മോഹൻ ഭാഗവത്
വാഷിങ്ടൺ: ആർ.എസ്.എസ് തലവൻ മോഹൻ ഭാഗവതിന്‍റെ യു.എസ് സന്ദർശനത്തിൽ വീണ്ടും ആശങ്ക രേഖപ്പെടുത്തി അമേരിക്കൻ സർക്കാറിന്റെ മതസ്വാതന്ത്ര്യ ഉപദേശക സമിതിയായ യു.എസ് കമീഷൻ ഓൺ ഇന്റർനാഷനൽ റിലീജ്യസ് ഫ്രീഡം (യു.എസ്.സി.ഐ.ആർ.എഫ്).
ആർ.എസ്.എസ് അംഗങ്ങൾക്കുമേൽ ഉപരോധം ഏർപ്പെടുത്തണമെന്ന് സമിതി ആവശ്യപ്പെട്ടു. ന്യൂനപക്ഷങ്ങൾക്കു നേരെയുള്ള ആക്രമണങ്ങളിൽ പങ്കാളിയായ ഒരു അർധസൈനിക വിഭാഗമാണ് തങ്ങളെന്ന ധാരണ തിരുത്താനായി വിദേശ സന്ദർശനങ്ങൾ സംഘടിപ്പിക്കുന്നുണ്ടെന്ന് ആർ.എസ്.എസ് കഴിഞ്ഞ മെയിൽ വ്യക്തമാക്കിയിരുന്നു. മതസ്വാതന്ത്ര്യ ലംഘനങ്ങളിൽ പങ്കാളികളായ ആർ.എസ്.എസ് അംഗങ്ങൾക്കും ഇന്ത്യൻ ഉദ്യോഗസ്ഥർക്കും ഉപരോധം ഏർപ്പെടുത്തണമെന്നും മോഹൻ ഭാഗവതിന് അനുവദിച്ച വിസ റദ്ദാക്കണമെന്നും യു.എസ് സർക്കാറിനോട് അഭ്യർഥിക്കുന്നു -യു.എസ്.സി.ഐ.ആർ.എഫ് അധ്യക്ഷൻ ആസിഫ് മഹ്മൂദ് ബുധനാഴ്ച പ്രസ്താവനയിൽ അറിയിച്ചു.
ക്രിസ്ത്യാനികൾ, ദലിതർ, മുസ്ലിംകൾ, സിഖുകാർ എന്നിവരുൾപ്പെടെയുള്ള മതന്യൂനപക്ഷങ്ങൾക്കെതിരെയുള്ള ഹിംസാത്മക ആക്രമണങ്ങൾക്ക് ആർ.എസ്.എസ് സംഘടനകളിലെ അംഗങ്ങൾ നേതൃത്വം നൽകിയിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കീഴിൽ, ബി.ജെ.പി ആർ.എസ്.എസിന്റെ ഹിന്ദുത്വ പ്രത്യയശാസ്ത്രവുമായി ചേർന്നു നിൽക്കുന്ന നയങ്ങളാണ് നടപ്പാക്കുന്നത്, ഇത് പ്രത്യക്ഷത്തിൽ തന്നെ മതന്യൂനപക്ഷങ്ങളോട് വിവേചനം കാണിക്കുന്നതാണ്. വടക്കേ അമേരിക്കയിലെ സിഖ് സമുദായാംഗങ്ങൾക്കെതിരെയുള്ള വധശ്രമങ്ങളും കൊലപാതകങ്ങളും ഉൾപ്പെടെ, തങ്ങളുടെ അതിർത്തികൾക്ക് അപ്പുറത്തുള്ള മതന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ട് രാജ്യാന്തര അടിച്ചമർത്തൽ നടപടികളിലും സർക്കാർ ഏർപ്പെട്ടിട്ടുണ്ട്.
