കാഠ്മണ്ഡു: നേപ്പാളിലെ മിന്നൽ പ്രളയത്തിനു കാരണം ഭൂചലനമല്ലെന്ന് യുനൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവേ (യു.എസ്.ജി.എസ്). ആദ്യ റിപ്പോർട്ട് തിരുത്തിയ യു.എസ്.ജി.എസ് നദിയിലേക്ക് വലിയ മഞ്ഞുമല അടർന്നു വീണാണ് ദുരന്തമുണ്ടായതെന്നും വ്യക്തമാക്കി.
പ്രളയത്തിനു മുമ്പുണ്ടായ ശക്തമായ പ്രകമ്പനം ഭൂചലനം കാരണമാണെന്നായിരുന്നു ആദ്യ റിപ്പോർട്ട്. കാഠ്മണ്ഡുവിന് വടക്കായി നേപ്പാൾ-ചൈന അതിർത്തിയിൽ 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായെന്നായിരുന്നു റിപ്പോർട്ട്. എന്നാൽ, ഏകദേശം ഇതേ സമയത്തുതന്നെ ചൈനയിൽനിന്ന് നേപ്പാളിലേക്ക് ഒഴുകുന്ന ഭോട്ടെ കോശി നദിയുടെ കൈവഴിയായ ലെൻഡെ ഖോല നദിയിലേക്ക് വലിയ മഞ്ഞുമല അടർന്നു വീണു. ഇതാണ് മിന്നിൽ പ്രളയത്തിന് കാരണമെന്നും യു.എസ്.ജി.എസ് റിപ്പോർട്ടിൽ പറയുന്നു.
5.2 തീവ്രതയുള്ള ഭൂകമ്പത്തിന് തുല്യമായ ആഘാതം സൃഷ്ടിച്ച വൻ മണ്ണിടിച്ചിലാണ് ഉണ്ടായത്. മഞ്ഞുമലയും മറ്റും നദിയിലേക്ക് വീണതോടെയാണ് ശക്തമായ മലവെള്ളപ്പാച്ചിൽ ഉണ്ടാകുന്നതെന്ന് പ്ലാനറ്റ് ലാബ്സ് സാറ്റ് ലൈറ്റ് ചിത്രങ്ങളുടെ പ്രാഥമിക പഠനത്തിൽ പറയുന്നു. അതേസമയം, നേപ്പാൾ-ടിബറ്റ് അതിർത്തി മേഖലയിലുണ്ടായ മിന്നൽ പ്രളയത്തിലും മലവെള്ളപാച്ചിലിലും മരിച്ചവരുടെ എണ്ണം 157 കടന്നു. ദുരന്തത്തിൽ 800ലധികം ആളുകളെ കാണാതായതായാണ് വിവരം. കൈലാസ മാനസസരോവർ യാത്രക്കെത്തിയ 133 ഇന്ത്യൻ തീർഥാടകരെ കുറിച്ചും വിവരമില്ല. 157 മൃതദേഹങ്ങൾ കണ്ടെടുത്തതായി നേപ്പാൾ പൊലീസ് അറിയിച്ചു. പ്രളയബാധിത പ്രദേശങ്ങളിൽനിന്ന് കുടുംബങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുകയാണ് അധികൃതർ.
ദുരന്തം നടന്ന് മണിക്കൂറുകൾ പിന്നിട്ടിട്ടും 341 വിദേശികളടക്കം 403 വിനോദസഞ്ചാരികളെക്കുറിച്ച് യാതൊരു വിവരവുമില്ലെന്ന് നേപ്പാൾ ടൂറിസം മന്ത്രാലയം അറിയിച്ചു. കാണാതായ വിദേശികളിൽ 142 ഇന്ത്യക്കാരുണ്ട്. ആസ്‌ട്രേലിയ, ബ്രിട്ടൻ, മലേഷ്യ, നെതർലാൻഡ്‌സ്, പോർച്ചുഗൽ, ദക്ഷിണാഫ്രിക്ക, ദക്ഷിണ കൊറിയ, യുഎസ് എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരും ഉൾപ്പെടും.
നേപ്പാളിന് അടിയന്തര സഹായമായി ഇന്ത്യ 10 ടൺ ദുരിതാശ്വാസ സാമഗ്രികളും അത്യാവശ്യ മരുന്നുകളും എത്തിച്ചു. ഈ അടിയന്തര സഹായങ്ങൾ കാഠ്മണ്ഡുവിൽ എത്തിയതായും ദുരിതാശ്വാസ പ്രവർത്തനങ്ങളെ പിന്തുണക്കുന്നതിനായി കൂടുതൽ സഹായങ്ങൾ ഒരുക്കുന്നുണ്ടെന്നും ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്. ജയശങ്കർ അറിയിച്ചു. നേപ്പാളിന് എല്ലാ സഹായങ്ങളും പ്രധാനമന്ത്രി നരേന്ദ്ര മോദി വാഗ്ദാനം ചെയ്തിരുന്നു. നേപ്പാൾ പ്രധാനമന്ത്രി ബലേന്ദ്ര ഷായെ ഫോണിൽ വിളിച്ച മോദി, സാധ്യമായ എല്ലാ മാനുഷിക സഹായങ്ങളും നൽകാൻ ഇന്ത്യ തയാറാണെന്ന് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.