മഹ്മൂദ് ഖലീൽ
അരിസോണ: ഗസ്സയിലെ ഇസ്രായേൽ അധിനിവേശത്തിനെതിരായി കൊളംബിയൻ സർവകലാശാല കേന്ദ്രീകരിച്ച് പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകിയ ഫലസ്തീൻ അനുകൂല ആക്ടിവിസ്റ്റ് മഹ്മൂദ് ഖലീലിനെ നാടുകടത്താൻ യു.എസ്.
ഖലീലിനെ അൾജീരിയയിലേക്കോ സിറിയയിലേക്കോ നാടുകടത്തണമെന്ന് യു.എസ് ഇമിഗ്രേഷൻ ജഡ്ജി കോമാൻസ് സെപ്റ്റംബർ 12 ന് പുറപ്പെടുവിച്ച വിധിയിൽ പറഞ്ഞു. യു.എസിൽ സ്ഥിരതാമസത്തിനുള്ള അപേക്ഷയിൽ പ്രധാന വിവരങ്ങൾ മറച്ചുവെച്ചുവെന്ന് ആരോപിച്ചാണ് നടപടി. നാടുകടത്തപ്പെട്ടാൽ തന്റെ പ്രവർത്തനങ്ങളുടെ പേരിൽ ഇസ്രായേൽ തന്നെ അപായപ്പെടുത്തുമെന്ന് ഖലീൽ കോടതിയെ ആശങ്കയറിയിച്ചു. എന്നാൽ, കോടതി ഇത് പരിഗണിക്കാൻ തയ്യാറായില്ല. സിറിയൻ സ്വദേശിയും ഫലസ്തീൻ വംശജനായ അൾജീരിയൻ പൗരനുമാണ് ഖലീൽ.
ഐക്യരാഷ്ട്രസഭയുടെ ഫലസ്തീൻ അഭയാർത്ഥികൾക്കായുള്ള ഏജൻസിയുമായും ഇസ്രായേലിനെ സാമ്പത്തികമായി ബഹിഷ്‌കരിക്കണമെന്ന് വാദിക്കുന്ന ആക്ടിവിസ്റ്റ് ഗ്രൂപ്പായ കൊളംബിയ യൂണിവേഴ്‌സിറ്റി അപ്പാർത്തീഡ് ഡൈവെസ്റ്റുമായും ഉള്ള ബന്ധം ഖലീൽ തന്റെ ഗ്രീൻ കാർഡ് അപേക്ഷയിൽ വെളിപ്പെടുത്തിയിട്ടില്ലെന്ന് ജഡ്ജി കോമാൻസ് പറഞ്ഞു. ‘കുടിയേറ്റ പ്രക്രിയയെ മറികടക്കാനും അപേക്ഷകൾ നിരസിക്കപ്പെടാനുള്ള സാധ്യത കുറക്കാനും ലക്ഷ്യമിട്ട് പ്രതി മനഃപൂർവ്വം വസ്തുതകൾ തെറ്റായി സമർപ്പിച്ചുവെന്ന് കോടതി കണ്ടെത്തി,’- കോമാൻസ് വിധിന്യായത്തിൽ പറഞ്ഞു.
നാടുകടത്തൽ ഉത്തരവിനെതിരെ അപ്പീൽ നൽകുമെന്ന് ഖലീലിന്റെ അഭിഭാഷകർ പ്രതികരിച്ചു. ന്യൂയോർക്കിലെ കൊളംബിയ യൂണിവേഴ്‌സിറ്റിയിലെ മുൻ ബിരുദ വിദ്യാർത്ഥിയായ ഖലീലിനെ മാർച്ച് എട്ടിനാണ് കാമ്പസിലെ വിദ്യാർത്ഥികളുടെ അപ്പാർട്ട്മെന്റിൽ നിന്നും അറസ്റ്റ് ചെയ്തത്. തുടർന്ന്, ലൂസിയാനയിലെ കുടിയേറ്റ തടങ്കൽ കേന്ദ്രത്തിൽ മൂന്ന് മാസത്തേക്ക് തടങ്കലിലാക്കുകയായിരുന്നു.
യു.എസിലെ കോളേജ് കാമ്പസുകളിൽ ഫലസ്തീൻ അനുകൂല പ്രവർത്തനങ്ങൾക്കെതിരെ നടപടിയുടെ ഭാഗമായിരുന്നു അറസ്റ്റ് . സെമിറ്റിക് വിരുദ്ധ പ്രവർത്തനങ്ങൾ ആരോപിച്ച് ട്രംപ് സർവകലാശാലകൾക്ക് ഫെഡറൽ ഫണ്ടിംഗ് വെട്ടിക്കുറച്ചതിന് പിന്നാലെ, നിരവധി വിദേശ വിദ്യാർത്ഥികളെ കസ്റ്റഡിയിലെടുക്കുകയും നാടുകടത്തുകയും ചെയ്തിരുന്നു.
ജൂണിൽ യു.എസ് ജില്ല ജഡ്ജി മൈക്കൽ ഫാർബിയാർസ് തടങ്കൽ ഭരണഘടനാ വിരുദ്ധമെന്ന് വിധിച്ചതിനെത്തുടർന്ന് ഖലീൽ ജയിൽ മോചിതനാവുകയായിരുന്നു.
‘എന്നെ നാടുകടത്താനുള്ള അവരുടെ ആദ്യ ശ്രമം പരാജയപ്പെട്ടപ്പോൾ, ഗാസയിൽ നടന്നുകൊണ്ടിരിക്കുന്ന വംശഹത്യ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഫലസ്തീനോടൊപ്പം ഉറച്ചുനിൽക്കുകയും സംസാരിക്കുകയും ചെയ്തതിന് എന്നെ നിശബ്ദനാക്കാൻ അവർ അടിസ്ഥാനരഹിതവും പരിഹാസ്യവുമായ ആരോപണങ്ങൾ കെട്ടിച്ചമച്ചു,’ ബുധനാഴ്ച അമേരിക്കൻ സിവിൽ ലിബർട്ടീസ് യൂനിയൻ പ്രസിദ്ധീകരിച്ച പ്രസ്താവനയിൽ ഖലീൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.