ബി.ജെ.പി നേതൃത്വത്തിലുള്ള സർക്കാറിനു കീഴിൽ, മുസ്ലിംകൾക്കും ക്രിസ്ത്യാനികൾക്കുമെതിരെയുള്ള ആൾക്കൂട്ട അതിക്രമങ്ങൾ തടയുന്നതിലോ അന്വേഷിക്കുന്നതിലോ അക്രമികളെ ശിക്ഷിക്കുന്നതിലോ ഇന്ത്യൻ അധികാരികൾ പരാജയപ്പെട്ടെന്നും സമിതി കുറ്റപ്പെടുത്തി. ശനിയാഴ്ച ന്യൂയോർക്കിൽ നടക്കുന്ന ആർ.എസ്.എസ് ജന്മശദാബ്ദി ആഘോഷ പരിപാടിയിൽ മോഹൻ ഭാഗവത് പങ്കെടുക്കാനിരിക്കെയാണ് നീക്കം. അമേരിക്കൻ ഹിന്ദുസ് ഫോർ എൻഗേജ്മെന്റ് ആൻഡ് ഡയലോഗ്സ് നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. ലോകമെമ്പാടുമുള്ള മതസ്വാതന്ത്ര്യം നിരീക്ഷിക്കുകയും നയപരമായ ശുപാർശകൾ നൽകുകയും ചെയ്യുന്ന യു.എസ് സർക്കാറിന്റെ മതസ്വാതന്ത്ര്യ ഉപദേശക സമിതിയാണ് യു.എസ്.സി.ഐ.ആർ.എഫ്. എന്നാൽ ഈ ശുപാർശകൾ യു.എസ് ഭരണകൂടം പാലിക്കാൻ നിർബന്ധിതരല്ല. നേരത്തെ, സമിതി ഇന്ത്യയോട് പക്ഷപാതപരമായാണ് പെരുമാറുന്നതെന്ന് കാണിച്ച് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം രംഗത്തുവന്നിരുന്നു.
ന്യൂനപക്ഷങ്ങളോട് അസഹിഷ്ണുത വളർത്തുന്ന ഭൂരിപക്ഷവാദ പ്രത്യയശാസ്ത്രമാണ് ആർ.എസ്.എസ് പ്രചരിപ്പിക്കുന്നതെന്ന് കുറ്റപ്പെടുത്തി മനുഷ്യാവകാശ സംഘടനകൾ രംഗത്തുണ്ട്. സമീപ വർഷങ്ങളിൽ ഇന്ത്യൻ ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള അതിക്രമങ്ങൾ വർധിച്ചതായി ഐക്യരാഷ്ട്രസഭയും മനുഷ്യാവകാശ സംഘടനകളും വ്യക്തമാക്കിയിരുന്നു. വർധിച്ചുവരുന്ന വിദ്വേഷ പ്രസംഗങ്ങൾ, മതത്തെ അടിസ്ഥാനമാക്കിയുള്ള പൗരത്വ നിയമം, മുസ്ലീം ഉടമസ്ഥതയിലുള്ള സ്വത്തുക്കൾ പൊളിച്ചുമാറ്റൽ, മുസ്ലീം ഭൂരിപക്ഷ പ്രദേശമായ കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞത്, മതപരിവർത്തന വിരുദ്ധ നിയമങ്ങൾ എന്നിവയെല്ലാം ചൂണ്ടിക്കാട്ടിയാണ് വിമർശനം.
ആർ.എസ്.എസ് നേതാക്കൾ, ഇന്ത്യൻ സർക്കാറിന്റെ ഭാഗമാണെങ്കിലും അവർക്ക് അമേരിക്കയിൽ നയതന്ത്ര പരിഗണനയോ, ഉന്നതതല കൂടിക്കാഴ്ചകളോ അനുവദിക്കരുതെന്ന് യു.എസ്.സി.ഐ.ആർ.എഫ് കമീഷണർ ജെൻ മിൽസ് ആവശ്യപ്പെട്ടിരുന്നു. ആർ.എസ്.എസ് തലവന്റെ അമേരിക്കൻ സന്ദർശനത്തെ തീവ്രഹിന്ദു ദേശീയതയെ എതിർക്കുന്ന അമേരിക്ക ആസ്ഥാനമായ ഹിന്ദൂസ് ഫോർ ഹ്യൂമൻറൈറ്റ്സ് എന്ന മനുഷ്യാവകാശ സംഘടനയും വിമർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.