അമ്മക്ക് മരുന്നു വാങ്ങാൻ പുറത്തിറങ്ങിയ യുവതി റഷ്യൻ ​ആക്രമണത്തിൽ കൊല്ലപ്പെട്ടു

റഷ്യൻ സൈന്യത്തിന്റെ വെടിയേറ്റ് യുക്രെയ്ൻ യുവതിക്ക് ജീവൻ നഷ്ടമായി. സാമൂഹിക പ്രവർത്തക കൂടിയായ വലേറിയ മക്സെറ്റ്സ്‌ക എന്ന യുവതിക്കാണ് ദാരുണാന്ത്യം.

മെഡിക്കൽ പ്രൊഫഷനലായ വലേറിയ പ്രദേശവാസികളെ സഹായിക്കാൻ വേണ്ടിയാണ് യുദ്ധത്തിനിടയിലും യുക്രെയ്നിൽ തുടരാൻ തീരുമാനിച്ചത്. എന്നാൽ രോഗിയായ അമ്മയുടെ മരുന്ന് തീർന്നതോടെ വലേറിയ രാജ്യം വിടാൻ നിർബന്ധിതയായി. മരുന്നുവാങ്ങാനായി പുറത്തിറങ്ങിയപ്പോൾ റഷ്യൻ സൈന്യത്തിന്റെ വെടിയേറ്റ് വലേറിയ കൊല്ലപ്പെട്ടുവെന്ന വാർത്തയാണ് പുറത്ത് വരുന്നത്.

 


അതേസമയം, മാതാവുമായി പലായനം ചെയ്യുന്നതിന്റെ ഭാഗമായി പടിഞ്ഞാറൻ അതിർത്തിയിലേക്ക് യാത്ര ചെയ്യുമ്പോഴാണ് ഇവർ സൈന്യത്തിന്റെ വെടിയേറ്റ് മരിച്ചതെന്ന് ഡെയ്‌ലി മെയിൽ റിപ്പോർട്ട് ചെയ്യുന്നു. അവളുടെ അമ്മയും ഡ്രൈവറും വാഹനത്തിൽ മരിച്ചുകിടക്കുന്നുണ്ടായിരുന്നെന്നും റിപ്പോർട്ടുകൾ പറയുന്നു. ആക്രമണം രൂക്ഷമായ കിയവിന് പുറത്തുള്ള ഗ്രാമത്തിലാണ് ഇവർക്ക് വെടിയേറ്റത്. വലേരിയ മക്സെറ്റ്സ്‌ക ജനിച്ചതും വളർന്നതും ഡൊനെറ്റ്സ്‌കിലാണ്. യുദ്ധം തുടങ്ങിയപ്പോൾ ജനസേവനത്തിനായി തലസ്ഥാനമായ കിയവിലേക്ക് മാറുകയായിരുന്നു.

31കാരിയായ വലേരിയ മക്സെറ്റ്സ്‌ക മരിക്കുന്നതിന് മുമ്പ് യുനൈറ്റഡ് സ്റ്റേറ്റ്സ് ഏജൻസി ഫോർ ഇന്റർനാഷനൽ ഡെവലപ്മെന്റുമായി (യു.എസ്.എ.ഐ.ഡി) ചേർന്ന് പ്രവർത്തിച്ചിരുന്നു. യു.എസ്.എ.ഐ.ഡി അഡ്മിനിസ്‌ട്രേറ്റർ സാമന്ത പവർ വലേരിയ മരണം സ്ഥിരീകരിച്ചു. 'ധീരയായ യുവതി' എന്നാണ് സാമന്ത പവർ വലേരിയ മക്സെറ്റ്സ്‌കയെ വിശേഷിപ്പിച്ചത്. അവർക്ക് റഷ്യയുടെ അധിനിവേശം തുടങ്ങിയപ്പോൾ വേണമെങ്കിൽ രാജ്യം വിടാമായിരുന്നു. എന്നാൽ അവർ മറ്റുള്ളവരെ സഹായിക്കാനായി ഇവിടെ തുടരുകയായിരുന്നു. അവരുടെ മരണത്തിൽ അതിയായി വേദനിക്കുന്നതിനോടൊപ്പം അവരെ കുറിച്ച് അഭിമാനിക്കുന്നുവെന്നും യു.എസ്.എ.ഐ.ഡി അഡ്മിനിസ്‌ട്രേറ്റർ ഓർമിപ്പിച്ചു.

കഴിഞ്ഞ ഫെബ്രുവരി 24 നാണ് റഷ്യ യുക്രൈനിൽ അധിനിവേശം തുടങ്ങിയത്. കൈവിനടുത്തുള്ള ഗ്രാമത്തിൽ നിന്ന് പലായനം ചെയ്ത സ്ത്രീകളും കുട്ടികളും അടങ്ങുന്ന ഒരു സംഘത്തിന് നേരെ റഷ്യൻ സൈന്യം വെടിയുതിർത്തതായി യുക്രെയ്ൻ പറഞ്ഞു. ഏഴ് പേർ കൊല്ലപ്പെട്ടു. അപകടത്തിൽപെട്ടത് ഒരു കുട്ടിയാണ്.

ശനിയാഴ്ച യുക്രേനിയൻ നഗരങ്ങളിൽ നിന്ന് 13,000 പേരെ ഒഴിപ്പിച്ചതായി ഉപപ്രധാനമന്ത്രി പറഞ്ഞു. യുക്രെയ്ൻ ആളുകളെ ഒഴിപ്പിക്കാനും മാനുഷിക ഇടനാഴികളിലൂടെ സഹായം എത്തിക്കാനും ശ്രമിക്കുന്ന പ്രദേശങ്ങളിൽ റഷ്യൻ ആക്രമണം തുടരുകയാണെന്ന് കൈവ്, ഡൊനെറ്റ്സ്ക് മേഖലകളിലെ ഗവർണർമാർ പറഞ്ഞു.

സംഘർഷം അവസാനിപ്പിക്കുന്നതിനുള്ള ചർച്ചകളിൽ അടിസ്ഥാനപരമായി വ്യത്യസ്തമായ സമീപനമാണ് റഷ്യ സ്വീകരിച്ചതെന്ന് യുക്രേനിയൻ പ്രസിഡന്റ് വോളോദിമിർ സെലെൻസ്‌കി പറഞ്ഞു. യുദ്ധം അവസാനിപ്പിക്കാൻ എന്തുതരം ചർച്ചക്കും തയ്യാറാണെന്ന് യുക്രെയ്ൻ വിദേശകാര്യ മന്ത്രി പറഞ്ഞു. 

Tags:    
News Summary - Ukraine Woman "Killed By Russians" While Getting Medicine For Sick Mother

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.