ഇത് അമേരിക്കയുടെ ചെലവിൽ, പ്രസിഡന്റിന്റെ ആശീർവാദത്തോടെയുള്ള വംശഹത്യ -നിഹാദ് അവദ്

ന്യൂയോർക്ക്: അമേരിക്കയുടെ ചെലവിൽ, അമേരിക്കൻ പ്രസിഡന്റിന്റെ ആശീർവാദത്തോടെയും അംഗീകാരത്തോടെയുമുള്ള വംശഹത്യയാണ് ഗസ്സയിൽ ഇപ്പോൾ നടക്കുന്നതെന്ന് യു.എസ് മുസ്‍ലിം നേതാവ് നിഹാദ് അവദ്. ‘അമേരിക്കയുടെ പേരിലുള്ള വംശഹത്യയാണ് ഇപ്പോൾ നടക്കുന്നത്. അമേരിക്കൻ ആയുധങ്ങൾ കൊണ്ട്, അമേരിക്കൻ നികുതിദായകരുടെ പണം​കൊണ്ട്, പ്രസിഡന്റിന്റെ പ്രോത്സാഹനത്തോടും അംഗീകാരത്തോടും കൂടിയുള്ള വംശഹത്യ’ -കൗൺസിൽ ഓൺ അമേരിക്കൻ-ഇസ്‌ലാമിക് റിലേഷൻസ് തലവൻ നിഹാദ് അവദ് പറഞ്ഞു.

വാർത്താവിനിമയം, വൈദ്യുതി, വെള്ളം, ഭക്ഷണം, മരുന്ന്, ദുരിതാശ്വാസ സാമഗ്രികൾ എന്നിവ വിച്ഛേദിച്ച ശേഷമാണ് ഇസ്രായേൽ ഗാസയിൽ കാർപെറ്റ് ബോംബിങ് നടത്തുന്നതെന്നും നിഹാദ് ചൂണ്ടിക്കാട്ടി.

അതിനി​ടെ, ഗസ്സയിലെ ഇസ്രായേൽ കൂട്ടക്കുരുതിക്കെതിരെ വൻ പ്രതിഷേധമാണ് ലോകവ്യാപകമായി ഉയരുന്നത്. വെടിനിർത്തൽ ആവശ്യപ്പെട്ട് ന്യൂയോർക്കിലെ നൂറുകണക്കിന് ജൂതമത വിശ്വാസികൾ ഗ്രാൻഡ് സെൻട്രൽ സ്റ്റേഷനിൽ പ്രതിഷേധം സംഘടിപ്പിച്ചു. ഫലസ്തീനികൾക്ക് മോചനം നൽകാനും ഗസ്സയിലെ ബോംബാക്രമണം അവസാനിപ്പിക്കാനും ആഹ്വാനം ചെയ്യുന്ന ബാനറുകൾ ഉയർത്തി. ഇന്നലെ രാത്രി ഗസ്സയിൽ ഇസ്രായേൽ സൈന്യം വ്യോമ, കര, നാവിക ആക്രമണം ശക്തമാക്കിയ വിവരം പുറത്തുവന്ന് മണിക്കൂറുകൾക്കകമാണ് ന്യൂയോർക്കിൽ പ്രതിഷേധ റാലി നടന്നത്.

‘ഉടൻ വെടിനിർത്തൂ’, ‘നമ്മുടെ പേരിൽ വേണ്ട’ തുടങ്ങിയ മുദ്രാവാക്യങ്ങൾ എഴുതിയ കറുത്ത ടീ ഷർട്ടുകൾ ധരിച്ചാണ് ഇവർ എത്തിയത്. “ഇനി ആയുധങ്ങളൊന്നും വേണ്ട. ഇനി യുദ്ധം വേണ്ട. വെടിനിർത്തലിന് വേണ്ടിയാണ് ഞങ്ങൾ പോരാടുന്നത്” എന്ന മുദ്രാവാക്യം അലയടിച്ചു. ടെർമിനലിൽ യുദ്ധവിരുദ്ധ ബാനറുകൾ കെട്ടി.

പ്രതിഷേധത്തെ തുടർന്ന് ഗ്രാൻഡ് സെൻട്രൽ സ്റ്റേഷൻ താൽക്കാലികമായി അടച്ചുപൂട്ടിയതായി മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ടേഷൻ അതോറിറ്റി പ്രഖ്യാപിച്ചു. ഡസൻ കണക്കിന് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കി. പ്രകടനം സംഘടിപ്പിച്ച ജ്യൂവിഷ് വോയ്‌സ് ഫോർ പീസ് (ജെ.വി.പി) എന്ന സംഘടന നൂറുകണക്കിന് പ്രതിഷേധക്കാരുടെ ചിത്രങ്ങളും വിഡിയോകളും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു.

Tags:    
News Summary - US Muslim leader highlights Biden’s ‘encouragement and approval’ of Israeli attacks

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.