വധ ശിക്ഷക്ക് തുല്യം; അതിദരിദ്ര രാജ്യങ്ങളിലേക്കുള്ള ഭക്ഷ്യ സഹായം നിർത്തലാക്കി ട്രംപ്
വാഷിംങ്ടൺ: പട്ടിണിയും ആഭ്യന്തര കലാപവും മുറിവേൽപ്പിച്ച സിറിയ ഉൾപ്പടെയുള്ള ദരിദ്ര രാജ്യങ്ങളിലേക്ക് യു.എന്നിന്‍റെ ലോക ഭക്ഷ്യ സഹായ പദ്ധതിയുടെ ഭാഗമായുള്ള ഭക്ഷ്യസഹായം ട്രംപ് ഭരണകൂടം നിർത്തലാക്കി.അഫ്‌ഗാനിസ്താൻ, യമൻ, സോമാലിയ തുടങ്ങി പതിനാല് ദരിദ്ര രാജ്യങ്ങളിൽ ലക്ഷങ്ങളുടെ ജീവൻ നിലനിർത്തിയിരുന്ന പദ്ധതിക്കാണ് ട്രംപ് അന്ത്യം കുറിച്ചത്.ലോകത്ത് ഏറ്റവുമധികം ഭക്ഷ്യ സഹായം എത്തിച്ചുകൊണ്ടിരുന്ന പദ്ധതി അവസാനിപ്പിക്കാൻ തീരുമാനിച്ചത് പട്ടിണിയിൽ കഴിയുന്നവർക്ക് വധശിക്ഷക്ക് തുല്യമാണെന്ന് വേൾഡ് ഫുഡ് പ്രോഗ്രാം അധികൃതർ വിശേഷിപ്പിച്ചു.
യു.എന്നിന്‍റെ ലോക ഭക്ഷ്യ സഹായ പദ്ധതിയായ വേൾഡ് ഫുഡ് പ്രോഗ്രാമിന്റെ ഭാഗമായാണ് ട്രംപ് ഭരണകൂടം ധനസഹായം നൽകിവന്നത്. സഹായം സ്തംഭിപ്പിക്കുന്നത് ആഗോള സ്ഥിരതയെ മൊത്തത്തിൽ ബാധിക്കുന്ന ഒന്നാണെന്ന് ഡബ്ള്യു.എഫ്.പി മേധാവി സിൻഡി മക്കെയ്ൻ പ്രതികരിച്ചു.എന്നാൽ, സംഭാവനകൾ തുടർന്നുപോകാൻ ട്രംപുമായി ബന്ധപ്പെടുന്നുണ്ടന്നും ഇതുവരെ നൽകിവന്ന സഹായങ്ങൾക്ക് നന്ദിയറിയിക്കുന്നുവെന്നും ഡബ്ള്യു.എഫ്.പി അറിയിച്ചു.മാധ്യമ റിപോർട്ട് അനുസരിച്ച് സിറിയയിലേക്കുള്ള 23 കോടി ഡോളർ വരുന്ന ഭക്ഷ്യ സഹായം ഇതിനോടകം തന്നെ നിർത്തലാക്കി . പത്തുലക്ഷത്തോളം വരുന്ന സിറിയൻ ജനതക്ക് ദിനംപ്രതി 11.1 കോടിഡോളർ മൂല്യമുള്ള ഭക്ഷ്യ സഹായം നൽകി വന്ന ഭീമൻ പദ്ധതിക്കാണ് അന്ത്യം കുറിച്ചത്.
യെമനിലെ വിതരണ കേന്ദ്രങ്ങളിലേക്കെത്തിച്ചു കൊണ്ടിരുന്ന ഭക്ഷ്യ സാധനങ്ങൾ ഇതോടെ തടസ്സപ്പെട്ടു എന്നും റിപോർട്ടുകൾ സൂചിപ്പിക്കുന്നു.ഈ വർഷത്തെ വേൾഡ് ഫുഡ് പ്രോഗ്രാം ഫണ്ടിലെ 40 ശതമാനം കുറവ് രേഖപ്പെടുത്തിയത് നേരത്തേ തന്നെ ആശങ്ക ഉയർത്തിയിരുന്നു.സിറിയക്കും യെമനും പിന്നാലെ ലെബനാനിലേക്കും ജോർദാനിലേക്കുമുള്ള സഹായവും നിർത്തലാക്കാനുള്ള അറിയിപ്പുകൾ ലഭിച്ചുകഴിഞ്ഞുവെന്നും റിപ്പോർട്ടുകളുണ്ട്.രണ്ടാം തവണ പ്രസിഡന്റ് സ്ഥാനത്തെത്തിയ ഡോണൾഡ് ട്രംപ് ഇതിനോടകം തന്നെ ബില്യൺ ഡോളർ ധനസഹായം നൽകുന്ന അനേകം ജീവൻ രക്ഷാ പദ്ധതികൾക്ക് അവസാനം കുറിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.