കിയവ്: യുദ്ധത്തടവുകാരെ മോചിപ്പിച്ചാൽ തങ്ങൾ തടവിലാക്കിയിരിക്കുന്ന റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിന്റെ സുഹൃത്തിനെ വിട്ടയക്കാമെന്ന് യുക്രെയ്ൻ. പുടിനുമായി അടുത്ത ബന്ധം പുലർത്തുന്ന യുക്രെയ്‌ൻ രാഷ്ട്രീയ നേതാവും ശതകോടീശ്വരനുമായ വിക്ടർ മെദ്‌വെഡ്‌ചുക്കിനെ കഴിഞ്ഞ ദിവസമാണ് യുക്രെയ്ൻ തടവിലാക്കിയത്.
കഴിഞ്ഞ വർഷം മുതൽ രാജ്യദ്രോഹക്കുറ്റം ചുമത്തി വീട്ടുതടങ്കലിലായിരുന്നു വിക്ടർ. യുക്രെയ്‍നിലെ റഷ്യൻ അധിനിവേശത്തിനു പിന്നാലെ അദ്ദേഹം രക്ഷപ്പെട്ടതായി യുക്രെയ്‌ൻ ആരോപിച്ചിരുന്നു. ചൊവ്വാഴ്ച യുക്രെയ്ൻ രഹസ്യാന്വേഷണ ഏജൻസിയായ എസ്.ബി.യു നടത്തിയ പ്രത്യേക ഓപറേഷനിൽ വിക്ടർ പിടിയിലാകുകയായിരുന്നു. യുക്രെയ്ൻ ദേശീയ സുരക്ഷ ഏജൻസി തലവൻ ഇവാൻ ബക്കനോവ് അറസ്റ്റ് സ്ഥിരീകരിക്കുകയും വിക്ടർ കൈവിലങ്ങണിഞ്ഞ് അവശനായി ഇരിക്കുന്ന ഫോട്ടോ പ്രസിഡന്റ് വൊളോദിമിർ സെലൻസ്‌കി സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയും ചെയ്തിരുന്നു.
'പുടിന്റെ പ്രധാന സുഹൃത്തിനെ നിങ്ങൾക്ക് തിരികെ വേണമെന്നുണ്ടെങ്കിൽ റഷ്യ തടവിലാക്കിയ മുഴുവൻ യുദ്ധത്തടവുകാരെയും മോചിപ്പിക്കണം' എന്നും സെലൻസ്‌കി ആവശ്യപ്പെട്ടു. റഷ്യൻ അനുകൂല പ്രതിപക്ഷ പാർട്ടിയുടെ നേതാവും നാറ്റോയിൽ ചേരാനുള്ള യുക്രെയ്ൻ നീക്കത്തിനെതിരെ ശക്തമായ നിലപാടെടുത്തയാളുമാണ് 67കാരനായ വിക്ടർ മെദ്‌വെഡ്‌ചുക്. പുടിനുമായി ഏറ്റവും അടുപ്പം പുലർത്തുന്ന യുക്രെയ്നിലെ നേതാവാണ് അദ്ദേഹം. സെലൻസ്‌കിയെ സ്ഥാനഭ്രഷ്ടനാക്കി പാവ ഭരണകൂടത്തെ വാഴിക്കാൻ പദ്ധതിയിട്ടപ്പോൾ പുടിൻ വിക്ടർ അടക്കമുള്ളവരുടെ പേരുകൾ പരിഗണിച്ചിരുന്നതായും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.