വാഷിങ്ടൺ: ഗസ്സയിൽ സമാനതകളില്ലാത്ത കൂട്ടക്കുരുതിയും മഹാനാശവും തീർത്ത് രണ്ടുവർഷം പിന്നിട്ട അധിനിവേശം വിജയിപ്പിച്ചെടുക്കാൻ ഇസ്രായേലിന് അമേരിക്ക നൽകിയത് ഏകദേശം രണ്ടുലക്ഷം കോടിയുടെ സൈനിക സഹായം.
ജോ ബൈഡൻ, ഡോണൾഡ് ട്രംപ് ഭരണകൂടങ്ങൾ രണ്ടുവർഷത്തിനിടെ, 2170 കോടി ഡോളർ (1,92,616 കോടി രൂപ) സൈനിക സഹായം നൽകിയെന്ന് ബ്രൗൺ യൂനിവേഴ്സിറ്റിയിലെ വാട്സൺ സ്കൂൾ ഓഫ് ഇന്റർനാഷനൽ ആൻഡ് പബ്ലിക് അഫയേഴ്സ് പുറത്തുവിട്ട റിപ്പോർട്ട് പറയുന്നു.
ഗസ്സയിൽ വെടിനിർത്തലിനായി പ്രസിഡന്റ് ട്രംപ് നീക്കങ്ങൾ തകൃതിയാക്കുന്നതിനിടെയാണ് ഈ വിവരം പുറത്തുവന്നത്. നിരന്തരമായി അമേരിക്കൻ സഹായം ഒഴുകാതെ ഈ വംശഹത്യ ഇത്രയും മുന്നോട്ടുപോകുമായിരുന്നില്ലെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ആദ്യ വർഷത്തിൽ തന്നെ 1790 കോടി ഡോളർ (1,58,877 കോടി രൂപ) നൽകിയ അമേരിക്ക രണ്ടാം വർഷം അവശേഷിച്ച തുകയായ 380 കോടി ഡോളറും നൽകി.
അനുബന്ധമായി പുറത്തുവിട്ട മറ്റൊരു റിപ്പോർട്ടിൽ പശ്ചിമേഷ്യയിൽ അമേരിക്ക രണ്ടുവർഷത്തിനിടെ ഹൂതി ആക്രമണത്തിന് 9.65 കോടി ഡോളറും (85,649 കോടി രുപ), ഇറാൻ ആണവനിലയ ആക്രമണത്തിന് 1200 കോടി ഡോളറും (1,06,506 കോടി രൂപ) ചെലവഴിച്ചു. ഇതിൽ ജൂണിൽ ഇറാനിൽ നടത്തിയ ആക്രമണത്തിന് മാത്രം 200- 250 കോടി ഡോളറായെന്നും റിപ്പോർട്ട് പറയുന്നു. റിപ്പോർട്ടിനെ കുറിച്ച് ട്രംപ് ഭരണകൂടം പ്രതികരിച്ചിട്ടില്ല.
രണ്ടുവർഷത്തിനിടെ, ഗസ്സയിൽ മാത്രം ഇസ്രായേൽ ഭീകരതയിൽ കൊല്ലപ്പെട്ടത് 67,160 പേരാണ്. വെസ്റ്റ് ബാങ്കിൽ 4000 പേരും ജൂണിൽ ഇറാനിൽ നടത്തിയ ആക്രമണങ്ങളിൽ ആയിരത്തിലേറെ പേരും കൊല്ലപ്പെട്ടു. യമനിലും നൂറുകണക്കിന് പേരാണ് സമാനമായി കുരുതിക്കിരയായത്. ഇതിനിടെ ഇറാഖ്, സിറിയ എന്നിവിടങ്ങളിലും ഇസ്രായേൽ ആക്രമണം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.