മാധ്യമങ്ങളെ നിരീക്ഷിക്കാൻ നെതന്യാഹുവിന്റെ ഉപദേഷ്ടാവ് നിർമ്മിച്ച എഐ ടൂൾ 'തിരിച്ചുകൊത്തി'; ഉന്നതരുടെ വിവരങ്ങളെല്ലാം പരസ്യമായി ചോർന്നു
ജെറുസലേം: ഇസ്രായേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന്റെ മുതിർന്ന ഉപദേഷ്ടാവ് മാധ്യമങ്ങളെ നിരീക്ഷിക്കുന്നതിനായി വികസിപ്പിച്ച കൃത്രിമ ബുദ്ധി ടൂളിൽ ഗുരുതരമായ സുരക്ഷാ വീഴ്ച. നെതന്യാഹുവിനെയും കുടുംബത്തെയും രാഷ്ട്രീയ എതിരാളികളെയും കുറിച്ചുള്ള മാധ്യമ റിപ്പോർട്ടുകൾ പരിശോധിക്കുന്നതിനായി നിർമ്മിച്ച ടൂൾ യാതൊരു സുരക്ഷാ ക്രമീകരണവുമില്ലാതെ ഗിറ്റ്‌ഹബ്ബിൽ പരസ്യമായി ലഭ്യമാക്കിയതാണ് വൻ വിവാദത്തിനും സുരക്ഷാ പ്രതിസന്ധിക്കും കാരണമായിരിക്കുന്നത്. പ്രമുഖ ഇസ്രായേലി പത്രമായ 'ഹാറെറ്റ്സ്' ആണ് വിവരം പുറത്തുകൊണ്ടുവന്നത്.
കഴിഞ്ഞ സെപ്റ്റംബർ 1 മുതൽ നിരന്തരം പ്രവർത്തിച്ചുകൊണ്ടിരുന്ന എഐ ടൂൾ വ്യാഴാഴ്ചയ്ക്കകം 19,000-ത്തിലധികം മാധ്യമ റിപ്പോർട്ടുകളാണ് സ്കാൻ ചെയ്തത്. ഇസ്രായേലിലെ പ്രമുഖ വാർത്താ വെബ്‌സൈറ്റുകൾ, ദി ടൈംസ് ഓഫ് ഇസ്രായേൽ, വിവിധ മാധ്യമപ്രവർത്തകരുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ, ടെലഗ്രാമിലെ പ്രശസ്തമായ 'അബു അലി എക്സ്പ്രസ്' ചാനൽ തുടങ്ങിയവയെല്ലാം ഈ ടൂൾ നിരീക്ഷണ വിധേയമാക്കിയിരുന്നു. നെതന്യാഹു, അദ്ദേഹത്തിന്റെ ഭാര്യ, രാഷ്ട്രീയ എതിരാളികളായ ഗാഡി ഐസൻകോട്ട്, യായർ ഗോളൻ, നഫ്താലി ബെനറ്റ്, യായർ ലാപിഡ്, അവിഗ്‌ഡോർ ലിബർമാൻ തുടങ്ങിയ പ്രമുഖരുടെ പേരുകളും ഇസ്രായേലിലെ പ്രധാന രാഷ്ട്രീയ പാർട്ടികളുടെ പേരുകളും ടൂൾ കീവേർഡുകളായി ഉപയോഗിച്ച് നിരന്തരം നിരീക്ഷിച്ചിരുന്നു.
