ന്യൂയോർക്കും: ആശുപത്രികൾ ഉൾപ്പടെയുള്ള ആരോഗ്യ സംവിധാനങ്ങൾക്കെതിരായ ഇസ്രായേൽ ആക്രമണത്തിന് ഒരു ന്യായീകരണവുമില്ലെന്ന് യു.എൻ. അണ്ടർ സെക്രട്ടറി ജനറൽ മാർട്ടിൻ ഗ്രിഫിത്താണ് ആശുപത്രികൾ ആക്രമിക്കുന്നതിനെതിരെ രൂക്ഷമായ വിമർശനങ്ങൾ ഉന്നയിച്ച് രംഗത്തെത്തിയത്. സുരക്ഷിതത്വത്തിന്റെ സ്ഥലമാകണം ആശുപത്രികൾ. അത് യുദ്ധം നടത്താനുളള സ്ഥലമല്ലെന്ന് ഗ്രിഫിത്ത് പറഞ്ഞു.
ആരോഗ്യസംവിധാനങ്ങൾക്കെതിരായ ആക്രമണങ്ങൾക്ക് ഒരു ന്യായീകരണവുമില്ല. ആരോഗ്യകേന്ദ്രങ്ങൾക്ക് വൈദ്യുതിയും അവിടെയുള്ളവർക്ക് വെള്ളവും ഭക്ഷണവും നിഷേധിക്കുന്നതും രോഗികളേയും പൗരൻമാരേയും വെടിവെക്കുന്നതും അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരം ആക്രമണങ്ങൾ മനഃസാക്ഷിക്ക് നിരക്കാത്തതും അപലപനീയവും നിർത്തേണ്ടതുമാണെന്നും ഗ്രിഫിത്ത് വ്യക്തമാക്കി.
അതേസമയം, ഗസ്സയിലെ ഏറ്റവും വലിയ ആശുപത്രിയായ അൽ ശിഫ ഹോസ്പിറ്റലിൽ ജനറേറ്ററുകൾ നിലച്ച് ഇൻകുബേറ്ററിലുള്ള 39 നവജാതശിശുക്കൾ ഏതു നിമിഷവും മരിക്കുമെന്ന അവസ്ഥയിലാണ്. വെന്റിലേറ്ററിലുള്ള രണ്ടുപേർ മരിച്ചു. ഇതിലൊരാൾ കുട്ടിയാണ്. ആശുപത്രിയുടെ പ്രധാന ഐ.സി.യു വിഭാഗത്തിനുമേലും ബോംബിട്ടു. ജനറേറ്റർ നിലച്ചതുകാരണം ഫ്രീസറിൽനിന്ന് മാറ്റിയ മൃതദേഹങ്ങൾ ഖബറടക്കാനായി അൽശിഫ ആശുപത്രിയിൽ കൂട്ടക്കുഴിമാടം ഒരുക്കാനുള്ള ശ്രമം ഇസ്രായേലി ഷെല്ലിങ്ങിനെ തുടർന്ന് ഉപേക്ഷിച്ചതായി ആശുപത്രി അധികൃതർ പറഞ്ഞു.
ആർക്കും ആശുപത്രിയിൽനിന്ന് പുറത്തുകടക്കാനോ ആശുപത്രിയിലേക്ക് വരാനോ സാധിക്കുന്നില്ല. അനങ്ങുന്ന ആരെയും സ്നൈപ്പറുകൾ വെടിവെച്ചിടുന്നുവെന്നും അവർ കൂട്ടിച്ചേർത്തു. അൽ ഖുദ്സ് ഹോസ്പിറ്റൽ ടാങ്കുകൾ വളഞ്ഞിരിക്കുകയാണ്. 14,000പേർ അഭയംതേടിയിരിക്കുന്ന ആശുപത്രി വളപ്പിലേക്ക് ഏതുനിമിഷവും ടാങ്കുകൾ ഇരച്ചുകയറുമെന്ന അവസ്ഥയാണ്.
ഇതുവരെയായി 11,078 ഫലസ്തീനികൾ മരിച്ചു. അതേസമയം, ഹമാസ് ആക്രമണത്തിൽ തങ്ങളുടെ 1400 പൗരൻമാർ മരിച്ചിരുന്നുവെന്ന കണക്ക് വെള്ളിയാഴ്ച ഇസ്രായേൽ നാടകീയമായി വെട്ടിക്കുറച്ചു. 1200ലധികം പേരാണ് മരിച്ചതെന്നാണ് ഇപ്പോൾ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.