ജനീവ: റോഹിങ്ക്യൻ അഭയാർഥികളെ ഇന്ത്യൻ നാവികസേന കപ്പലിൽനിന്ന് കടലിലേക്ക് തള്ളിയിട്ടെന്ന റിപ്പോർട്ടിൽ കേന്ദ്ര സർക്കാറിൽനിന്ന് വിശദാംശങ്ങൾ തേടി ഐക്യരാഷ്ട്ര സഭയുടെ മ്യാന്മർകാര്യ പ്രത്യേക പ്രതിനിധി ടോം ആൻഡ്രൂസ്. സംഭവം അന്വേഷിക്കുകയാണെന്നും സത്യമാണെങ്കിൽ അത് മനഃസാക്ഷിയില്ലാത്ത പ്രവൃത്തിയാണെന്നും അദ്ദേഹം പറഞ്ഞു.
യു.എൻ മനുഷ്യാവകാശ കൗൺസിൽ നിയോഗിച്ച സ്വതന്ത്ര വിദഗ്ധനാണ് ടോം ആൻഡ്രൂസ്. കഴിഞ്ഞയാഴ്ച ഡൽഹിയിൽ താമസിക്കുന്ന നിരവധി റോഹിങ്ക്യൻ അഭയാർഥികളെ ഇന്ത്യൻ അധികൃതർ കസ്റ്റഡിയിലെടുത്തിരുന്നുവെന്നും അവരുടെ പക്കൽ അഭയാർഥി തിരിച്ചറിയൽ കാർഡ് ഉണ്ടായിരുന്നുവെന്നും റിപ്പോർട്ടുണ്ട്.
സംഘത്തിലെ ഏകദേശം 40 അംഗങ്ങളെ കണ്ണുകെട്ടി അന്തമാൻ നികോബാർ ദ്വീപുകളിലേക്ക് കൊണ്ടുപോവുകയും അവിടെനിന്ന് ഇന്ത്യൻ നാവികസേന കപ്പലിലേക്ക് മാറ്റുകയും ചെയ്തു. അന്തമാൻ കടന്ന ശേഷം അഭയാർഥികൾക്ക് ലൈഫ് ജാക്കറ്റ് നൽകി കടലിൽ ഇറക്കിവിട്ട് മ്യാന്മറിലെ ദ്വീപിലേക്ക് നീന്താൻ പ്രേരിപ്പിച്ചുവെന്നാണ് കഴിഞ്ഞ ദിവസം റിപ്പോർട്ട് പുറത്തുവന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.