‘പുതിയ ഉപരോധങ്ങളിലൂടെ ഇറാനെ മുട്ടുകുത്തിക്കാനാവില്ല’: യു.എസ് നടപടിയെ ഒറ്റക്കെട്ടായി നേരിടുമെന്ന് ഇറാൻ പ്രസിഡന്റ്

തെഹ്റാൻ: ഇറാനുമേൽ ഏർപ്പെടുത്തിയ സാമ്പത്തിക ഉപരോധങ്ങളിലൂടെയോ സമ്മർദ തന്ത്രങ്ങളിലൂടെയോ അമേരിക്കക്ക് അവരുടെ ലക്ഷ്യങ്ങൾ കൈവരിക്കാൻ കഴിയില്ലെന്ന് ഇറാനിയൻ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാൻ. ഇറാന് നേരെ യു.എസ് ഭരണകൂടം വ്യാപകമായ പുതിയ ഉപരോധങ്ങൾ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പെസെഷ്‌കിയാന്റെ പ്രതികരണം.

‘തുറന്ന സംവാദങ്ങളിലൂടെയും ചർച്ചകളിലൂടെയും പ്രശ്നങ്ങൾ മനസ്സിലാക്കാനും അവ പരിഹരിക്കാനുമാണ് ഞങ്ങളുടെ സമീപനം. എന്നാൽ അതോടൊപ്പം തന്നെ, വരാനിരിക്കുന്ന ഏതൊരു സാമ്പത്തിക സമ്മർദങ്ങളെയും ദൃഢതയോടെ നേരിടാൻ ഞങ്ങൾ ഉറച്ചുനിൽക്കും,’ - പെസെഷ്‌കിയാൻ പറഞ്ഞു. മുൻകാലങ്ങളിൽ സൈനിക നടപടികളിലൂടെയും ഇറാന്റെ സാായുധ സേനയുടെ കടുത്ത ചെറുത്തുനിൽപ്പിലൂടെയും ജനങ്ങളുടെ പിന്തുണയിലൂടെയും അമേരിക്കയുടെ ലക്ഷ്യങ്ങൾ തകർന്നടിയുകയായിരുന്നുവെന്നും, പുതിയ സാമ്പത്തിക ആക്രമണങ്ങളിലൂടെയും വാഷിങ്ടണിന് ഒന്നും നേടാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തെഹ്‌റാനിലെ സെൻട്രൽ ബാങ്ക് ഓഫ് ഇറാനിൽ ധനമന്ത്രി അലി മദനിസാദെ, സെൻട്രൽ ബാങ്ക് ഗവർണർ അബ്ദുന്നാസർ ഹമ്മതി, പ്രമുഖ സാമ്പത്തിക വിദഗ്ധർ എന്നിവരുമായി നടന്ന മൂന്ന് മണിക്കൂർ നീണ്ട ഉയർന്നതല യോഗത്തിലാണ് പ്രസിഡന്റ് കാര്യങ്ങൾ വിശദീകരിച്ചത്. യുദ്ധ സാഹചര്യം, സാമ്പത്തിക ഉപരോധം, ബാഹ്യ സമ്മർദങ്ങൾ എന്നിവ സൃഷ്ടിച്ച സങ്കീർണ്ണമായ സാഹചര്യങ്ങൾക്കിടയിൽ രാജ്യത്തെ വിദേശനാണ്യ, ധനകാര്യ സൂചികകൾ യോഗം വിശദമായി വിലയിരുത്തി.

രാജ്യത്ത് സാമ്പത്തിക സ്ഥിരത നിലനിർത്തേണ്ടതിന്റെയും പണപ്പെരുപ്പ ആശങ്കകൾ നിയന്ത്രിക്കേണ്ടതിന്റെയും അടിയന്തര ആവശ്യകത പെസെഷ്‌കിയാൻ യോഗത്തിൽ ചൂണ്ടിക്കാട്ടി. പ്രധാന വിപണികളെ, പ്രത്യേകിച്ച് നാണയ-ധന വിപണികളെ ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിന് സർക്കാരും സെൻട്രൽ ബാങ്കും മറ്റ് സാമ്പത്തിക സ്ഥാപനങ്ങളും തമ്മിൽ പരസ്പര ഏകോപനം അത്യന്താപേക്ഷിതമാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഇറാനെ ആഗോള സാമ്പത്തിക മേഖലയിൽ നിന്ന് പൂർണമായി ഒറ്റപ്പെടുത്താൻ ലക്ഷ്യമിട്ട് ട്രംപ് ഭരണകൂടം ‘ഓപ്പറേഷൻ ഇക്കണോമിക് ഔട്ട്കാസ്റ്റ്’ എന്ന പേരിൽ പുതിയ ഉപരോധങ്ങൾ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇറാന്റെ പ്രതികരണം.  

Tags:    
News Summary - US cannot achieve its goals through economic pressure: Iranian president

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.