എഡ് ഷീരൻ, മാക്ലെമോർ

‘മാക്ലെമോറിനെ ഒഴിവാക്കിയത് എന്റെ തീരുമാനമല്ല’: വിശദീകരണവുമായി എഡ് ഷീരൻ

ലണ്ടൻ: ഫലസ്തീന് പിന്തുണ പ്രഖ്യാപിച്ചതിനെ തുടർന്ന് റാപ്പർ മാക്ലെമോറിനെ യു.എസ് ലൂപ് ടൂറിൽ നിന്ന് ഒഴിവാക്കിയ സംഭവത്തിൽ വിശദീകരണവുമായി പോപ് താരം എഡ് ഷീരൻ. തീരുമാനം തന്റേതല്ലെന്നും ടൂർ  പ്രമോട്ടറുടേതാണെന്നും ഷീരൻ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി. വസ്തുതകൾ നിരത്തേണ്ടത് പ്രധാനമാണെന്ന് പറഞ്ഞുകൊണ്ട് ആറ് സ്ലൈഡുകളുള്ള പോസ്റ്റാണ് ചൊവ്വാഴ്ച എഡ് ഷീരൻ പങ്കുവച്ചത്.

ഈ മാസം ആദ്യം ന്യൂജേഴ്സിയിലെ മെറ്റ്ലൈഫ് സ്റ്റേഡിയത്തിൽ ഷീരനോടൊപ്പം വേദി പങ്കിട്ടപ്പോൾ മാക്ലെമോർ നടത്തിയ ‘ഫ്രീ ഫലസ്തീൻ’ പരാമർശങ്ങളാണ് വിവാദമായത്. യഥാർത്ഥ പേര് ബെൻ ഹാഗെർട്ടി എന്നുള്ള റാപ്പറുടെ പരാമർശങ്ങൾക്ക് പിന്നാലെ നിരവധി വേദികൾ ഭീഷണി ഉയർത്തിയതായി ഷീരൻ പറയുന്നു.

മറുവശത്ത്, മാക്ലെമോർ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച കുറിപ്പിൽ വ്യത്യസ്തമായ വാദമാണ് ഉന്നയിക്കുന്നത്. ഫലസ്തീൻ അനുകൂല പരാമർശങ്ങളുടെ പേരിൽ തന്നെ ടൂറിൽ നിന്ന് പുറത്താക്കിയില്ലെങ്കിൽ മറ്റ് സ്റ്റേഡിയം ഉടമകൾക്കിടയിൽ ക്രാഫ്റ്റ് ബഹിഷ്കരണത്തിന് നേതൃത്വം നൽകിയതായി ഷീരൻ തന്നോട് പറഞ്ഞതായി മാക്ലെമോർ അവകാശപ്പെട്ടു.

‘ഇസ്രായേൽ കൊലപ്പെടുത്തിയ പതിനായിരക്കണക്കിന് ഫലസ്തീൻ കുട്ടികളേക്കാൾ ആ വാക്കുകൾ കൂടുതൽ അപമാനകരമാണെങ്കിൽ, ആ ആളുകൾ നിൽക്കുന്നിടത്തും ഞാൻ നിൽക്കുന്നിടത്തും അടിസ്ഥാനപരമായ അന്തരമുണ്ടെന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞു.

എന്നാൽ മാക്ലെമോർ പരിപാടിയിൽ പങ്കെടുത്താൽ ഭാവി ഷോകൾ റദ്ദാക്കുമെന്ന് വേദി ഉടമകൾ അറിയിച്ചതിനെ തുടർന്നാണ് പ്രമോട്ടർ അദ്ദേഹത്തെ ഒഴിവാക്കിയതെന്നാണ് ഷീരന്റെ വിശദീകരണം. മാക്ലെമോർ തന്റെ സന്ദേശത്തിന്റെ ഒരു ഭാഗം അവതരിപ്പിച്ച രീതിയെ അടിസ്ഥാനമാക്കിയാണ് ഈ നിലപാട് എന്നാണ് തന്നെ അറിയിച്ചത്. പറഞ്ഞ എല്ലാ കാര്യങ്ങളുടെയും അടിസ്ഥാനത്തിലല്ലെന്നും ഇരു കൂട്ടരെയും യോജിപ്പിക്കാൻ കഴിയുമോയെന്ന് കഴിഞ്ഞ ഒരാഴ്ചയായി വേദികളുമായി താൻ നീണ്ട ചർച്ചകൾ നടത്തിയെന്നും ഷീരൻ കൂട്ടിച്ചേർത്തു.

