തെൽ അവീവ്: ഹമാസ് തങ്ങളുടെ ആയുധങ്ങൾ പൂർണമായി നിരായുധീകരിക്കാൻ തയാറായാൽ മാത്രമേ ഗസ്സയിൽ നിന്ന് ഇസ്രായേൽ സൈന്യം പിന്മാറുകയുള്ളൂ എന്ന് യു.എസ് നേതൃത്വം നൽകുന്ന ബോർഡ് ഓഫ് പീസ് വ്യക്തമാക്കി. ബോർഡ് ഡയറക്ടർ നിക്കോളായ് മ്ലഡനോവും ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവും തമ്മിൽ നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമാണ് പ്രസ്താവന പുറത്തുവന്നത്. യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ച സമാധാന കരാറുമായി ബന്ധപ്പെട്ട് ഇസ്രായേൽ രാഷ്ട്രീയ നേതാക്കൾക്കിടയിൽ അതൃപ്തി നിലനിൽക്കുന്നതിനിടയിലാണ് വെസ്റ്റ് ജറുസലേമിൽ ബോർഡ് പ്രതിനിധിയുമായുള്ള കൂടിക്കാഴ്ച നടന്നത്.
ഇസ്രായേൽ സൈന്യം നിലയുറപ്പിച്ചിരിക്കുന്ന അതിർത്തിരേഖയായ ‘മഞ്ഞ രേഖ’ക്ക്(യെല്ലോ ലൈൻ) പിന്നിലേക്കുള്ള പിന്മാറ്റം, ഹമാസ് ആയുധങ്ങൾ പൂർണമായി ഉപേക്ഷിച്ചാൽ മാത്രമേ നടപ്പിലാകൂ എന്ന് ബോർഡ് ഓഫ് പീസ് സോഷ്യൽ മീഡിയ കുറിപ്പിൽ വ്യക്തമാക്കി. ചെറുതും വലുതുമായ ആയുധങ്ങളും തുരങ്കങ്ങളും ഇതിൽ ഉൾപ്പെടുമെന്നും അവർ കൂട്ടിച്ചേർത്തു. ഗസ്സയിലെ ആയുധങ്ങൾ പൂർണമായി നീക്കം ചെയ്യുക, തോക്കിൻ മുനയിലുള്ള ഭരണത്തിന് പകരം സിവിലിയൻ ഭരണം കൊണ്ടുവരിക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും ബോർഡ് വ്യക്തമാക്കി. എന്നാൽ, ഇസ്രായേൽ തങ്ങളുടെ ഭാഗത്തുനിന്നുള്ള വ്യവസ്ഥകൾ പാലിക്കാത്ത പക്ഷം കരാർ മുന്നോട്ടുപോകില്ലെന്ന് ഹമാസ് വ്യക്തമാക്കിയിട്ടുണ്ട്.
കൂടിക്കാഴ്ചക്കിടെ ഗസ്സക്ക് മേലുള്ള ആക്രമണങ്ങൾ അവസാനിപ്പിക്കാൻ മ്ലഡനോവ് നെതന്യാഹുവിനോട് ആവശ്യപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. ഹമാസ് ആയുധം ഉപേക്ഷിക്കുമെന്ന് പ്രഖ്യാപിച്ചതിന് ശേഷവും ഇസ്രായേൽ ഗസ്സയിലെ ആക്രമണങ്ങൾ തുടരുകയാണ്. കരാർ പ്രഖ്യാപിച്ചതിന് ശേഷം നിരവധി തവണ വ്യവസ്ഥകൾ ലംഘിക്കുകയും മാനുഷിക സഹായം തടഞ്ഞും വെടിവെപ്പിലൂടെയും വ്യോക്രമണത്തിലൂടെയും നിരവധി ഫലസ്തീനികൾ കൊല്ലപ്പെട്ടിട്ടുണ്ട്.
ഇതിനിടെ ഗസ്സയിൽ ആക്രമണം അവസാനിപ്പിക്കാൻ ധാരണയായിട്ടില്ലെന്ന് ഇസ്രായേൽ തീവ്ര വലതുപക്ഷ മന്ത്രിമാർ അറിയിക്കുകയും ചെയ്തിരുന്നു. തീവ്രവലതുപക്ഷ മന്ത്രിയായ ബെസലേൽ സ്മോട്രിച്ച്, ഇതാമർ ബെൻ ഗ്വിർ, എലി കോഹൻ ഉൾപ്പെടെയുള്ളവർ കരാറിനെതിരെ രംഗത്തുവന്നിട്ടുണ്ട്. വരാനിരിക്കുന്ന ഇസ്രായേൽ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ഗസ്സയിൽ പൂർണ വിജയം നേടണമെന്ന സമ്മർദത്തിലാണ് നിലവിലെ സർക്കാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.