ഗസ്സയിലേക്ക് സഹായമെത്തിക്കാൻ ഇസ്രായേൽ മിലിറ്ററി റോഡ് ഉപയോഗിക്കാനൊരുങ്ങി യു.എൻ

വാഷിങ്ടൺ: ഗസ്സയിലേക്ക് സഹായമെത്തിക്കാൻ ഇസ്രായേൽ മിലിറ്ററി റോഡ് ഉപയോഗിക്കാനൊരുങ്ങി യു.എൻ. ഗസ്സ മുനമ്പുമായി അതിരിടുന്ന റോഡിലൂടെ സഹായം എത്തിക്കാനുള്ള സാധ്യതകളാണ് പരിശോധിക്കുന്നത്. ഇതുവഴി ഗസ്സയുടെ വടക്കൻ മേഖലകളിലേക്ക് സഹായമെത്തിക്കാനാണ് നീക്കം. റോയിട്ടേഴ്സാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഗസ്സയിലെ 5,76,000 ആളുകൾ കടുത്ത പട്ടിണിയെ അഭിമുഖീകരിക്കുന്നുണ്ടെന്നാണ് യു.എൻ നൽകിയ മുന്നറിയിപ്പ്. അടിയന്തര സഹായം നൽകിയില്ലെങ്കിൽ വലിയ പ്രത്യാഘാതങ്ങൾ ഗസ്സയിലുണ്ടാകുമെന്നും യു.എൻ വ്യക്തമാക്കുന്നു.

ഇസ്രായേൽ മിലിറ്ററി റോഡിലൂടെ സഹായമെത്തിക്കാനായി കഴിഞ്ഞ ഒരാഴ്ചയായി സമ്മർദം ചെലുത്തുകയായിരുന്നുവെന്ന് ഫലസ്തീനിലെ യു.എൻ കോ-ഓർഡിനേറ്റർ ജാമി ​മക്ഗോൾഡ്റിക്ക് പറഞ്ഞു. 

ഈജിപ്തിൽ നിന്നുള്ള റഫ അതിർത്തി വഴിയും ഇസ്രായേലിൽ നിന്നുള്ള കെരെം ഷാലോം വഴിയും തെക്കൻ ഗസ്സയിലേക്ക് നിലവിൽ സഹായമെത്തിക്കാം. ഇവിടെ സഹായവാഹനങ്ങൾ പരിശോധിച്ച് ഇസ്രായേൽ സൈന്യത്തിന്റെ അകമ്പടിയോടെ മിലിറ്ററി റോഡ് വഴി അതിർത്തി ഗ്രാമമായ ബീരിയിലേക്ക് എത്തിക്കും. അവിടെ നിന്ന് സഹായ വാഹനങ്ങൾ ഗസ്സയുടെ വിവിധ മേഖലകളിലേക്ക് കൊണ്ടു പോകുമെന്നും യു.എൻ അറിയിച്ചു. ഗസ്സയുടെ ഉള്ളിലെത്തിയാൽ സഹായവിതരണം ഫലപ്രദമായി നടത്താൻ കഴിയുമെന്നും യു.എൻ വ്യക്തമാക്കി. 

അതേസമയം, രാജ്യത്തിനകത്തും അന്താരാഷ്ട്ര തലത്തിലും സമ്മർദങ്ങൾക്കിടെ ബോംബിങ്ങിനൊപ്പം സഹായം നിഷേധിച്ചും കൂട്ടക്കുരുതി ഇസ്രായേൽ നടത്തിയിരുന്നു. കൊടുംപട്ടിണി താങ്ങാനാകാതെ 18 പേർ ഗസ്സയിൽ മരണപ്പെട്ടതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. കടുത്ത പോഷകക്കുറവു മൂലം അവശരായി ഗസ്സയിലുടനീളം കുഞ്ഞുങ്ങൾ ആശുപത്രികളിൽ മരണത്തോടു മല്ലിടുന്നതായും റിപ്പോർട്ടുകൾ പറയുന്നു. മരിച്ചവരിൽ 15 പേർ കുരുന്നുകളാണ്. പട്ടിണി മരണം ആയുധമാക്കുന്നതിനെതിരെ യു.എസ് വൈസ് പ്രസിഡന്റ് കമല ഹാരിസ് കഴിഞ്ഞ ദിവസം രൂക്ഷമായി രംഗത്തുവന്നിരുന്നു.

Tags:    
News Summary - UN to test Israeli military road to get aid to Gaza's north

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.