ഗൂഗിളിന്റെയും ആമസോണിന്റെയും കരുത്തിൽ ആന്ത്രോപിക് ഓഹരി വിപണിയിലേക്ക്

ലണ്ടൻ: ഓഹരി വിപണിയിലേക്ക് കടക്കാനൊരുങ്ങി എഐ കമ്പനിയായ ആന്ത്രോപിക്. എതിരാളികളായ ഓപ്പൺ എ.ഐയെ മറികടന്ന് ലോകത്തിലെ ഏറ്റവും മൂല്യമേറിയ എ.ഐ സ്റ്റാർട്ടപ്പ് എന്ന പദവി സ്വന്തമാക്കിയതിന് തൊട്ടുപിന്നാലെയാണ് ആന്ത്രോപിക്കിന്റെ ഈ നീക്കം. പ്രഥമ ഓഹരി വിൽപ്പനക്കുള്ള (ഐ.പി.ഒ) നടപടിക്രമങ്ങൾ അതീവ രഹസ്യമായാണ് കമ്പനി പൂർത്തിയാക്കിയത്. സമീപകാലത്ത് ഒരു സാങ്കേതികവിദ്യാ കമ്പനി നടത്തുന്ന ഏറ്റവും വലിയ ഓഹരി വിപണി പ്രവേശനമായിരിക്കും ഇതെന്നാണ് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നത്.

ആഗോള ടെക് ഭീമന്മാരായ ആമസോണും ഗൂഗിളും വൻതോതിലാണ് ആന്ത്രോപിക്കിൽ നിക്ഷേപം നടത്തിയിട്ടുള്ളത്. കേവലം സാമ്പത്തിക നിക്ഷേപത്തിനപ്പുറം, എ.ഐ പ്രോജക്ടുകൾക്ക് ആവശ്യമായ കമ്പ്യൂട്ടിങ് ഇൻഫ്രാസ്ട്രക്ചർ, സാങ്കേതിക വിഭവങ്ങൾ, തന്ത്രപരമായ പങ്കാളിത്തങ്ങൾ എന്നിവയെല്ലാം ഈ വൻകിട കമ്പനികൾ ആന്ത്രോപിക്കിന് നൽക്കുന്നുണ്ട്. സൈബർ സുരക്ഷ ഉറപ്പാക്കുന്ന എ.ഐ മോഡലുകളായ 'ക്ലോഡ്' (Claude) ചാറ്റ്‌ബോട്ട് വികസിപ്പിച്ചതാണ് ആന്ത്രോപിക്കിനെ വിപണിയിൽ തരംഗമാക്കിയത്.

എ.ഐ സുരക്ഷ, എന്റർപ്രൈസ് സൊല്യൂഷനുകൾ, വൻകിട കോർപ്പറേറ്റുകളുമായുള്ള തന്ത്രപരമായ പങ്കാളിത്തം എന്നിവയാണ് കമ്പനിയുടെ ദ്രുതഗതിയിലുള്ള വളർച്ചയ്ക്ക് പിന്നിലെ പ്രധാന ഘടകങ്ങൾ. പ്രമുഖ ടെക് നിക്ഷേപകർ അടുത്തിടെ കമ്പനിയിൽ വൻതോതിൽ പണം ഇറക്കിയിരുന്നു.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിൽ ആധിപത്യം പുലർത്തിയിരുന്ന ചാറ്റ് ജി.പി.ടിയുടെ മാതൃകമ്പനിയായ ഓപ്പൺ എ.ഐയെയാണ് വിപണി മൂല്യത്തിൽ ആന്ത്രോപിക് അട്ടിമറിച്ചത്. പുതിയ ഫണ്ടിങ് റൗണ്ടിൽ 6,500 കോടി ഡോളർ കൂടി സമാഹരിച്ചതോടെ ആന്ത്രോപിക്കിന്റെ ആകെ വിപണി മൂല്യം 96,500 കോടി ഡോളറായി കുതിച്ചുയർന്നു. നിലവിൽ 85,200 കോടി ഡോളറാണ് ഓപ്പൺ എ.ഐയുടെ വിപണി മൂല്യം.

വരും കാലങ്ങളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയ്ക്ക് പൊതുവിപണിയിൽ എത്രത്തോളം സ്വീകാര്യത ലഭിക്കുമെന്നതിന്റെ കൃത്യമായ തെളിവായിരിക്കും ആന്ത്രോപിക്കിന്റെ ഈ ഓഹരി വിപണി പ്രവേശം.

Tags:    
News Summary - Anthropic enters the stock market on the strength of Google and Amazon

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.