ബിരുദദാന ചടങ്ങിനിടെ സ്റ്റേജിൽ തട്ടി വീണ് ജോ ബൈഡൻ

കൊളറാഡോ: യു.എസ് എയർഫോഴ്സ് അക്കാദമിയിലെ ബിരുദദാന ചടങ്ങിനിടെ വേദിയിൽ കാൽ തട്ടി വീണ് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ. കാര്യമായ പരിക്കൊന്നും പറ്റിയിട്ടില്ലെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. വ്യാഴാഴ്ചയാണ് സംഭവം. കൊളറാഡോയിലെ ബിരുദധാരികളെ ബൈഡൻ ഹസ്തദാനം ചെയ്ത ശേഷം ഇരിപ്പിടത്തിലേക്ക് മടങ്ങുന്നതിനിടെയാണ് തട്ടി വീണത്.

ഉടൻ തന്നെ സമീപത്തുണ്ടായിരുന്ന എയർഫോഴ്‌സ് ഉദ്യോഗസ്ഥനും യു.എസ് രഹസ്യാന്വേഷണ വിഭാഗത്തിലെ രണ്ട് അംഗങ്ങളും ബൈഡനെ താങ്ങിനിർത്തി. പ്രസിഡന്‍റ് വീണതുകണ്ട് വേദിയിലുണ്ടായിരുന്ന ഔദ്യോഗിക പ്രതിനിധി സംഘത്തിലെ അംഗങ്ങൾ ഉൾപ്പെടെ ആശങ്കാകുലരായി. എന്നാൽ അൽപനേരത്തിന് ശേഷം ബൈഡൻ ഇരിപ്പിടത്തിലെത്തുകയും ബാക്കി ചടങ്ങുകൾക്ക് സാക്ഷ്യം വഹിക്കുകയും ചെയ്തു. യു.എസിന്റെ ചരിത്രത്തിൽ ഏറ്റവും പ്രായം കൂടിയ പ്രസിഡന്റാണ് 80 കാരനായ ബൈഡൻ. വേദിയിലെ ടെലിപ്രോംപ്റ്ററിനെ പിന്തുണയ്ക്കാൻ വെച്ച വസ്തുവിൽ തട്ടിയാണ് ബൈഡൻ വീണത്.

പ്രസിഡന്റ് സുഖമായിരിക്കുന്നെന്ന് വൈറ്റ് ഹൗസ് കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ ബെൻ ലാബോൾട്ട് ട്വിറ്ററിൽ അറിയിച്ചു. ഒരു മണിക്കൂർ നീണ്ട ബിരുദദാന ചടങ്ങിൽ 921 വിദ്യാർഥികൾക്കും ബൈഡൻ ഹസ്തദാനം നൽകി.

ബൈഡന്റെ പ്രായവും അസുഖങ്ങളും അടുത്തിടെ വലിയ രീതിയിൽ ചർച്ചയായിരുന്നു. നേരത്തെയും പൊതുപരിപാടിക്കിടെ ബൈഡൻ വീഴാൻ പോയതും വാർത്തയായിരുന്നു. പ്രായാധിക്യമുള്ളതിനാൽ ബൈഡൻ അടുത്ത പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കരുതെന്നും ആവശ്യമുയർന്നിരുന്നു.

Tags:    
News Summary - US President Joe Biden trips and falls at Colorado event

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.