റഷ്യയുമായി ചർച്ചക്ക് തയാർ; പക്ഷേ, വെടിനിർത്തൽ സമ്മതിക്കണമെന്ന് പുടി​നോട് സെലെൻസ്‌കി

കീവ്: റഷ്യയുമായി നേരിട്ടുള്ള ചർച്ചകൾക്ക് യുക്രെയ്ൻ തയാറാണെന്നും പക്ഷേ, ആദ്യം നിരുപാധികമായ വെടിനിർത്തലിൽ മോസ്കോ ഒപ്പുവെക്കണമെന്നും തുർക്കിയിൽ ചർച്ചകൾ നടത്താനുള്ള വ്ലാദിമിർ പുടിന്റെ നിർദേശത്തിന് മറുപടിയായി വ്ലാദിമിർ സെലെൻസ്‌കി. ‘ഒരു ദിവസം പോലും കൊലപാതകം തുടരുന്നതിൽ അർത്ഥമില്ല. മെയ് 12 മുതൽ റഷ്യ സമ്പൂർണവും വിശ്വസനീയവുമായ വെടിനിർത്തൽ സ്ഥിരീകരിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. എങ്കിൽ യുക്രെയ്ൻ കൂടിക്കാഴ്ചക്ക് തയാറാണെ’ന്നും എക്‌സിലെ പോസ്റ്റിൽ സെലൻസ്കി പറഞ്ഞു.

യുക്രേനിയൻ, റഷ്യൻ പ്രതിനിധികൾ ഈ വ്യാഴാഴ്ച ഇസ്താംബൂളിൽ കൂടിക്കാഴ്ച നടത്തണമെന്ന പുടിന്റെ നിർദേശത്തിന് സെലൻസ്കിയുടെ ചീഫ് ഓഫ് സ്റ്റാഫ് ആൻഡ്രി യെർമാക് ടെലിഗ്രാം പോസ്റ്റിലും മറുപടി വ്യക്തമാക്കി. ‘ആദ്യം 30 ദിവസത്തെ വെടിനിർത്തൽ, പിന്നെ മറ്റെല്ലാം’.

ശനിയാഴ്ച ബ്രിട്ടൻ, ഫ്രാൻസ്, ജർമ്മനി, പോളണ്ട് എന്നീ രാജ്യങ്ങളിലെ നേതാക്കൾ കീവിലേക്ക് നടത്തിയ സന്ദർശനത്തിനിടെ 30 ദിവസത്തെ വെടിനിർത്തൽ ആവശ്യം ഉന്നയിച്ചിരുന്നു. ഇവർ സെലെൻസ്‌കിയുമായി ചേർന്ന് സംയുക്ത പത്രസമ്മേളനം നടത്തി. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ ഫോണിൽ വിളിക്കുകയും ചെയ്തു.

യുക്രെയ്നിൽ നിരുപാധികമായ 30 ദിവസത്തെ വെടിനിർത്തലിന് യൂറോപ്യൻ നേതാക്കൾ ആഹ്വാനം ചെയ്യുന്നുവെന്നും പുടിൻ വാഗ്ദാനം നിരസിച്ചാൽ, തങ്ങൾ പ്രതികരിക്കുമെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ പറഞ്ഞു. പ്രസിഡന്റ് ട്രംപുമായും തങ്ങളുടെ എല്ലാ പങ്കാളികളുമായും സഹകരിച്ച് ഉപരോധങ്ങൾ വർധിപ്പിക്കും. റഷ്യയെ വീണ്ടും ചർച്ചയിലേക്ക് സമ്മർദ്ദം ചെലുത്താൻ യുക്രെയ്‌നിന്റെ പ്രതിരോധത്തിനുള്ള സൈനിക സഹായം വർധിപ്പിക്കുമെന്നും കെയർ സ്റ്റാർമർ പറഞ്ഞു.

Tags:    
News Summary - Ukraine ready to meet Russia but only if ceasefire agreed, says Zelenskky

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.