നെതന്യാഹുവിന്റെ ഖത്തർ വിരുദ്ധ പരാമർശം: പ്രതികരണവുമായി യു.എസ്​

വാഷിങ്ടൺ: ഖത്തറിനെതിരായ ഇസ്രായേൽ പ്രധാനമ​ന്ത്രി ബിന്യമിൻ നെതന്യാഹുവിന്റെ അധിക്ഷേപത്തിൽ പ്രതികരണവുമായി അമേരിക്ക. ഗസ്സ വിഷയത്തിൽ മധ്യസ്ഥത വഹിക്കുന്നതിൽ ഖത്തറിന് അനി​േഷധ്യമായ പങ്കുള്ളതായി യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെൻ്റ് വക്താവ് വേദാന്ത് പട്ടേൽ പറഞ്ഞു.

‘ഇസ്രയേൽ -ഹമാസ് യുദ്ധം അവസാനിപ്പിക്കാൻ മധ്യസ്ഥത വഹിക്കുന്നവരിൽ പകരം വെക്കാനാവാത്ത അവിഭാജ്യ സ്ഥാനമാണ് ഖത്തറിനുള്ളത്. യു.എസിന്റെ സുപ്രധാന പ്രാദേശിക പങ്കാളിയാണ് ഖത്തർ” -അദ്ദേഹം പറഞ്ഞു.

ഇസ്രയേലിനും ഹമാസിനും ഇടയിൽ മധ്യസ്ഥനായി പ്രവർത്തിക്കുന്ന ഖത്തർ പ്രശ്‌നക്കാരാണെന്ന നെതന്യാഹുവിന്റെ പരാമർശത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടിയായാണ് പട്ടേലിൻ്റെ വിശദീകരണം. ‘എന്റെ കാഴ്ചപ്പാടിൽ, ഐക്യരാഷ്ട്രസഭയെയും റെഡ് ക്രോസിനെയും പോലെയാണ് ഖത്തറും. എന്നുമാത്രമല്ല, ഖത്തർ അവരേക്കാൾ കൂടുതൽ പ്രശ്‌നക്കാരാണ്’ എന്നാണ് ബന്ദികളുടെ ബന്ധുക്കളോട് സംസാരിക്കവേ നെതന്യാഹു പറഞ്ഞത്. ഇതിന്റെ ശബ്ദരേഖ ‘ചാനൽ 12’ പുറത്തുവിട്ടിരുന്നു. ഹമാസ് നേതാക്കൾക്ക് ആതിഥേയത്വം വഹിക്കുന്ന ഖത്തറിനുമേൽ അമേരിക്ക കൂടുതൽ സമ്മർദ്ദം ചെലുത്താത്തതിൽ താൻ നിരാശനാണെന്നും നെതന്യാഹു തുടർന്ന് പറയുന്നുണ്ട്.

“എനിക്ക് ഖത്തറിനെകുറിച്ച് മിഥ്യാധാരണകളൊന്നുമില്ല. അവർക്ക് ഹമാസിനുമേൽ സ്വാധീനമുണ്ട്... കാരണം ഖത്തർ അവർക്ക് ഫണ്ട് നൽകുന്നു. ഖത്തറിലെ യുഎസ് സൈനിക സാന്നിധ്യം 10 വർഷത്തേക്ക് കൂടി നീട്ടാനുള്ള കരാർ പുതുക്കിയതിന് എനിക്ക് അമേരിക്കയോട് അടുത്തിടെ ദേഷ്യം തോന്നി” -എന്നും നെതന്യാഹു പറയുന്നതായതി ചാനൽ 12 റിപ്പോർട്ട് ചെയ്തു.

