ന്യൂഡൽഹി: പടിഞ്ഞാറൻ അലാസ്കയിൽനിന്ന് കാണാതായ യാത്രാവിമാനം തണുത്തുറഞ്ഞ കടലിൽ തകർന്ന നിലയിൽ കണ്ടെത്തി. വിമാനത്തിലുണ്ടായിരുന്ന 10 പേരും മരിച്ചു. വെള്ളിയാഴ്ചയാണ് കടലിൽ വിമാനം കണ്ടെത്തിയത്. നോമിലേക്കുള്ള യാത്രക്കിടെയാണ് വിമാനം കാണാതായത്. വിമാനത്തിനായി യു.എസ് കോസ്റ്റ്ഗാർഡ് ഹെലികോപ്ടറുകൾ ഉൾപ്പെടെ ഉപയോഗിച്ച് തിരച്ചിൽ നടത്തിയിരുന്നു.
വ്യാഴാഴ്ച പ്രാദേശിക സമയം ഉച്ചക്ക് 2.37ഓടെയാണ് വിമാനം യാത്ര തുടങ്ങിയത്. ഒമ്പത് യാത്രക്കാരും പൈലറ്റുമാണ് ബെറിങ് എയറിന്റെ സെസ്ന കാരവൻ വിമാനത്തിൽ ഉണ്ടായിരുന്നത്. യാത്ര തുടങ്ങി ഒരു മണിക്കൂറിനകം വിമാനവുമായുള്ള ബന്ധം നഷ്ടമാവുകയായിരുന്നു.
തീരത്തുനിന്ന് 19 കിലോമീറ്റർ അകലെയാണ് വിമാനം കണ്ടെത്തിയത്. മൂന്ന് മൃതദേഹങ്ങളാണ് വിമാനാവശിഷ്ടങ്ങളിൽനിന്ന് കണ്ടെത്തിയിരിക്കുന്നത്. മറ്റ് മൃതദേഹങ്ങൾ പുറത്തെടുക്കാനുള്ള ശ്രമം തുടരുകയാണെന്ന് യു.എസ് കോസ്റ്റ്ഗാർഡ് അറിയിച്ചു. കഴിഞ്ഞ ദിവസം വിമാനം കാണാതായത് മുതൽതന്നെ തിരച്ചിലുമായി കോസ്റ്റ്ഗാർഡ് രംഗത്തെത്തിയിരുന്നു. എന്നാൽ, ദുർഘടമായ കാലാവസ്ഥയാണ് വെല്ലുവിളിയാവുന്നത്. രണ്ടാഴ്ചക്കിടെ യു.എസിലുണ്ടാകുന്ന മൂന്നാമത്തെ വിമാനാപകടമാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.