കായിക മത്സരങ്ങളിൽ പങ്കെടുക്കുന്നതിന് നിയമം പാസ്സാക്കി യു.എസ് സംസ്ഥാനമായ മേരിലാൻഡ്. എല്ലാവരെയും ഉൾക്കൊള്ളുന്ന വസ്ത്രധാരണ നിയമം രണ്ട് മാസത്തെ രാഷ്ട്രീയ ചർച്ചകൾക്കും നടപടിക്രമങ്ങൾക്കുമൊടുവിലാണ് പാസ്സാക്കിയത്. ഇതോടെ, വിദ്യാർഥികൾക്ക് ഹിജാബ് ധരിച്ച് കായിക മത്സരങ്ങളിൽ പങ്കെടുക്കാനാകും. നിയമത്തെ മുസ്ലിം സാമൂഹികപ്രവർത്തകർ സ്വാഗതം ചെയ്തു.

എല്ലാ വിദ്യാർഥികൾക്കും മത്സരിക്കാനുള്ള സാഹചര്യം ഒരുക്കണമെന്നത് മാത്രമായിരുന്നു തങ്ങളുടെ ആവശ്യമെന്ന് മേരിലാൻഡിലെ അമേരിക്കൻ ഇസ്ലാമിക് റിലേഷൻസ് കൗൺസിൽ ഡയറക്ടർ സൈനബ് ചൗധരി പറഞ്ഞു. നേരത്തെ, ഹൈസ്കൂൾ ബാസ്കറ്റ്ബാൾ ടീമിലെ ഒരു മുസ്ലിം വിദ്യാർഥിനിക്ക് ഹിജാബ് ധരിച്ചെന്ന കാരണത്താൽ മത്സരങ്ങളിൽ അവസരം ലഭിക്കാത്ത സംഭവമുണ്ടായിരുന്നു. അമേരിക്കൻ ഇസ്ലാമിക് റിലേഷൻസ് കൗൺസിൽ ഈ കേസിൽ ഇടപെട്ടിരുന്നു. ഇതിനെ തുടർന്ന് നടന്ന ശ്രമങ്ങളാണ് പുതിയ നിയമനിർമാണത്തിലേക്ക് വഴിവെച്ചതെന്ന് സൈനബ് ചൗധരി പറഞ്ഞു. നിയമം കഴിഞ്ഞ വെള്ളിയാഴ്ച മുതൽ പ്രാബല്യത്തിലായി.

ഇതുവരെ ഓരോരോ കേസുകൾ ഉയരുമ്പോൾ പരിശോധിച്ചായിരുന്നു ശിരോവസ്ത്രമണിഞ്ഞ് കായിക മത്സരങ്ങളിൽ പങ്കെടുക്കാൻ ഇളവുകൾ നൽകിയിരുന്നത്. പുതിയ നിയമനിർമാണ ബില്ലിന് മേരിലാൻഡിലെ സ്റ്റേറ്റ് സെനറ്റിലും പ്രതിനിധി സഭയിലും ഉഭയകക്ഷി പിന്തുണ ലഭിച്ചു. ബാൾട്ടിമോർ ജൂത കൗൺസിൽ, അമേരിക്കൻ സിവിൽ ലിബർട്ടീസ് യൂണിയൻ തുടങ്ങിയ മത-മതേതര സംഘടനകളുടെ പിന്തുണയും ആവശ്യത്തിനുണ്ടായിരുന്നു.

സമാനമായ നിയമം പാസാക്കിയ ചുരുക്കം സംസ്ഥാനങ്ങളിലൊന്നായ ഇല്ലിനോയിസിൽ ഹിജാബിന് മാത്രമാണ് അനുമതിയെന്നും, അതേസമയം മേരിലാൻഡിൽ എല്ലാ വിശ്വാസികൾക്കും ശിരോവസ്ത്രം അണിയാനുള്ള അവകാശമാണ് ലഭിച്ചതെന്നും സൈനബ് ചൗധരി ചൂണ്ടിക്കാട്ടി. മറ്റ് സംസ്ഥാനങ്ങളും മേരിലാൻഡിലെ നിയമം മാതൃകയാക്കി മുന്നോട്ടുവരുമെന്ന പ്രതീക്ഷയും അവർ പങ്കുവെച്ചു.

വംശീയമായ വിവേചനങ്ങൾക്കെതിരെ ബോധവത്കരണം വർധിച്ചുവരുന്ന പശ്ചാത്തലത്തിൽ കൂടിയാണ് നിയമം പാസ്സാക്കിയിരിക്കുന്നത്. നേരത്തെ, മുടിയുടെ അടിസ്ഥാനത്തിൽ തൊഴിലുടമകളുടെയും ഹൗസിങ് അധികൃതരുടെയും വംശീയമായ വിവേചനത്തിനെതിരെ ക്രൗൺ ആക്ട് എന്ന പേരിൽ 15ലേറെ യു.എസ് സംസ്ഥാനങ്ങളിൽ നിയമം പാസാക്കിയിരുന്നു.




ശിരോവസ്ത്രങ്ങൾ അത്ലറ്റുകളുടെയും കായികതാരങ്ങളുടെയും പ്രകടനത്തെ ബാധിക്കുമെന്നായിരുന്നു നിലവിലുണ്ടായിരുന്നു വാദങ്ങളിലൊന്ന്. എന്നാൽ, നൈക്കി, അഡിഡാസ്, അണ്ടർ ആർമർ തുടങ്ങിയ കായിക ഉൽപ്പന്ന ബ്രാൻഡുകൾ മത്സരങ്ങളിൽ ഉപയോഗിക്കാവുന്ന ഹിജാബുകൾ വിപണിയിലെത്തിച്ചിട്ടുണ്ട്. 

Tags:    
News Summary - US state Maryland gives Muslim students the legal right to wear hijab in sport

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.