വാഷിങ്ടൺ: തന്ത്രപ്രധാനമായ ഹുർമുസ് കടലിടുക്ക് അടച്ചിട്ടാലും ഇറാനുമായുള്ള സംഘർഷം അവസാനിപ്പിക്കാൻ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തയ്യാറാണെന്ന് റിപ്പോർട്ട്. യു.എസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദി വാൾ സ്ട്രീറ്റ് ജേണൽ ആണ് റിപ്പോർട്ട് പുറത്തുവിട്ടത്. സൈനിക നീക്കത്തീലൂടെ ഹുർമുസ് കടലിടുക്ക് തുറക്കാനുള്ള ശ്രമങ്ങൾ തങ്ങളുടെ കണക്കുകൂട്ടലുകൾ തെറ്റിച്ച് യുദ്ധം നാല് മുതൽ ആറ് ആഴ്ച എന്ന തങ്ങളുടെ പ്രതീക്ഷിത സമയപരിധിക്കപ്പുറം അനന്തമായി നീളാൻ കാരണമാകുമെന്ന് ട്രംപും സഹായികളും വിശ്വസിക്കുന്നതായി റിപ്പോർട്ടിൽ പറയുന്നു.
സൈനികനീക്കം വിപുലീകരിക്കുന്നതിനുപകരം, ഇറാന്റെ നാവിക ശേഷി ദുർബലപ്പെടുത്തുന്നതിനും മിസൈൽ ശേഖരം കുറയ്ക്കുന്നതിനുമാണ് യു.എസ് മുൻഗണന നൽകുക. അതേസമയം നിർണായകമായ കപ്പൽ പാതയിലൂടെയുള്ള ചരക്കുനീക്കം പുനഃസ്ഥാപിക്കാൻ യു.എസ് ഇറാനെ നയതന്ത്രപരമായി സമ്മർദ്ദത്തിലാക്കാനാണ് യു.എസ് നീക്കം. മേഖലയിലെ സ്ഥിതിഗതികൾ സുസ്ഥിരമാക്കുന്നതിൽ നേതൃത്വപരമായ പങ്ക് വഹിക്കാൻ തങ്ങളുടെ ഗൾഫ്, യൂറോപ്യൻ സഖ്യകക്ഷികളോട് യു.എസ് ആവശ്യപ്പെടാനും സാധ്യതയുണ്ട്.
അതേസമയം ഇറാൻ വെടിനിർത്തൽ കരാറിലെത്തിയില്ലെങ്കിൽ ഇറാനിൽ കരയാക്രമണം നടത്തുമെന്ന് ട്രംപ് കഴിഞ്ഞ ദിവസം സൂചന നൽകിയിരുന്നു. യുദ്ധവിരാമത്തിനായി താൻ സമർപ്പിച്ച 15 ഇന നിർദേശങ്ങളിലടക്കം അനുകൂല തീരുമാനമുണ്ടായില്ലെങ്കിൽ ഇറാന്റെ പ്രധാന എണ്ണ കയറ്റുമതി കേന്ദ്രമായ ഖാർഗ് ദ്വീപ് പിടിച്ചടക്കുമെന്ന് ഫിനാൻഷ്യൽ ടൈംസിന് അനുവദിച്ച അഭിമുഖത്തിൽ ട്രംപ് വ്യക്തമാക്കിയിരുന്നു. പശ്ചിമേഷ്യയിൽ 3500 യു.എസ് സൈനികർകൂടി എത്തി ഏതാനും മണിക്കൂറുകൾക്കു ശേഷമാണ് ട്രംപിന്റെ പ്രസ്താവന.
ലബനാനിലെ ഇസ്രായേലി അധിനിവേശം വ്യാപിപ്പിക്കാൻ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവും ഉത്തരവിട്ടിട്ടുണ്ട്. യുദ്ധവിരാമത്തിനായി പാകിസ്താൻ, തുർക്കിയ, ഈജിപ്ത് എന്നിവയുടെ നേതൃത്വത്തിൽ നയതന്ത്ര ചർച്ച പുരോഗമിക്കുന്നതിനിടെയാണ് ട്രംപും നെതന്യാഹുവും പുതിയ നീക്കങ്ങൾ നടത്തിയത്.
