തെൽ അവീവ്: ഇസ്രായേലിന്റെ വടക്കൻ ഭാഗത്ത് ലബനാനിൽനിന്നുള്ള മിസൈൽ ആക്രമണത്തിൽ സിവിലിയൻമാർ കൊല്ലപ്പെട്ട പശ്ചാത്തലത്തിൽ ഹിസ്ബുല്ലക്ക് മുന്നറിയിപ്പ് നൽകി ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു.
ബൈറൂത്തിനെ ഗസ്സയും ഖാൻ യൂനുസും പോലെയാക്കി മാറ്റുമെന്നാണ് അതിർത്തിയിലെ സൈനിക താവളങ്ങൾ സന്ദർശിച്ചശേഷം നെതന്യാഹു മുന്നറിയിപ്പ് നൽകിയത്. ഗസ്സയിൽ ഇസ്രായേൽ ആക്രമണം ആരംഭിച്ചതു മുതൽ ഹിസ്ബുല്ല ഇസ്രായേലിനെ ലക്ഷ്യമാക്കി റോക്കറ്റുകളും മിസൈലുകളും അയച്ചിരുന്നു. ഇസ്രായേൽ തിരിച്ചടിയിൽ നിരവധി ഹിസ്ബുല്ല അംഗങ്ങളും കൊല്ലപ്പെട്ടു. ഇസ്രായേലിന്റെ ആക്രമണത്തിൽ ലബനാനിൽ മാധ്യമപ്രവർത്തകരും സിവിലിയന്മാരും കൊല്ലപ്പെട്ട സംഭവങ്ങളുണ്ടായിട്ടുണ്ട്.
വെടിനിർത്തൽ ആവശ്യത്തെ പിന്തുണക്കില്ല -യു.എസ്
യുനൈറ്റഡ് നാഷൻസ്: ഗസ്സയിൽ അടിയന്തര വെടിനിർത്തൽ വേണമെന്ന യു.എൻ സെക്രട്ടറി ജനറലിന്റെയും രക്ഷാസമിതിയുടെയും ആവശ്യത്തെ പിന്തുണക്കില്ലെന്ന് അമേരിക്ക. യു.എന്നിലെ യു.എസ് പ്രതിനിധി റോബർട്ട് വുഡ് ആണ് നിലപാട് അറിയിച്ചത്. ഹമാസ് ഇസ്രായേലിന് ഇപ്പോഴും ഭീഷണി ആയതിനാൽ വെടിനിർത്തലിന് സമയപരിധി വെക്കാൻ ഇസ്രായേലിനെ നിർബന്ധിക്കാനാവില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
അതിനിടെ അധിനിവിഷ്ട വെസ്റ്റ് ബാങ്കിൽ വെള്ളിയാഴ്ച ആറ് ഫലസ്തീനികൾ ഇസ്രായേൽ വെടിവെപ്പിൽ കൊല്ലപ്പെട്ടു. തുബാസിന് സമീപം അൽ ഫറ അഭയാർഥി ക്യാമ്പിലാണ് അക്രമം. ഗസ്സയിൽ യുദ്ധം ആരംഭിച്ച ശേഷം 263 ഫലസ്തീനികളെ ഇസ്രായേൽ സൈന്യം വെസ്റ്റ് ബാങ്കിൽ കൊലപ്പെടുത്തിയിട്ടുണ്ട്. അതിനിടെ ഗസ്സയിൽ ഹമാസും ഇസ്രായേലും തമ്മിലുള്ള ഏറ്റുമുട്ടൽ രൂക്ഷമായി തുടരുകയാണ്. 17,487 ഫലസ്തീനികൾ ഗസ്സയിൽ ഇതുവരെ കൊല്ലപ്പെട്ടു. 46,480 പേർക്ക് പരിക്കേറ്റു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.