ലണ്ടൻ: തദ്ദേശ തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് പിന്നാലെ ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ർ സ്റ്റാമർക്കെതിരെ ഭരണകക്ഷിയായ ലേബർ പാർട്ടിയിൽ ആഭ്യന്തര കലഹം രൂക്ഷമാകുന്നു. സ്റ്റാമർ രാജിവക്കണമെന്ന ആവശ്യവുമായി 70 ലധികം എം.പിമാർ പരസ്യമായി രംഗത്തെത്തി. തിങ്കളാഴ്ച നാല് മന്ത്രിതല സഹായികൾ രാജിവെച്ചതോടെയാണ് സ്റ്റാമർക്കെതിരെയുള്ള നീക്കങ്ങൾ പരസ്യമായത്. വിദേശകാര്യ സെക്രട്ടറി യെവെറ്റ് കൂപ്പർ, ആഭ്യന്തര മന്ത്രി ശബാന മഹ്മൂദ് എന്നിവരടക്കമുള്ള മുതിർന്ന നേതാക്കൾ അധികാര കൈമാറ്റത്തിന് സമയമായെന്ന് പ്രധാനമന്ത്രിയെ ധരിപ്പിച്ചതായാണ് റിപ്പോർട്ടുകൾ.
തനിക്ക് ഒരു അവസരം കൂടി നൽകണമെന്ന സ്റ്റാമറുടെ വൈകാരികമായ അഭ്യർത്ഥന പാർട്ടിയിലെ അതൃപ്തർ തള്ളിക്കളഞ്ഞതോടെയാണ് പ്രതിസന്ധി രൂക്ഷമായത്. 2024ൽ വലിയ ഭൂരിപക്ഷത്തോടെ അധികാരത്തിൽ വന്ന സ്റ്റാമർക്ക്, വെറും രണ്ട് വർഷത്തിനുള്ളിൽ സ്വന്തം പാർട്ടിയിൽ നിന്ന് തന്നെ കനത്ത വെല്ലുവിളി നേരിടേണ്ടി വന്നിരിക്കുകയാണ്. 2029ലെ അടുത്ത പൊതുതെരഞ്ഞെടുപ്പിനെ നയിക്കാൻ 63-കാരനായ സ്റ്റാമർക്ക് കഴിയില്ലെന്ന് ആരോപിച്ചാണ് നാല് മന്ത്രിതല സഹായികൾ പടിയിറങ്ങിയത്. ഇത് പുതിയ നേതൃത്വത്തിനായുള്ള തെരഞ്ഞെടുപ്പിലേക്ക് പാർട്ടിയെ നയിക്കാനാണെന്ന് കരുതപ്പെടുന്നു.
ഇംഗ്ലണ്ട്, സ്കോട്ട്ലൻഡ്, വെയിൽസ് എന്നിവിടങ്ങളിൽ നടന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ ലേബർ പാർട്ടിക്ക് നൂറുകണക്കിന് സീറ്റുകൾ നഷ്ടമായിരുന്നു. ജനവികാരം സർക്കാരിന് എതിരാണെന്ന തിരിച്ചറിവാണ് എം.പിമാരെ കലാപത്തിന് പ്രേരിപ്പിക്കുന്നത്. ലേബർ പാർട്ടി നിയമപ്രകാരം 81 എം.പിമാർ ഒപ്പിട്ടു നൽകിയാൽ നേതൃമാറ്റത്തിനായുള്ള തെരഞ്ഞെടുപ്പ് ആരംഭിക്കാം. നിലവിൽ 70 പേർ രംഗത്തെത്തിയത് സ്റ്റാമറുടെ നില പരുങ്ങലിലാക്കിയിട്ടുണ്ട്.
എന്നാൽ സമ്മർദങ്ങൾക്കിടയിലും രാജി വെക്കില്ലെന്ന ഉറച്ച നിലപാടിലാണ് കെയ്ർ സ്റ്റാമർ. ‘എന്നെ സംശയിക്കുന്നവർ ഉണ്ടെന്ന് എനിക്കറിയാം, അവർ തെറ്റാണെന്ന് ഞാൻ തെളിയിക്കും. രാജ്യത്തെ സേവിക്കുന്നതിൽ നിന്ന് ഞാൻ ഒളിച്ചോടില്ല,’ ലണ്ടനിൽ പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്ത് അദ്ദേഹം പറഞ്ഞു. യുക്രെയ്നിലും ഇറാനിലും യുദ്ധസാഹചര്യം നിലനിൽക്കുന്ന വേളയിൽ നേതൃമാറ്റം രാജ്യത്ത് അരാജകത്വം സൃഷ്ടിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
നേതൃമാറ്റം ആവശ്യപ്പെട്ട് സെപ്റ്റംബറിൽ തെരഞ്ഞെടുപ്പ് നടത്തണമെന്ന ആവശ്യവും പാർട്ടിയിൽ ഉയരുന്നുണ്ട്. ചൊവ്വാഴ്ച ലണ്ടനിൽ ചേരുന്ന മന്ത്രിസഭാ യോഗം സ്റ്റാമറുടെ രാഷ്ട്രീയ ഭാവിയിൽ നിർണ്ണായകമാകും. ഹെൽത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിങ്, മുൻ ഡെപ്യൂട്ടി പി.എം ഏഞ്ചല റെയ്‌നർ ഉൾപ്പെടെയുള്ളവർ സ്റ്റാമർക്ക് പകരക്കാരായി വരാൻ സാധ്യതയുള്ളവരുടെ പട്ടികയിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.