അതേസമയം, സമാധാന ചർച്ച ഇരു രാജ്യങ്ങളും ഇതുവരെ തള്ളിയിട്ടില്ല. നേരിട്ടും അല്ലാതെയുമുള്ള ചർച്ചകൾ വിവേകപൂർണമായി തുടരുന്നുവെന്ന് വ്യക്തമാക്കിയ ട്രംപ്, ഖാർഗ് പിടിച്ചെടുക്കുന്നതടക്കം വേറെയും മാർഗങ്ങൾ തങ്ങൾക്ക് മുന്നിലുണ്ടെന്നും ‘ട്രൂത്തി’ൽ കുറിച്ചു.എന്നാൽ, നയതന്ത്രത്തിനായിരിക്കും യു.എസിന്റെ മുൻഗണനയെന്ന് സ്റ്റേറ്റ് സെക്രട്ടറി മാർക് റൂബിയോ അൽ ജസീറക്ക് അനുവദിച്ച അഭിമുഖത്തിൽ വ്യക്തമാക്കി. ഇതിനിടെ, ട്രംപിന്റെ ഭീഷണിക്കു പിന്നാലെ യു.എസും ഇസ്രായേലും ഇറാനിൽ ആക്രമണം ശക്തമാക്കി. തെഹ്റാനിലും ഇസ്ഫഹാനിലും തബ്രീസിലും കനത്ത വ്യോമാക്രമണങ്ങൾ റിപ്പോർട്ട് ചെയ്തു. ലബനാനിൽ ഇസ്രായേൽ വ്യോമാക്രമണവും തുടരുകയാണ്.
ദക്ഷിണ ലബനാനിൽ ഐക്യരാഷ്ട്രസഭ സമാധാന സേനാംഗം കൊല്ലപ്പെട്ടു. ഇറാന്റെ പ്രത്യാക്രമണത്തിൽ ഇസ്രായേലിലെ കെമിക്കൽ പ്ലാന്റിന് കേടുപാട് സംഭവിച്ചു. കുവൈത്തിൽ വൈദ്യുതി, ജല ശുദ്ധീകരണ പ്ലാന്റിന് നേരെയുണ്ടായ ഇറാൻ ആക്രമണത്തിൽ തമിഴ്നാട് രാമനാഥപുരം സ്വദേശി സന്താന ശെൽവം (40) കൊല്ലപ്പെട്ടതായി റിപ്പോർട്ടുണ്ട്. എന്നാൽ യുദ്ധം അവസാനിപ്പിക്കുന്നതിന് യു.എസും ഇറാനും തമ്മിൽ നേരിട്ടുള്ള ചർച്ചകൾക്ക് നേരിട്ട് ആതിഥ്യംവഹിക്കാൻ തയാറാണെന്ന പാകിസ്താൻ നിലപാട് ഇറാൻ തള്ളിയിരിക്കുകയാണ്.
യു.എസുമായി നേരിട്ട് ചർച്ചകളൊന്നും നടന്നിട്ടില്ലെന്നും മധ്യസ്ഥരിലൂടെ എത്തുന്നത് അതിരുവിട്ടതും അന്യായവുമായ ആവശ്യങ്ങൾ മാത്രമാണെന്നും മുംബൈയിലെ ഇറാന്റെ കോൺസുലേറ്റ് ജനറൽ പറഞ്ഞു. പാകിസ്താന്റെ ചർച്ചാവേദികൾ അവരുടെ മാത്രം വിഷയമാണെന്നും ഇറാൻ അവയിലൊന്നും പങ്കെടുത്തിട്ടില്ലെന്നും കോൺസുലേറ്റ് ജനറൽ പ്രസ്താവനയിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.