‘ഞാൻ കൂട്ടുനിൽക്കുന്നില്ല. ഈ വിനാശകരമായ സംഘർഷത്തെക്കുറിച്ച് എനിക്ക് വ്യക്തിപരമായ അഭിപ്രായങ്ങളുണ്ട്. ഞാൻ പരസ്യമായി സംസാരിക്കാൻ തിരഞ്ഞെടുക്കുന്നില്ല എന്നതുകൊണ്ട് എനിക്ക് അഭിപ്രായങ്ങളില്ലെന്ന് അർത്ഥമില്ല, ഞാൻ ശ്രദ്ധിക്കുന്നില്ലെന്ന് അർത്ഥമില്ല’ ഷീരൻ കുറിച്ചു.

സംഭവത്തിൽ ഷീരനെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്. മാക്ലെമോറിനെ ഒഴിവാക്കിയതിൽ പ്രതിഷേധിച്ച് നിരവധി കലാകാരന്മാർ ടൂർ ഉപേക്ഷിച്ചതായി ചൊവ്വാഴ്ച അറിയിച്ചു. ഐറിഷ് ഗായകൻ ആരോൺ റോവ്, ഐറിഷ് ബാൻഡ് ബിയോഗ, ഡാനിഷ് ബാൻഡ് ലൂക്കാസ് ഗ്രഹാം, സംഗീതജ്ഞൻ ഫിനിയാസ് എന്നിവരാണ് ടൂറിൽ നിന്ന് പിന്മാറിയത്. മാക്ലെമോറിന് പിന്തുണയും ഫലസ്തീനികൾക്ക് ഐക്യദാർഢ്യവും പ്രഖ്യാപിച്ചാണ് ഇവരുടെ തീരുമാനം.

ന്യൂ ഇംഗ്ലണ്ട് പാട്രിയറ്റ്സ് ഉടമയും ശതകോടീശ്വരനുമായ റോബർട്ട് ക്രാഫ്റ്റ്, മാക്ലെമോറിനെ ഒഴിവാക്കാൻ ഷീരനുമേൽ സമ്മർദം ചെലുത്തിയതായി സ്ഥിരീകരിച്ചു. ‘യഹൂദ വിരുദ്ധ പരാമർശങ്ങളുടെയും ദൃശ്യങ്ങളുടെയും വിശാലമായ ചരിത്രം ആരോപിച്ചാണ് ഈ മാസം അവസാനം മസാച്യുസെറ്റ്സിലെ ജില്ലറ്റ് സ്റ്റേഡിയത്തിൽ മാക്ലെമോറിന് വിലക്കേർപ്പെടുത്തിയതെന്ന് അദ്ദേഹം പറഞ്ഞു.

പ്രേക്ഷകർ തന്റെ ഷോകളിൽ രാഷ്ട്രീയ വേദി പ്രതീക്ഷിക്കുന്നില്ലെന്നും അതിനാൽ തന്റെ പ്രൊഫഷണൽ പ്ലാറ്റ്ഫോം രാഷ്ട്രീയത്തിന് ഉപയോഗിക്കാറില്ല എന്നും അദ്ദേഹം വിശദീകരിച്ചു. താൻ വിശ്വസിക്കുന്ന കാര്യത്തിന് വേണ്ടി നിലകൊള്ളാനും ഉറക്കെ ശബ്ദിക്കാനുമുള്ള മാക്ലെമോറിന്റെ നിശ്ചയദാർഢ്യത്തെ ഞാൻ ബഹുമാനിക്കുന്നു ഷീരൻ പറഞ്ഞു. എന്നിരുന്നാലും, ഒരേ ലക്ഷ്യത്തിലേക്ക്, സമാധാനത്തിലേക്ക്, ഒന്നിലധികം സമീപനങ്ങൾക്ക് ഇടമുണ്ടെന്നും ഷീരൻ കൂട്ടിച്ചേർത്തു. 

Tags:    
News Summary - Sheeran denies role in Macklemore tour exit

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.