ഇന്ത്യ-പാക് സമാധാനം ഉറപ്പാക്കാൻ യു.എസുമായി സഹകരിച്ച് പ്രവർത്തിക്കുന്നുവെന്ന് ബ്രിട്ടീഷ് വിദേശകാര്യ മന്ത്രി

ലണ്ടൻ: ഇന്ത്യയും പാകിസ്താനും തമ്മിൽ ശാശ്വതമായ വെടിനിർത്തൽ, പരസ്പര വിശ്വാസം വളർത്തുന്ന നടപടികൾ എന്നിവ ഉറപ്പാക്കാൻ യു.എസുമായി സഹകരിച്ച് പ്രവർത്തിക്കുന്നതായി ബ്രിട്ടീഷ് വിദേശകാര്യ മന്ത്രി ഡേവിഡ് ലാമി. കൂടാതെ സിന്ധു ജല ഉടമ്പടി പ്രകാരമുള്ള ബാധ്യതകൾ നിറവേറ്റാൻ ഇരു കക്ഷികളെയും പ്രേരിപ്പിക്കുന്നതായും ലാമി പറഞ്ഞു.

‘ശാശ്വതമായ ഒരു വെടിനിർത്തലും സംഭാഷണവും ഉറപ്പാക്കാനും ഇരുപക്ഷത്തിനും ഇടയിൽ ആത്മവിശ്വാസം വളർത്തുന്ന നടപടികൾക്കും ഞങ്ങൾ അമേരിക്കയുമായി തുടർന്നും പ്രവർത്തിക്കും’ -പാക് തലസ്ഥാനമായ ഇസ്‍ലാമാബാദിൽ രണ്ടു ദിവസത്തെ സന്ദർശനത്തിനൊടുവിൽ ലാമി പറഞ്ഞതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.

എല്ലാ കക്ഷികളെയും അവരുടെ ഉടമ്പടി ബാധ്യതകൾ നിറവേറ്റാൻ ഞങ്ങൾ അഭ്യർത്ഥിക്കുമെന്ന് ഇന്ത്യ സിന്ധു ജല ഉടമ്പടി താൽക്കാലികമായി നിർത്തിവച്ചതിനെക്കുറിച്ചും പാകിസ്താന്റെ ജലവിതരണം തടസ്സപ്പെടുത്തുന്നതിനെക്കുറിച്ചും ചോദിച്ചപ്പോൾ ലാമി പറഞ്ഞു. ഇവർ ഒരു നീണ്ട ചരിത്രമുള്ള രണ്ട് അയൽക്കാരാണ്. പക്ഷേ, കഴിഞ്ഞ കാലയളവിൽ പരസ്പരം സംസാരിക്കാൻ പോലും കഴിയാത്ത രണ്ട് അയൽക്കാരാണവർ. കൂടുതൽ സംഘർഷം ഉണ്ടാകുന്നില്ലെന്നും വെടിനിർത്തൽ നിലനിൽക്കുന്നുണ്ടെന്നും ഉറപ്പാക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നുവെന്നും ലാമി പറഞ്ഞു.

അമേരിക്കൻ വ്യാപാരം വാഗ്ദാനം ചെയ്തുകൊണ്ട് ഡൽഹിയെയും ഇസ്‍ലാമാബാദിനെയും ആണവയുദ്ധത്തിന്റെ വക്കിൽനിന്ന് പിന്നോട്ട് വലിച്ചതായി യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അവകാശപ്പെട്ട സന്ദർഭത്തിലാണ് ലാമിയുടെ പ്രസ്താവന.

Tags:    
News Summary - UK foreign minister David Lammy says ‘working with US’ to ensure India-Pakistan peace

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.