ഇറാന്റെ 'എണ്ണക്കണ്ണികൾ' അറുക്കാൻ അമേരിക്ക; വിവരം നൽകിയാൽ കോടികൾ പാരിതോഷികം!

വാഷിങ്ൺ: ഇറാ​ൻ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സിന്റെ ‘അനധികൃത’ എണ്ണക്കടത്തിനെക്കുറിച്ചും അതിന് പിന്നിൽ പ്രവർത്തിക്കുന്നവരെക്കുറിച്ചും വിവരം നൽകുന്നവർക്ക് വൻ തുക പ്രതിഫലം പ്രഖ്യാപിച്ച് അമേരിക്ക. 1.5 കോടി ഡോളർ (125 കോടി രൂപ) ആണ് യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ 'റിവാർഡ് ഫോർ ജസ്റ്റിസ്' വാഗ്ദാനം ചെയ്തിരിക്കുന്നത്.  

ഐ.ആർ.ജി.സിയുമായോ അവരുടെ സഹായത്തോടെ പ്രവർത്തിക്കുന്ന ഏജൻസികളുമായോ ബന്ധപ്പെട്ട എണ്ണ വിതരണം, ഇതിനായി ഉപയോഗിക്കുന്ന ടാങ്കറുകൾ, ഈ ഇടപാടുകളിൽ ഏർപ്പെട്ടിരിക്കുന്ന വ്യക്തികൾ അല്ലെങ്കിൽ സ്ഥാപനങ്ങൾ എന്നിവയെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ നൽകുന്നവർക്കാണ് പ്രതിഫലം ലഭിക്കുക.

ചൊവ്വാഴ്ച പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവന പ്രകാരം ഇറാന്റെ എണ്ണക്കടത്ത് ശൃംഖലയെ തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് അമേരിക്കൻ വിദേശകാര്യ വകുപ്പിന്റെ ഈ നീക്കം. ഐ.ആർ.ജി.സിയുടെ സാമ്പത്തിക സ്രോതസ്സുകൾ തടയുന്നതിന്റെ ഭാഗമായി ഇറാനെതിരെ ഏർപ്പെടുത്തിയ ഉപരോധങ്ങൾ കർശനമായി നടപ്പിലാക്കാനും ഇതിലൂടെ യു.എസ് ലക്ഷ്യമിടുന്നു.

ഇറാൻ സൈന്യത്തിന്റെ പ്രധാന വിഭാഗമായ ഐ.ആർ.ജി.സി തങ്ങളുടെ പ്രവർത്തനങ്ങൾക്കായി പണം കണ്ടെത്തുന്നത് ഇത്തരം രഹസ്യ എണ്ണക്കടത്തിലൂടെയാണെന്നാണ് അമേരിക്കയുടെ ആരോപണം. അന്താരാഷ്ട്ര ഉപരോധങ്ങൾ മറികടന്ന് നടത്തുന്ന ഈ നീക്കങ്ങളെ തടയാൻ ആഗോളതലത്തിൽ വിവരദാതാക്കളുടെ സഹായം തേടുകയാണ് ഇതിലൂടെ യു.എസ് ലക്ഷ്യമിടുന്നത്.

ഇറാനുമായുള്ള നയതന്ത്ര ബന്ധം കൂടുതൽ വഷളാകുന്ന സാഹചര്യത്തിലാണ് അമേരിക്കയുടെ ഈ നിർണ്ണായക നീക്കം. ഇതിനകം തന്നെ കടുത്ത ഉപരോധങ്ങൾ നേരിടുന്ന ഇറാന്റെ സാമ്പത്തിക സ്രോതസ്സുകൾ പൂർണ്ണമായും അടക്കുക എന്ന തന്ത്രമാണ് ഇതിന് പിന്നിലെന്ന് വിലയിരുത്തപ്പെടുന്നു. 

Tags:    
News Summary - US offers $15m reward for tips on ‘illicit’ IRGC oil shipments

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.