ഇറാഖിനെ ഇരുട്ടിലാഴ്ത്താൻ യു.എസ്; ഇറാനിൽനിന്ന് വൈദ്യുതി വാങ്ങാനുള്ള ഉപരോധ ഇളവ് അവസാനിപ്പിച്ചു

വാഷിംങ്ടൺ: അയൽരാജ്യമായ ഇറാനിൽ നിന്ന് വൈദ്യുതി വാങ്ങാൻ ഇറാഖിന് അനുവദിച്ച ഉപരോധ ഇളവ് യു.എസ് അവസാനിപ്പിച്ചു. ഇറാനുമേൽ പരമാവധി സമ്മർദ്ദം ചെലുത്തുക എന്ന പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നയത്തിന്റെ ഭാഗമായാണ് ഇത്. ഇളവ് പുതുക്കേണ്ടതില്ല എന്ന തീരുമാനം ‘ഇറാനെ സാമ്പത്തികമായ ആശ്വാസത്തിന് അനുവദിക്കുന്നില്ലെന്ന്’ ഉറപ്പാക്കാൻ തങ്ങൾ എടുത്തതാണെന്ന് യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് പറഞ്ഞു.

മുൻ യു.എസ് പ്രസിഡന്റ് ബറാക് ഒബാമയുടെ കീഴിൽ ഇറാനുമായി ചർച്ച നടത്തി തയാറാക്കിയ ആണവ കരാർ ട്രംപ് ഉപേക്ഷിച്ചതിനുശേഷം 2018ൽ യു.എസ് ഇറാനിൽ വീണ്ടും ഉപരോധം ഏർപ്പെടുത്തിയിരുന്നു. അന്ന്, ഇറാനിൽ നിന്ന് എണ്ണ വാങ്ങുന്ന മറ്റു രാജ്യങ്ങൾക്കുമേലും ട്രംപ് വ്യാപക ഉപരോധം ഏർപ്പെടുത്തി. എന്നാൽ, യു.എസിന്റെ ‘പ്രധാന പങ്കാളി’ എന്ന നിലയിൽ ഇറാഖിന് ഇളവ് നൽകി.

ജനുവരിയിൽ യു.എസ് പ്രസിഡന്റായി രണ്ടാം തവണയും വൈറ്റ് ഹൗസിൽ തിരിച്ചെത്തിയതിനുശേഷം ഇറാനെതിരെ ‘പരമാവധി സമ്മർദ്ദം’ ചെലുത്തുക എന്ന തന്റെ നയം ട്രംപ് പുനഃസ്ഥാപിക്കുകയാണ്. ‘ഇറാന്റെ ആണവ ഭീഷണി അവസാനിപ്പിക്കാനും അവരുടെ ബാലിസ്റ്റിക് മിസൈൽ പദ്ധതി ഇല്ലാതാക്കാനും തീവ്രവാദ ഗ്രൂപ്പുകളെ പിന്തുണക്കുന്നതിൽ നിന്ന് തടയാനും പ്രസിഡന്റ് പരമാവധി സമ്മർദ്ദ പ്രചാരണത്തിന് ഒരുങ്ങുന്നു’ എന്ന് ബാഗ്ദാദിലെ യു.എസ് എംബസിയുടെ വക്താവ് നേരത്തെ പറഞ്ഞിരുന്നു. ‘ഇറാനിയൻ ഊർജ്ജ സ്രോതസ്സുകളെ ആശ്രയിക്കുന്നത് എത്രയും വേഗം ഇല്ലാതാക്കാൻ’ വക്താവ് ഇറാഖിനോട് ആവശ്യപ്പെട്ടു.

എന്നാൽ, എണ്ണ-വാതക സമ്പത്ത് ഉണ്ടായിരുന്നിട്ടും യുദ്ധം, അഴിമതി, കെടുകാര്യസ്ഥത എന്നിവ കാരണം ഇറാഖ് പതിറ്റാണ്ടുകളായി വൈദ്യുതി ക്ഷാമം നേരിടുന്നു. കൂടാതെ, ഇറാനിൽനിന്ന് നേരിട്ട് ഇറക്കുമതി ചെയ്യുന്ന വൈദ്യുതിയെയും ഇറാനിയൻ വാതകത്തെയും വൈദ്യുതി ആവശ്യങ്ങൾ നിറവേറ്റുന്നതിനായി വളരെയധികം ആശ്രയിക്കുന്നു.

ഇറാനിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ഊർജത്തിന് പകരമായ രാജ്യത്തിന് ഉടനടി ബദലുകളൊന്നുമില്ലെന്നും ഇത് ഗാർഹിക ഉപഭോഗം നിറവേറ്റുന്നതിന് ആവശ്യമായ വൈദ്യുതിയിൽ കാര്യമായ പ്രതിസന്ധി ഉയർത്തുമെന്നും ഇറാഖി ഊർജ ഉദ്യോഗസ്ഥർ പറഞ്ഞതായി റോയിട്ടേഴ്‌സ് റിപ്പോർട്ടു ചെയ്തു. വേനൽക്കാലങ്ങളിൽ പല ഇറാഖികൾക്കും ഡീസൽ ജനറേറ്ററുകളെ ആശ്രയിക്കേണ്ടിവരുന്നു. അതല്ലെങ്കിൽ 50 ഡിഗ്രി സെൽഷ്യസും കവിയുന്ന കൊടുംചൂടിൽ നരകയാതന അനുഭവിക്കേണ്ട സ്ഥിതിയാണ്.

പുതിയ സാഹചര്യത്തിൽ ഇറാഖിന് അതിന്റെ ഊർജ പ്ലാന്റുകൾക്കായി ഇറാനിൽ നിന്ന് ഗ്യാസ് ഇറക്കുമതി ചെയ്യുന്നത് തുടരാൻ കഴിയുമോ എന്നത് വ്യക്തമല്ല. ഇറാനിൽ നിന്നുള്ള വൈദ്യുതി ഇറക്കുമതി ഇറാഖിലെ വൈദ്യുതി ഉപഭോഗത്തിന്റെ നാലു ശതമാനം മാത്രമാണെന്ന് യു.എസ് എംബസി പറഞ്ഞു. എന്നാൽ, ഗ്യാസ് ഇറക്കുമതിയും നിരോധിക്കുകയാണെങ്കിൽ ഇറാഖിന്റെ വൈദ്യുതി ഉൽപാദനത്തിന്റെ 30 ശതമാനത്തിലധികം നഷ്ടപ്പെടാൻ ഇത് കാരണമാകുമെന്ന് ഇറാഖിലെ വൈദ്യുതി മന്ത്രാലയത്തിന്റെ വക്താവ് അഹമ്മദ് മൂസ പറഞ്ഞു.

Tags:    
News Summary - US ends sanctions waiver for Iraq to buy electricity from Iran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.