വിവിധ മാധ്യമങ്ങളിൽ വരുന്ന വാർത്തകൾക്ക് പ്രാധാന്യത്തിന്റെ അടിസ്ഥാനത്തിൽ പ്രത്യേക സ്കോർ നൽകുകയും, ചാനൽ 12, വൈനെറ്റ് (Ynet), കാൻ (Kan) തുടങ്ങിയ മുഖ്യധാരാ മാധ്യമങ്ങൾക്ക് മുൻഗണന നൽകുകയും ചെയ്തിരുന്നു. എന്നാൽ പ്രോ-നെതന്യാു ചാനലായ ചാനൽ 14-ന് ഇതിൽ കുറഞ്ഞ പ്രാധാന്യമേ നൽകിയിരുന്നുള്ളൂ. ഇസ്രായേലി മാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കുന്ന മുഴുവൻ തെരഞ്ഞെടുപ്പ് സർവേകളും ടൂൾ നിരീക്ഷിക്കുകയും, അതിന്റെ സംഗ്രഹങ്ങൾ ടൂളുമായി ബന്ധിപ്പിച്ചിട്ടുള്ള വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് അയക്കുകയും ചെയ്യുന്ന രീതിയിലാണ് ഇത് പ്രോഗ്രാം ചെയ്തിരുന്നത്. മാധ്യമങ്ങളുടെ വാർത്തകൾക്ക് എങ്ങനെ പ്രതികരിക്കണം എന്നതിനുള്ള നിർദ്ദേശങ്ങളും എഐ ടൂൾ നൽകിയിരുന്നു. "പ്രതികരിക്കേണ്ട ഓരോ വാർത്തയെയും കൃത്യമായ ഒരു വാചകത്തിൽ തയ്യാറാക്കുക, എന്തുകൊണ്ട് അത് പ്രധാനമാണെന്ന് ഒരു വാചകത്തിൽ വ്യക്തമാക്കുക, എങ്ങനെ പ്രതികരിക്കണം എന്ന് തീരുമാനിക്കുക" തുടങ്ങിയ പ്രോംപ്റ്റുകൾ ഗിറ്റ്‌ഹബ്ബിൽ ലഭ്യമായിരുന്നു.
എന്നാൽ, ഈ ടൂളിന്റെ കോഡിംഗ് വിവരങ്ങളും ഡാറ്റയും ഗിറ്റ്‌ഹബ്ബിൽ യാതൊരു നിയന്ത്രണവുമില്ലാതെ പരസ്യമായി കിടന്നത് രാജ്യത്തെ ഉന്നത ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയ നേതാക്കളുടെയും ഫോൺ നമ്പറുകളും മറ്റ് സുരക്ഷാ വിവരങ്ങളും പൊതുജനങ്ങൾക്ക് ദൃശ്യമാകുന്നതിന് കാരണമായി. 'ഹാറെറ്റ്സ്' ഈ വിഷയം ചൂണ്ടിക്കാണിച്ചതിനെ തുടർന്നാണ് ഉറിച് തന്റെ ഗിറ്റ്‌ഹബ്ബ് അക്കൗണ്ട് നിയന്ത്രിതമാക്കുകയും ടൂൾ പൊതുസ്ഥലത്തുനിന്ന് നീക്കം ചെയ്യുകയും ചെയ്തത്. കൂടാതെ, ഈ സോഫ്റ്റ്‌വെയറിലെ പ്രധാനപ്പെട്ട ഒരു ഘടകം തകരാറിലായിരുന്നുവെന്നും നിരവധി സാങ്കേതിക തകരാറുകൾ ഇതിലുണ്ടായിരുന്നുവെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
നെതന്യാഹുവിന്റെ വിശ്വസ്തനായ ഉപദേഷ്ടാവ് ജോനാതൻ ഉറിച് ഇതിനോടകം തന്നെ നിരവധി നിയമപ്രശ്നങ്ങളിൽ ഉൾപ്പെട്ടിട്ടുള്ള വ്യക്തിയാണ്. രാജ്യസുരക്ഷയെ ബാധിക്കുന്ന രീതിയിൽ രേഖകൾ ചോർത്തി നൽകിയ കേസിൽ ജൂൺ 11-ന് അദ്ദേഹത്തിനെതിരെ കുറ്റപത്രം സമർപ്പിച്ചിരുന്നു. 2024 സെപ്റ്റംബറിൽ ഐ.ഡി.എഫ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ രേഖകൾ ജർമ്മൻ മാധ്യമമായ 'ബിൽഡ്' (Bild) പത്രത്തിന് ചോർത്തി നൽകിയ സംഭവത്തിലാണ് നടപടി. അതേസമയം, ഗസ്സയിലെ ബന്ദികളെ മോചിപ്പിക്കുന്നതിനുള്ള കരാറുകൾക്ക് തടസ്സം നിൽക്കുന്നത് പ്രധാനമന്ത്രിയല്ല, മറിച്ച് ഹമാസാണെന്ന് വരുത്തിതീർക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ഈ രേഖകൾ ചോർത്തിയത് എന്നാണ് ആരോപണം. നെതന്യാഹു സർക്കാരിനും അദ്ദേഹത്തിന്റെ ഏറ്റവും അടുത്ത ഉപദേഷ്ടാക്കൾക്കും വലിയ തോതിലുള്ള രാഷ്ട്രീയ തിരിച്ചടിയാണ് സൃഷ്ടിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.