വാഷിങ്ടൺ: ഇറാൻ യുദ്ധത്തിനിടെ അമേരിക്കൻ നാവികസേനയുടെ അത്യാധുനിക നിരീക്ഷണ ഡ്രോണായ എംക്യു-4സി ട്രൈറ്റൺ (Triton) തകർന്നതിനു സ്ഥിരീകരണം. യു.എസ് നേവിയുടെ ഏറ്റവും പുതിയ റിപ്പോർട്ടും ഫ്ലൈറ്റ് ഡാറ്റയും ഉദ്ധരിച്ചാണ് വാർത്ത പുറത്തുവന്നത്.
ഏപ്രിൽ ഒമ്പതിന് പേർഷ്യൻ ഗൾഫിന് സമീപത്തുവെച്ചാണ് ഡ്രോൺ തകർന്നത്. സുരക്ഷാ കാരണങ്ങളാൽ തകർന്ന സ്ഥലം വെളിപ്പെടുത്തിയിട്ടില്ല. നോർത്രോപ്പ് ഗ്രുമ്മൻ നിർമിച്ച ഈ ഡ്രോൺ അമേരിക്കൻ നാവികസേനയുടെ നിരീക്ഷണ സംവിധാനങ്ങളിലെ പ്രധാനിയാണ്. ഡ്രോണിന് ഏകദേശം 240 ദശലക്ഷം ഡോളറാണ് (2200 കോടി രൂപ) വില. ഇറാൻ സംഘർഷവുമായി ബന്ധപ്പെട്ട് അമേരിക്കക്കുണ്ടാകുന്ന ഏറ്റവും വലിയ നഷ്ടങ്ങളിലൊന്നാണിത്. കടലിനു മുകളിൽ നിരീക്ഷണം നടത്താൻ രൂപകൽപ്പന ചെയ്ത ഡ്രോണിന് 50,000 അടിയിലധികം ഉയരത്തിൽ 24 മണിക്കൂറിലേറെ തുടർച്ചയായി പറക്കാൻ കഴിയും.
അടിയന്തര സാഹചര്യത്തെ സൂചിപ്പിക്കുന്ന '7700' ഡിസ്ട്രസ്സ് കോഡ് അയച്ചതിന് പിന്നാലെ ഡ്രോൺ വേഗത്തിൽ താഴ്ന്നു പറന്നതായും റഡാറുകളിൽ നിന്ന് മറഞ്ഞതായും ഫ്ലൈറ്റ് ട്രാക്കിങ് ഡാറ്റ വ്യക്തമാക്കുന്നു. ഡ്രോൺ ഇറാൻ വെടിവെച്ചിട്ടതാണോ എന്ന കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണമില്ല. എന്നാൽ ഇറാൻ വ്യോമാതിർത്തിക്ക് സമീപത്ത് വെച്ചാണ് ഡ്രോൺ അപ്രത്യക്ഷമായത്.
അതിനിടെ, അനുമതിയില്ലാതെ ഹുർമുസ് കടലിടുക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ രണ്ടു കപ്പലുകൾ പിടിച്ചെടുത്തതിന്‍റെ ദൃശ്യങ്ങൾ ഇറാൻ റവലൂഷനറി ഗാർഡ് (ഐ.ആർ.ജി.സി) പുറത്തുവിട്ടു. ഹുർമുസിന്‍റെ സുരക്ഷ അപകടത്തിലാക്കുകയും നാവിഗേഷൻ സംവിധാനത്തിൽ കൃത്രിമം കാണിക്കുകയും ചെയ്തതിനാണ് കപ്പലുകൾ പിടിച്ചെടുത്തത്. ഇസ്രായേലുമായി ബന്ധമുള്ള പനാമയുടെ പതാകയേന്തിയ എം.എസ്.സി-ഫ്രാൻസിസ്ക, ലൈബീരിയൻ പതാകയുള്ള എപ്പാമിനോഡസ് എന്നീ ചരക്കു കപ്പലുകളാണ് ഇറാൻ പിടിച്ചെടുത്തത്. ഇതിൽ എപ്പാമിനോഡസ് ദുബൈയിലെ ജബെൽ അലിയിൽനിന്ന് ഗുജറാത്തിലെ മുദ്ര തുറമുഖത്തേക്ക് വരുന്നതാണ്.
അതേസമയം, യു.എസ് നിലപാടിലെ ഇരട്ടത്താപ്പിനെ രൂക്ഷമായി വിമർശിച്ച് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ രംഗത്തെത്തി. അമേരിക്കയുടെ ഭാഗത്തുനിന്നുള്ള ഭീഷണികളും നാവിക ഉപരോധവുമാണ് സമാധാന ചർച്ചകൾ പരാജയപ്പെടാൻ കാരണമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സമാധാന ചർച്ചകളെ ഇറാൻ എന്നും സ്വാഗതം ചെയ്തിട്ടുണ്ടെന്ന് വ്യക്തമാക്കിയ പെസെഷ്കിയാൻ, അമേരിക്കയുടെ ഇരട്ടത്താപ്പ് ലോകം കാണുന്നുണ്ടെന്നും എക്സിൽ കുറിച്ചു.
"ഇസ്‌ലാമിക് റിപ്പബ്ലിക് ഓഫ് ഇറാൻ എപ്പോഴും ചർച്ചകളെയും കരാറുകളെയും സ്വാഗതം ചെയ്തിട്ടുണ്ട്, അത് ഇപ്പോഴും തുടരുന്നു. കരാറുകൾ ലംഘിക്കുന്നതും, ഉപരോധങ്ങളും ഭീഷണികളുമാണ് യഥാർഥ ചർച്ചകൾക്ക് തടസ്സമാകുന്നത്. നിങ്ങളുടെ അവസാനമില്ലാത്ത കപടഭാഷണങ്ങളും വാഗ്ദാനങ്ങളും പ്രവർത്തികളും തമ്മിലുള്ള വൈരുദ്ധ്യവും ലോകം കണ്ടുകൊണ്ടിരിക്കുകയാണ് " -പെസെഷ്കിയാൻ എക്സിൽ പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.