ഹോർമുസ് കടലിടുക്കിൽ ബന്ദർ അബ്ബാസിലെ സുറു ബീച്ചിൽ കളിക്കുന്ന ഇറാനിയൻ കുട്ടികൾ
തെഹ്റാൻ/ തെൽ അവീവ്: പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനായുള്ള നയതന്ത്ര നീക്കങ്ങൾ നിർണായക ഘട്ടത്തിലെത്തി നിൽക്കെ, നിലപാട് കടുപ്പിച്ച് ഇറാൻ. ലബനാനിലും ഗസ്സയിലും ഇസ്രായേൽ ആക്രമണം നിർത്താതെ ഇനി യു.എസുമായി ചർച്ചയില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയത്തെ ഉദ്ധരിച്ച് ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു.
ലബനാനിൽ കൂടുതൽ ശക്തമായ ആക്രമണത്തിന് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു സൈന്യത്തിന് നിർദേശം നൽകിയതിന് പിന്നാലെയാണ് ഇറാന്റെ പ്രതികരണം. അതിനിടെ, ഇറാന്റെ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമാക്കി വീണ്ടും യു.എസ് ആക്രമണം നടത്തുകയും ചെയ്തു.
സമുദ്രാതിർത്തിയിൽ വെച്ച് അമേരിക്കയുടെ എം.ക്യു-1 ഡ്രോൺ വെടിവെച്ചിട്ടതിന് പിന്നാലെയാണ് യു.എസ് നടപടി. പ്രത്യാക്രമണമെന്നോണം, കുവൈത്തിലെ യു.എസ് സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമാക്കി ഇറാൻ ഡ്രോണുകളും മിസൈലുകളും പായിച്ചതോടെ ഗൾഫ് മേഖല ഒരിക്കൽ കൂടി ആശങ്കയുടെ നിഴലിലായി.
തിങ്കളാഴ്ച പുലർച്ചെയാണ് ദക്ഷിണ ഇറാനിലെ ഹുർമുസ് ഖാൻ പ്രവിശ്യയുടെ ഭാഗമായ ഗുരുഖിലും ഖിഷ്മ് ദ്വീപിലുമാണ് യു.എസ് ആക്രമണം നടത്തിയത്. മേഖലയിലെ ഇറാന്റെ സുപ്രധാന സൈനിക കേന്ദ്രങ്ങൾ ഇവിടെയുണ്ട്. ഹുർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതം ഇറാൻ നിയന്ത്രിക്കുന്നത് ഇവിടെ നിന്നാണ്. എണ്ണക്കപ്പൽ ഗതാഗതത്തിന് ഭീഷണിയാണെന്ന് കണ്ടെത്തിയതിനാലാണ് ഇവിടെ ആക്രമണം നടത്തിയതെന്ന് യു.എസ് സെൻട്രൽ കമാൻഡ് അറിയിച്ചു.
ഇറാനിയൻ വ്യോമ പ്രതിരോധ സംവിധാനങ്ങൾ, ഗ്രൗണ്ട് കൺട്രോൾ സ്റ്റേഷൻ, രണ്ട് ഡ്രോണുകൾ എന്നിവ തകർക്കാൻ തങ്ങൾക്ക് കഴിഞ്ഞതായി സെൻട്രൽ കമാൻഡ് എക്സ് പ്ലാറ്റ്ഫോമിലൂടെ അവകാശപ്പെട്ടു.
മേഖലയിലെ സമാധാനാന്തരീക്ഷം തകർക്കുന്ന രീതിയിലാണ് ഇറാന്റെ ഭാഗത്തുനിന്നുള്ള നീക്കങ്ങളെന്നും, തങ്ങളുടെ സൈന്യത്തെയും അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തെയും സംരക്ഷിക്കാൻ ആവശ്യമായ നടപടികൾ തുടരുമെന്നും യു.എസ് അധികൃതർ എക്സില്‍ പങ്കുവെച്ച കുറിപ്പില്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ ദിവസമാണ് ഇറാന്റെ സമുദ്രപരിധിയിൽ പ്രവേശിച്ച അമേരിക്കൻ ഡ്രോൺ ഇറാൻ സൈന്യം വെടിവെച്ചിട്ടത്.
യുദ്ധം അവസാനിപ്പിക്കുന്നതിനായുള്ള സമാധാനക്കരാർ സംബന്ധിച്ച നയതന്ത്ര ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് തിങ്കളാഴ്ച വൈകീട്ട് നിലപാട് കൂടുതൽ കർക്കശമാക്കിയത്. വെടിനിർത്തൽ കരാർ പ്രാബല്യത്തിൽവരികയാണെങ്കിൽ അതിൽ ലബനാൻ കൂടി ഉൾപ്പെടുത്തണമെന്ന് ഇറാൻ നേരത്തെ ആവശ്യപ്പെടുന്നതാണ്.
എന്നാൽ, പ്രാഥമിക വെടിനിർത്തൽ കരാറിനുശേഷവും ലബനാനിൽ ഇസ്രായേൽ സേന ആക്രമണം കനപ്പിച്ചതോടെയാണ് ഇറാൻ ചർച്ചയിൽനിന്ന് പിന്മാറുന്നതായി പ്രഖ്യാപിച്ചത്.
ലബനാനിൽ ആക്രമണം കടുപ്പിക്കാനൊരുങ്ങുകയാണ് ഇസ്രായേൽ. ദക്ഷിണ ബൈറൂത്തിലെ നിരവധി ഗ്രാമങ്ങളിൽനിന്ന് ഒഴിഞ്ഞുപോകാൻ ഇസ്രായേലിന്റെ അധിനിവേശ സൈന്യം ആവശ്യപ്പെട്ടിട്ടുണ്ട്. മാർച്ച് രണ്ടിന് തുടങ്ങിയ ആക്രമണത്തിൽ ഇതിനകം 3400ലധികം ആളുകൾ ലബനാനിൽ കൊല്ലപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.