ഗസ്സ: ഗസ്സയിലേക്ക് സഹായമെത്തിക്കാനായി യു.എസ് സൈന്യം താൽക്കാലികമായി നിർമിച്ച കടൽപ്പാലം തകർന്നു. കനത്ത തിരമാലകളിൽപ്പെട്ട് ഭാഗികമായാണ് പാലം തകർന്നത്. ഗസ്സയിലേക്ക് സഹായമെത്തിക്കാനായി മാരിടൈം ഇടനാഴ്ചി നിർമിക്കാനുള്ള യു.എസിന്റെ നീക്കങ്ങൾക്ക് കനത്ത തിരിച്ചടി നൽകുന്നതാണ് പാലത്തിന്റെ തകർച്ച. പെന്റഗൺ ഔദ്യോഗികമായി തന്നെ പാലം തകർന്ന വിവരം അറിയിച്ചിട്ടുണ്ട്.
പാലത്തിന് തകരാർ സംഭവിച്ചുവെന്നും അത് പരിഹരിക്കുന്നതിനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും പെന്റഗൺ ഡെപ്യൂട്ടി പ്രസ് സെക്രട്ടറി സാബിറിന സിങ് പറഞ്ഞു. അടുത്ത 48 മണിക്കൂറിനുള്ളിൽ പാലം പൊളിച്ച് ഇസ്രായേലിലെ അഷ്ദൂദ തുറമുഖത്തെത്തിച്ച് യു.എസ് സെൻട്രൽ കമാൻഡ് അറ്റകൂറ്റപ്പണികൾ നടത്തും. ഒരാഴ്ചക്കകം പാലം പൂർവസ്ഥിതിയിലാക്കുമെന്ന് യു.എസ് അറിയിച്ചു.
320 മില്യൺ ഡോളർ ചെലവഴിച്ചാണ് യു.എസ് ഗസ്സയിൽ കടൽപ്പാലം പണിതത്. മെയ് 17 മുതൽ ഗസ്സയിലേക്ക് കടൽപ്പാലത്തിലൂടെ സാധനങ്ങൾ എത്തിച്ചിരുന്നു. യു.എസിന്റെ കടൽപ്പാലം പദ്ധതിക്കെതിരെ വിവിധ കോണുകളിൽ നിന്നും വിമർശനം ഉയർന്നിരുന്നു. കര അതിർത്തികൾ തുറക്കുകയാണ് സഹായ വിതരണത്തിനുള്ള ചെലവ് കുറഞ്ഞതും കാര്യക്ഷമവുമായ വഴി. ആത്മാർഥതയുണ്ടെങ്കിൽ അമേരിക്ക അതിന് സമ്മർദം ചെലുത്തണമെന്നായിരുന്നു ഗസ്സയിൽ സഹായം നൽകുന്ന വിവിധ സംഘടനകൾ വ്യക്തമാക്കിയത്.
ഫലസ്തീൻ അഭയാർഥികളുടെ തമ്പുകൾക്കുമേൽ ബോംബിട്ട് 45 പേരെ കൂട്ടക്കൊല ചെയ്ത ഇസ്രായേൽ സേനക്കെതിരെ ലോകമാകെ രോഷം പുകയുമ്പോഴും റഫയിൽ കൂടുതൽ പ്രദേശങ്ങളിലേക്ക് കടന്നുകയറി ആക്രമണം നടത്തുകയാണ് സൈനിക ടാങ്കുകൾ. 24 മണിക്കൂറിനിടെ ഗസ്സയിൽ 46 പേർകൂടി കൊല്ലപ്പെട്ടതോടെ ആകെ മരണം 36,096 ആയി. 81,136 പേർക്ക് പരിക്കുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.