ഞങ്ങളുടെ കുഞ്ഞുങ്ങൾ തെരുവിൽ മരിച്ചുവീഴുന്നു; കണ്ണീരിൽ കുതിർന്ന കത്തുമായി യുക്രെയ്ൻ പ്രഥമവനിത

യുക്രെയ്നിൽ റഷ്യൻ അധിനിവേശം തുടങ്ങിയിട്ട് 14 ദിവസങ്ങൾ പിന്നിട്ടു. നിരവധി സാധാരണക്കാർക്ക് ജീവൻ നഷ്ടപ്പെട്ടു. കുട്ടികളും കൊല്ല​പ്പെട്ടിട്ടുണ്ട്. അധിനിവേശം തുടരും എന്ന നിലക്കുള്ള അറിയിപ്പുകളാണ് റഷ്യയുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്. രക്ഷക്കെത്തു​മെന്ന് യുക്രെയ്ൻ കരുതിയിരുന്ന നാറ്റോ ​സൈന്യവും യു.എസും കൈമലർത്തിയതോടെ കൂടുതൽ ദുഷ്കരമായിരിക്കുകയാണ് രാജ്യത്തിന്റെ അവസ്ഥ. അതിനിടെയാണ് യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലെൻസ്കിയുടെ പ്രിയതമയും രാജ്യത്തെ പ്രഥമ വനിതയുമായ ഒലീന സെലെന്‍സ്‌ക റഷ്യക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്.

റഷ്യന്‍ അധിനിവേശത്തെ അപലപിച്ച് ആഗോള മാധ്യമങ്ങള്‍ക്ക് തുറന്ന കത്തുമായാണ് ഒലീന രംഗത്തെത്തിയിരിക്കുന്നത്. കുട്ടികളുള്‍പ്പെടെയുള്ള സാധാരണക്കാരെ റഷ്യ കൂട്ടക്കൊല ചെയ്യുന്നതിനെ അവർ അപലപിച്ചു. യുക്രെയ്നിലെ റഷ്യയുടെ അധിനിവേശം വിശ്വസിക്കാന്‍ സാധിക്കാത്തതാണെന്ന് വികാരാധീനമായ പ്രസ്താവനയില്‍ സെലെന്‍സ്‌ക പറഞ്ഞു.

ഫെബ്രുവരി 24ന് ഞങ്ങള്‍ എല്ലാവരും ഉണര്‍ന്നത് ഒരു റഷ്യന്‍ അധിനിവേശത്തിന്റെ പ്രഖ്യാപനത്തിലേക്കാണ്. ടാങ്കുകള്‍ യുക്രെയ്ന്‍ അതിര്‍ത്തി കടന്നു. വിമാനങ്ങള്‍ ഞങ്ങളുടെ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചു. മിസൈല്‍ ലോഞ്ചറുകള്‍ നഗരങ്ങളെ വളഞ്ഞു. ക്രെംലിന്‍ പിന്തുണയുള്ള പ്രചാരണ ഔട്ട്ലെറ്റുകളില്‍ നിന്നുള്ള ഉറപ്പുകള്‍ ഉണ്ടായിരുന്നിട്ടും ഇതിനെ ഒരു 'സ്‌പെഷ്യല്‍ ഓപ്പറേഷന്‍' എന്നാണ് അവര്‍ വിളിക്കുന്നത്. വാസ്തവത്തില്‍ ഇത് യുക്രെയ്ന്‍ ജനതയുടെ കൂട്ടക്കൊലയാണ്. ഒലീന സെലെന്‍സ്‌ക പറഞ്ഞു.

ഈ യുദ്ധത്തിന്റെ തിക്തഫലം അനുഭവിക്കുന്നത് സാധാരണ ജനങ്ങളാണ്. അത് ഷെല്ലാക്രമണത്തിലൂടെ മാത്രമല്ല. ഞങ്ങളുടെ റോഡുകളിലാകെ അഭയാര്‍ഥികളുടെ പ്രളയമാണ്. സ്വന്തം ജീവിതത്തെയും പ്രിയപ്പെട്ടവരെയും പിന്നിലുപേക്ഷിക്കുന്നതിന്റെ വേദനയുമായി പലായനം ചെയ്യുന്ന ക്ഷീണിതരായ സ്ത്രീകളുടെയും കുട്ടികളുടെയും കണ്ണുകളിലേക്ക് നോക്കൂ, ഒലീന കുറിക്കുന്നു.

എട്ടുവയസ്സുകാരി ആലീസ് ഒഖ്തിര്‍ക്കയിലെ തെരുവില്‍ കൊല്ലപ്പെട്ടു. കിയവില്‍ നിന്നുള്ള പോളിന, അവളുടെ മാതാപിതാക്കളോടൊപ്പം ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ടു. 14 വയസ്സുള്ള ആര്‍സെനിയുടെ തലയില്‍ അവശിഷ്ടങ്ങള്‍ പതിച്ചാണ് മരിച്ചത്. സാധാരണക്കാര്‍ക്കെതിരേ യുദ്ധം ചെയ്യുന്നില്ല എന്ന് റഷ്യ പറയുമ്പോഴും കൊല്ലപ്പെട്ട ഈ കുട്ടികളുടെ പേരുകള്‍ ഞാന്‍ ഉറക്കെ പറയുകയാണ് -ഒലീന വികാരനിര്‍ഭരമായ കുറിപ്പില്‍ പറഞ്ഞു.

20 ലക്ഷം ആളുകൾ യുദ്ധത്തെ തുടർന്ന് യുക്രെയ്നിൽനിന്നും പലായനം ചെയ്തു എന്നാണ് കണക്കുകൾ പറയുന്നത്. നിരവധി കുട്ടികളും മരിച്ചു. അതേസമയം പതിനായിരത്തിൽപരം റഷ്യൻ പട്ടാളക്കാരെ വധിച്ചതായും യുക്രെയ്ൻ അവകാശപ്പെടുന്നുണ്ട്. 

Tags:    
News Summary - Ukraine war: First Lady Olena Zelenska writes open letter condemning Putin and 'mass murder of Ukrainian civilians'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.