സുന്ദർ പിച്ചെ

ഗൂഗ്ളിൽ വൻ നേതൃമാറ്റം; ജെഫ് ഡീൻ പടിയിറങ്ങി, ഡെമിസ് ഹസാബിസിന് പുതിയ പദവി

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ) രംഗത്തെ തന്ത്രപരമായ മുന്നേറ്റങ്ങൾ ലക്ഷ്യമിട്ട് ഗൂഗ്ളിൽ വൻ അഴിച്ചുപണി. സി.ഇ.ഒ സുന്ദർ പിച്ചെ ജീവനക്കാർക്ക് അയച്ച ഇമെയിൽ സന്ദേശത്തിലൂടെയാണ് സുപ്രധാന പ്രഖ്യാപനങ്ങൾ പുറത്തുവന്നത്. ഗൂഗ്‌ൾ ഡീപ്‌മൈൻഡ് സഹസ്ഥാപകനായ ഡെമിസ് ഹസാബിസ് ഗൂഗ്‌ൾ ഡീപ്‌മൈൻഡിന്റെ പുതിയ ചെയർമാനും ആൽഫബെറ്റിന്റെ ചീഫ് സയന്റിസ്റ്റുമായി നിയമിതനായി. ആർട്ടിഫിഷ്യൽ ജനറൽ ഇന്റലിജൻസിന്റെ (എ.ജി.ഐ) ഭാവി രൂപപ്പെടുത്തുന്നതിലും സയൻസ് ഗവേഷണങ്ങളിലുമായിരിക്കും ഇദ്ദേഹം ഇനി പൂർണ ശ്രദ്ധ കേന്ദ്രീകരിക്കുക. ഒപ്പം ഐസോമോർഫിക് ലാബ്‌സിന്റെ (Isomorphic Labs) നേതൃത്വവും തുടരും.

ഗൂഗ്‌ൾ ഡീപ്‌മൈൻഡിന്റെ പുതിയ സീനിയർ വൈസ് പ്രസിഡന്റായി (എസ്.വി.പി) കൊറേ കാവുക്ചുഓഗ്‌ലുവിന് (Koray Kavukcuoglu) സ്ഥാനക്കയറ്റം ലഭിച്ചു. ജെമിനി മോഡൽ വികസനം, ഫ്രോണ്ടിയർ എ.ഐ ഗവേഷണം, ജെമിനി ആപ്പ് എന്നിവയുടെ പ്രവർത്തനം ഇനി ഇദ്ദേഹത്തിന്റെ മേൽനോട്ടത്തിലായിരിക്കും. അതേസമയം, ഗൂഗ്ളിൽ 27 വർഷത്തെ സേവനത്തിന് ശേഷം ജെഫ് ഡീനും ഗൂഗ്‌ൾ സീനിയർ ഫെലോ സഞ്ജയ് ഘെമാവത്തും കമ്പനി വിടും. മെഷീൻ ലേണിങ്, സയൻസ്, എൻജിനീയറിങ് രംഗങ്ങളിലെ മുന്നേറ്റങ്ങൾക്കായി 'ഡിസ്കവറി ലൂപ്പ്' (Discovery Loop) എന്ന പുതിയ സ്വതന്ത്ര പബ്ലിക് ബെനിഫിറ്റ് കോർപ്പറേഷൻ ഇവരുടെ നേതൃത്വത്തിൽ ആരംഭിക്കുന്നുണ്ട്.

ജീവനക്കാർക്ക് അയച്ച സന്ദേശത്തിൽ കമ്പനിയുടെ എഐ പുരോഗതിയെ സുന്ദർ പിച്ചെ അഭിനന്ദിച്ചു. ജെമിനി ആപ്പിന് പ്രതിമാസം 950 ദശലക്ഷത്തിലധികം (950M+) ഉപയോക്താക്കളുണ്ടെന്നും, ജെമ്മാ (Gemma) മോഡലുകൾ 900 ദശലക്ഷത്തിലധികം ഡൗൺലോഡുകൾ പിന്നിട്ടതായും അദ്ദേഹം വ്യക്തമാക്കി. ഫ്ലാഷ് മോഡലുകൾക്കും സൈബർ മോഡലുകൾക്കും വിപണിയിൽ വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. സെർച്ച്, യൂട്യൂബ്, ക്ലൗഡ് തുടങ്ങിയ എല്ലാ പ്രധാന ബിസിനസ്സ് മേഖലകളിലും ഗൂഗ്‌ൾ മികച്ച വളർച്ചയാണ് കൈവരിക്കുന്നതെന്ന് കത്തിൽ സൂചിപ്പിക്കുന്നുണ്ട്.

ഗൂഗ്ളിന്റെ ആദ്യകാല സെർച്ച് ഇൻഫ്രാസ്ട്രക്ചർ മുതൽ ആധുനിക എഐ യുഗത്തിന് അടിത്തറയിട്ട ന്യൂറൽ നെറ്റ്‌വർക്കുകൾ വരെ നിർമിക്കുന്നതിൽ നിർണായക പങ്കുവഹിച്ച പ്രതിഭകളാണ് ജെഫ് ഡീനും സഞ്ജയ് ഘെമാവത്തും. ഗൂഗ്‌ൾ ഫയൽ സിസ്റ്റം (ജി.എഫ്.എസ്), മാപ്‌റെഡ്യൂസ് (MapReduce), ടെൻസർഫ്ലോ (TensorFlow) തുടങ്ങിയ സുപ്രധാന സാങ്കേതികവിദ്യകൾക്ക് പിന്നിൽ ഇവരുടെ കഠിനാധ്വാനമുണ്ട്. ഗൂഗ്ളിൽ നിന്ന് പടിയിറങ്ങി ഇവർ ആരംഭിക്കുന്ന 'ഡിസ്കവറി ലൂപ്പ്' എന്ന സ്റ്റാർട്ടപ്പിന് ഗൂഗ്‌ൾ ഒരു സ്ഥാപക നിക്ഷേപകനും ക്ലൗഡ് പങ്കാളിയുമായി ഒപ്പം നിൽക്കുന്നുണ്ട്. കൂടാതെ ഖോസ്ല വെഞ്ചേഴ്സ് ഉൾപ്പെടെയുള്ള പ്രമുഖ വെഞ്ചർ കാപ്പിറ്റൽ സ്ഥാപനങ്ങളും ഇതിൽ നിക്ഷേപം നടത്തുന്നുണ്ട് എന്നാണ് ലഭ്യമായ വിവരം.

2023ൽ ഗൂഗിൾ ബ്രെയിനും ഡീപ്‌മൈൻഡും ഒരൊറ്റ യൂനിറ്റായി ലയിപ്പിച്ചതിന് ശേഷമുള്ള ഏറ്റവും വലിയ എഐ നേതൃമാറ്റമാണിത്. ആഗോള എഐ മത്സരത്തിൽ മുൻനിര നിലനിർത്താനും ഭാവിയിലെ എഐ ഉൽപ്പന്നങ്ങൾ വേഗത്തിലാക്കാനും ലക്ഷ്യമിട്ടാണ് ഗൂഗ്ളിന്റെ ഈ തന്ത്രപരമായ പുനഃസംഘടന.

Tags:    
News Summary - ഗൂഗ്ളിൽ വൻ നേതൃമാറ്റം; ജെഫ് ഡീൻ പടിയിറങ്ങി, ഡെമിസ് ഹസാബിസിന് പുതിയ പദവി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.