ക്യൂബയെ ലക്ഷ്യമിട്ട് യു.എസ്; റൗൾ കാസ്ട്രോയ്‌ക്കെതിരെ കുറ്റപത്രം സമർപ്പിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്

വാഷിങ്ടൺ: വെനിസ്വേലക്കും ഇറാനും പിന്നാലെ ക്യൂബയെ ലക്ഷ്യമിട്ട് യു.എസ്. മൂന്ന് പതിറ്റാണ്ട് മുമ്പ് രണ്ട് വിമാനങ്ങൾ വെടിവച്ചിട്ട കേസിൽ ക്യൂബയുടെ വിപ്ലവ നായകനും മുൻ പ്രസിഡന്റുമായ റൗൾ കാസ്ട്രോയ്ക്കെതിരെ കുറ്റപത്രം സമർപ്പിക്കാൻ യുഎസ് നീതിന്യായ വകുപ്പ് ഒരുങ്ങുന്നതായി റിപ്പോർട്ട്. യു.എസ് ചാര സംഘടനയായ സി.ഐ.എയുടെ തലവൻ ജോൺ റാറ്റ്ക്ലിഫ് ക്യൂബയിലെത്തി രഹസ്യാന്വേഷണ സംഘത്തിലെ ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഇത്തരത്തിലുള്ള റിപ്പോർട്ട് പുറത്തുവന്നത്. യു.എസിന്റെ എണ്ണ ഉപരോധത്തെ തുടർന്നുള്ള സാമ്പത്തിക തകർച്ച കാരണം രാജ്യം അതിരൂക്ഷമായ പ്രതിസന്ധിയിലൂടെ കടന്നുപോകുന്നതിനിടെയാണ് ട്രംപ് ഭരണകൂടത്തിന്റെ പുതിയ നീക്കം. അതേസമയം 'ക്യൂബ വിമോചിതമാകാൻ പോകുന്നു' എന്ന് പ്രസ്താവനയുമായി ട്രംപിന്റെ സഖ്യകക്ഷിയും രാഷ്ട്രീയ പ്രവർത്തകയുമായ ലോറ ലൂമർ രംഗത്തെത്തി. എക്സിലായിരുന്നു ലൂമറിന്റെ പ്രതികരണം.

1996-ൽ യു.എസിന്റെ രണ്ട് വിമാനങ്ങൾ തകർത്തതുമായി ബന്ധപ്പെട്ടാണ് കുറ്റപത്രം. അന്ന് പ്രതിരോധ മന്ത്രിയായിരുന്ന റൗൾ കാസ്ട്രോയാണ് ഇതിന് പിന്നിലെന്നാണ് യുഎസ് വാദം. എന്നാൽ തങ്ങളുടെ വ്യോമാതിർത്തി ലംഘിച്ചതിനെ തുടർന്നാണ് വിമാനങ്ങൾ വെടിവെച്ചിട്ടതെന്നാണ് ക്യൂബയുടെ നിലപാട്. അടുത്ത ബുധനാഴ്ച കുറ്റപത്രം സമർപ്പിക്കുമെന്ന് പേര് വെളിപ്പെടുത്താത്ത യുഎസ് നീതിന്യായ വകുപ്പ് ഉദ്യോഗസ്ഥർ മാധ്യമങ്ങളോട് പറഞ്ഞു.

യുഎസിന്റെ ഈ നടപടി ക്യൂബയ്ക്ക് മേലുള്ള അധിനിവേശ ഭീഷണിയായാണ് ദ്വീപരാഷ്ട്രത്തിലെ ജനങ്ങളും അധികൃതരും കാണുന്നത്. 94 കാരനായ കാസ്ട്രോ 2021-ൽ ക്യൂബൻ കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവായി സ്ഥാനമൊഴിഞ്ഞു.

ജനുവരിയിൽ വെനസ്വേലൻ നേതാവ് നിക്കോളാസ് മഡുറോയെ സൈനിക റെയ്ഡിലൂടെ പിടികൂടിയതിന് പിന്നാലെ 'അടുത്തത് ക്യൂബയാണ്' എന്ന് ട്രംപ് പരസ്യമായി മുന്നറിയിപ്പ് നൽകിയിരുന്നു. റൗൾ കാസ്ട്രോയ്ക്കെതിരെയുള്ള നിയമനടപടി ക്യൂബൻ നേതാവിനെ വധിക്കാനോ തടവിലാക്കാനോ ഉള്ള യുഎസ് സൈനിക നീക്കങ്ങൾക്ക് ന്യായീകരണം കണ്ടെത്താനാണെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.

14-ന് ക്യൂബയിലെത്തിയ റാറ്റ്ക്ലിഫ് ക്യൂബൻ രഹസ്യാന്വേഷണ മേധാവി റാമോൺ റൊമേറോ കുർബെലോയുമായും മറ്റ് ഉന്നത ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്തി. യു.എസ് ഉപരോധത്തെ തുടർന്ന് രാജ്യം കടുത്ത പ്രതിസന്ധിയിലാണെന്നും ഇന്ധനം പൂർണ്ണമായും തീർന്നെന്നും കഴിഞ്ഞ ദിവസം ക്യൂബൻ സർക്കാർ ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അമേരിക്കൻ രഹസ്യാന്വേഷണ സംഘത്തിന്റെ മേധാവിയുടെ സുപ്രധാന സന്ദർശനം.

അമേരിക്ക ഏർപ്പെടുത്തിയ ഇന്ധന ഉപരോധം കാരണം ദ്വീപ് രാഷ്ട്രം കടുത്ത വൈദ്യുതി തടസ്സവും സാമ്പത്തിക പ്രതിസന്ധിയും നേരിടുകയാണ്. ക്യൂബൻ കമ്മ്യൂണിസ്റ്റ് ഭരണകൂടത്തെ താഴെയിറക്കാനുള്ള നീക്കങ്ങൾ ട്രംപ് ഭരണകൂടം സജീവമാക്കിയിരിക്കുകയാണ്. നിലവിലെ സംഘർഷഭരിതമായ സാഹചര്യം ലഘൂകരിക്കാനും രാഷ്ട്രീയ ചർച്ചകൾക്ക് വഴിതുറക്കാനുമാണ് സി.ഐ.എ മേധാവിയുടെ സന്ദർശനത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് ക്യൂബൻ സർക്കാർ പ്രസ്താവനയിൽ അറിയിച്ചു.

Tags:    
News Summary - US planning to criminally indict ex-Cuban leader Raúl Castro

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.