വ്ലാദിമിർ പുടിൻ, നരേന്ദ്ര മോദി
യുഎൻ രക്ഷാസമിതി പരിഷ്കരണം: ഇന്ത്യയുടെ സ്ഥിരാംഗത്വത്തെ പിന്തുണച്ച് റഷ്യയും മൊറീഷ്യസും പോർച്ചുഗലും
ന്യൂയോർക്ക്: ഐക്യരാഷ്ട്രസഭാ രക്ഷാസമിതിയിൽ (യു.എൻ.എസ്.സി) ഇന്ത്യക്ക് സ്ഥിരാംഗത്വം നൽകണമെന്ന ആവശ്യത്തിന് ശക്തമായ പിന്തുണയുമായി റഷ്യ. എന്നാൽ ജർമനി, ജപ്പാൻ തുടങ്ങിയ പടിഞ്ഞാറൻ രാജ്യങ്ങൾക്ക് രക്ഷാസമിതിയിൽ കൂടുതൽ സ്ഥിരാംഗത്വം അനുവദിക്കുന്നതിനെ മോസ്കോ ശക്തമായി എതിർത്തു. ന്യൂയോർക്കിൽ നടക്കുന്ന യുഎൻ പൊതുസഭാ സമ്മേളനത്തിൽ (യു.എൻ.ജി.എ) സംസാരിക്കവെ റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവാണ് ഇക്കാര്യം വ്യക്തമാക്കിയത്.
രക്ഷാസമിതിയിലെ നിലവിലെ സ്ഥിരാംഗങ്ങളുടെ സവിശേഷാധികാരങ്ങൾ നിലനിർത്തിക്കൊണ്ടുതന്നെ ഏഷ്യ, ആഫ്രിക്ക, ലാറ്റിൻ അമേരിക്കൻ രാജ്യങ്ങൾക്ക് കൂടുതൽ പ്രാതിനിധ്യം നൽകുന്ന തരത്തിലാകണം പരിഷ്കാരങ്ങൾ കൊണ്ടുവരേണ്ടതെന്ന് ലാവ്‌റോവ് നിർദ്ദേശിച്ചു. 'യുഎൻ രക്ഷാസമിതി പരിഷ്കരണം പടിഞ്ഞാറൻ രാജ്യങ്ങൾക്ക് കൂടുതൽ സീറ്റുകൾ നൽകുന്നതാകരുത്; പ്രത്യേകിച്ചും സൈനികവൽക്കരണത്തിന്റെയും പ്രതികാര രാഷ്ട്രീയത്തിന്റെയും പാതയിലുള്ള ജർമനിക്കും ജപ്പാനും പുതിയ സ്ഥിരാംഗത്വം നൽകാനേ കഴിയില്ല,' ലാവ്‌റോവ് തുറന്നടിച്ചു. ഇന്ത്യയ്ക്കും ബ്രസീലിനും സ്ഥിരാംഗത്വം നൽകുന്നതിനെ റഷ്യ പൂർണമായി അനുകൂലിക്കുന്നുവെന്നും ഒപ്പം ആഫ്രിക്കൻ ഭൂഖണ്ഡത്തിന്റെ താല്പര്യങ്ങൾ സംരക്ഷിക്കപ്പെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇന്ത്യയുടെ സ്ഥിരാംഗത്വ ആവശ്യത്തെ പിന്തുണച്ച് മറ്റ് നിരവധി ലോകരാജ്യങ്ങളും രംഗത്തെത്തിയിട്ടുണ്ട്. ആഗോളതലത്തിൽ ഇന്ത്യ വഹിക്കുന്ന ക്രിയാത്മകമായ പങ്ക് കണക്കിലെടുത്ത് ഇന്ത്യക്ക് രക്ഷാസമിതിയിൽ സ്ഥിരാംഗത്വം നൽകണമെന്ന് മൊറീഷ്യസ് വിദേശകാര്യ മന്ത്രി ധനഞ്ജയ് രാംഫൂൽ ആവശ്യപ്പെട്ടു. ജി4, എൽ69 ഗ്രൂപ്പുകളുടെ നിലപാടുകളെ മൊറീഷ്യസ് പിന്തുണയ്ക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. ആഫ്രിക്ക, ബ്രസീൽ, ഇന്ത്യ എന്നീ രാജ്യങ്ങൾക്ക് സ്ഥിരാംഗത്വം നൽകി രക്ഷാസമിതിയെ കൂടുതൽ പ്രാതിനിധ്യമുള്ളതാക്കി മാറ്റണമെന്ന് പോർച്ചുഗീസ് പ്രധാനമന്ത്രി ലൂയിസ് മോണ്ടിനെഗ്രോ ആവശ്യപ്പെട്ടു. ജപ്പാനും ജി4 സഖ്യരാജ്യങ്ങൾക്കും മാർഷൽ ഐലൻഡ്സും പിന്തുണ പ്രഖ്യാപിച്ചു.
ഇന്നത്തെ ആഗോള യാഥാർത്ഥ്യങ്ങളെ ഉൾക്കൊണ്ട് രക്ഷാസമിതി ഉടൻ പുനഃസംഘടിപ്പിക്കണമെന്ന് ജാപ്പനീസ് പ്രധാനമന്ത്രി സനായെ തകൈച്ചി ആവശ്യപ്പെട്ടു. 160 കോടിയിലധികം ജനസംഖ്യയുള്ള ആഫ്രിക്കൻ ഭൂഖണ്ഡത്തിന് ഇന്നും സ്ഥിരാംഗത്വം ലഭിച്ചിട്ടില്ലെന്നും രക്ഷാസമിതി ഇന്നും 1945-ലെ ലോകത്തെയാണ് പ്രതിഫലിപ്പിക്കുന്നതെന്നും സിയറ ലിയോൺ പ്രസിഡന്റ് ജൂലിയസ് മാഡ ബയോ വിമർശിച്ചു. നിലവിൽ യുഎസ്, റഷ്യ, ചൈന, ബ്രിട്ടൻ, ഫ്രാൻസ് എന്നീ അഞ്ച് രാജ്യങ്ങളാണ് വീറ്റോ അധികാരമുള്ള സ്ഥിരാംഗങ്ങൾ. മറ്റ് പത്ത് രാജ്യങ്ങൾ രണ്ട് വർഷത്തെ കാലാവധിയിലാണ് താൽക്കാലിക അംഗങ്ങളാകുന്നത്. യുഎൻ ചാർട്ടർ പ്രകാരം രക്ഷാസമിതി ഘടനയിൽ മാറ്റം വരുത്താൻ പൊതുസഭയുടെ മൂന്നിൽ രണ്ട് ഭൂരിപക്ഷവും അഞ്ച് സ്ഥിരാംഗങ്ങൾ ഉൾപ്പെടെ മൂന്നിൽ രണ്ട് രാജ്യങ്ങളുടെ അംഗീകാരവും ആവശ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.