ഇതിനുപിന്നാലെ, ബന്ദിമോചനത്തിൽ നിർണായക പങ്കുവഹിച്ച ഖത്തറിനെ ഇത്തരത്തിൽ അധിക്ഷേപിച്ചത് ബാക്കി ബന്ദികളുടെ മോചനത്തെ കൂടി ദോഷകരമായി ബാധിക്കുമെന്ന മുന്നറിയിപ്പുമായി ഖത്തർ വിദേശകാര്യ മന്ത്രാലയം രംഗത്തെത്തിയിരുന്നു. പരാമർശങ്ങളിൽ അമ്പരപ്പ് പ്രകടിപ്പിച്ച ഖത്തർ വിദേശകാര്യ മന്ത്രാലയ വക്താവ് മജീദ് അൽ അൻസാരി, നിരപരാധികളുടെ ജീവൻ രക്ഷിക്കാനുള്ള ശ്രമങ്ങൾക്ക് ഈ പ്രസ്താവന വിഘാതം സൃഷ്ടിക്കുമെന്ന് ചൂണ്ടിക്കാട്ടി. ‘നിരുത്തരവാദപരവും വിനാശകരവുമായ പ്രസ്താവനയാണിത്. എന്നാൽ, ​(നെതന്യാഹു) ഇങ്ങനെ പറയുന്നതിൽ അതിശയിക്കാനില്ല” -അദ്ദേഹം ട്വീറ്റ് ചെയ്തു. ‘(ചാനൽ 12 പുറത്തുവിട്ട) പരാമർശങ്ങൾ ശരിയാണെങ്കിൽ ഇസ്രായേലി ബന്ദികൾ ഉൾപ്പെടെയുള്ള നിരപരാധികളുടെ ജീവൻ രക്ഷിക്കുന്നതിന് മുൻഗണന നൽകുന്നതിനുപകരം തന്റെ രാഷ്ട്രീയ നേട്ടത്തിന് മുൻഗണന നൽകുകയാണ് ഇസ്രായേൽ പ്രധാനമന്ത്രി ചെയ്യുന്നത്. ഇതിനായി മധ്യസ്ഥ പ്രക്രിയയെ (നെതന്യാഹു) തടസ്സപ്പെടുത്തുകയും തുരങ്കം വയ്ക്കുകയും ചെയ്യുന്നു" -മജീദ് അൽ അൻസാരി എഴുതി.

‘നൂറിലധികം ബന്ദികളെ വിജയകരമായി മോചിപ്പിച്ചതിന് പിന്നാലെ ബാക്കിയുള്ള ബന്ദികളുടെ മോചനത്തിനും ഗസ്സയിൽ മാനുഷിക സഹായം എത്തിക്കുന്നതിനും ഉടമ്പടി ഉണ്ടാക്കാൻ മാസങ്ങളായി ഇസ്രായേൽ ഉൾപ്പെടെയുള്ള കക്ഷികളുമായി ഖത്തർ നിരന്തര ചർച്ചയിലാണ്. റിപ്പോർട്ട് ചെയ്യപ്പെട്ട പരാമർശങ്ങൾ ശരിയാണെങ്കിൽ, ഇസ്രായേൽ പ്രധാനമന്ത്രി മധ്യസ്ഥ പ്രക്രിയയെ തടസ്സപ്പെടുത്തുകയും തുരങ്കം വയ്ക്കുകയുമാണ് ചെയ്യുന്നത്. ഇസ്രായേൽ ബന്ദികൾ ഉൾപ്പെടെയുള്ള നിരപരാധികളുടെ ജീവൻ രക്ഷിക്കുന്നതിന് മുൻഗണന നൽകുന്നതിന് പകരം തന്റെ രാഷ്ട്രീയ നേട്ടത്തിനാണ് (നെതന്യാഹു) മുൻഗണന നൽകുന്നത്. അമേരിക്കയുമായുള്ള ഖത്തറിന്റെ തന്ത്രപ്രധാനമായ ബന്ധത്തെക്കുറിച്ച് ആശങ്കപ്പെടുന്നതിനുപകരം, ബന്ദികളെ മോചിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ നെതന്യാഹു തീരുമാനിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു’ -ട്വീറ്റിൽ വ്യക്തമാക്കി.

Tags:    
News Summary - US lauds Qatar’s ‘irreplaceable’ role in Gaza mediation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.