ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി എഡ് മിലിബാൻഡ് ഹൗസ് ഓഫ് കോമൺസിൽ
അധിനിവേശം വ്യാപിപ്പിക്കുന്ന ഇസ്രായേലിനെതിരായ മുന്നറിയിപ്പ്; കുടിയേറ്റ ഉൽപന്നങ്ങൾക്ക് വ്യാപാര വിലക്ക് പ്രഖ്യാപിച്ച് ബ്രിട്ടനും യൂറോപ്യൻ യൂണിയനും
ലണ്ടൻ: അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെ അനധികൃത ഇസ്രായേലി കുടിയേറ്റ കേന്ദ്രങ്ങളിൽ നിന്നുള്ള ഉൽപന്നങ്ങൾക്ക് ബ്രിട്ടൻ സമ്പൂർണ്ണ വ്യാപാര വിലക്ക് ഏർപ്പെടുത്തി. ബ്രിട്ടന് പുറമെ ഫ്രാൻസ്, കാനഡ, അയർലൻഡ്, സ്പെയിൻ, സ്വീഡൻ തുടങ്ങി യൂറോപ്യൻ യൂണിയനിലെ11 രാജ്യങ്ങളും ഈ ഉപരോധത്തിൽ പങ്കാളികളാകുമെന്ന് വിദേശകാര്യ മന്ത്രിമാരുടെ സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കി. ഫലസ്തീൻ പ്രദേശങ്ങളിൽ ക്രമാതീതമായി വർധിച്ചുവരുന്ന കുടിയേറ്റ അക്രമങ്ങളും നിയമവിരുദ്ധ നിർമാണ പ്രവർത്തനങ്ങളും ചൂണ്ടിക്കാട്ടിയാണ് സാമ്പത്തിക ഉപരോധം ഉൾപ്പെടെയുള്ള കടുത്ത തീരുമാനത്തിലേക്ക് അന്താരാഷ്ട്ര സമൂഹം കടന്നിരിക്കുന്നത്.
ബ്രിട്ടീഷ് പാർലമെന്റിനെ അഭിസംബോധന ചെയ്തുകൊണ്ട് വിദേശകാര്യ സെക്രട്ടറി എഡ് മിലിബാൻഡ് ആണ് നിർണ്ണായകമായ ഈ പ്രഖ്യാപനം നടത്തിയത്. വെസ്റ്റ് ബാങ്കിൽ ഇസ്രായേലി കുടിയേറ്റ തീവ്രവാദികൾ നടത്തുന്നത് ‘വംശീയ ഉന്മൂലനത്തിന്’ തുല്യമായ കാര്യങ്ങളാണെന്നും ഇസ്രായേൽ സർക്കാർ ഇതിന് നേരെ കണ്ണടക്കുകയാണെന്നും അദ്ദേഹം രൂക്ഷമായി വിമർശിച്ചു. അന്താരാഷ്ട്ര നിയമങ്ങൾ ലംഘിച്ച് നിർമിച്ച കുടിയേറ്റ കേന്ദ്രങ്ങളിൽ നിന്നുള്ള ഉൽപന്നങ്ങൾ സൂപ്പർമാർക്കറ്റുകളിൽ നിന്ന് വാങ്ങി അധിനിവേശത്തെ പിന്തുണക്കാൻ ബ്രിട്ടീഷ് ജനത ആഗ്രഹിക്കുന്നില്ലെന്ന് മിലിബാൻഡ് വ്യക്തമാക്കി. ഈ നടപടികൾ ഇസ്രായേലി ജനതക്കെതിരല്ലെന്നും, മറിച്ച് അധിനിവേശം വ്യാപിപ്പിക്കുന്ന ഇസ്രായേൽ സർക്കാരിന്റെ നയങ്ങൾക്കെതിരെയുള്ള കൃത്യമായ മുന്നറിയിപ്പാണെന്നും പ്രധാനമന്ത്രി ആന്റി ബർണാം കൂട്ടിച്ചേർത്തു.
കിഴക്കൻ ജറുസലേമിനെ വെസ്റ്റ് ബാങ്കുമായി വേർതിരിക്കുന്ന സങ്കീർണ്ണമായ 'E1 പദ്ധതി'യിൽ ആയിരത്തിലധികം പുതിയ ഭവന യൂണിറ്റുകൾ നിർമിക്കാൻ ഇസ്രായേൽ അടുത്തിടെ ടെൻഡർ വിളിച്ചിരുന്നു. ഇത് ഫലസ്തീനികളെ ചെറിയ ഒറ്റപ്പെട്ട പ്രദേശങ്ങളിലേക്ക് ഒതുക്കുമെന്നും ദ്വിരാഷ്ട്ര പരിഹാരമെന്ന ആശയത്തെ പാടെ ഇല്ലാതാക്കുമെന്ന് ബ്രിട്ടനടക്കമുള്ള ലോകരാജ്യങ്ങൾ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ, ഈ തീരുമാനം ഇസ്രായേൽ ഉൽപന്നങ്ങൾക്കൊന്നാകെയുള്ള ബഹിഷ്‌കരണമല്ലെന്ന് യു.കെ മന്ത്രിമാർ വ്യക്തമാക്കിയിട്ടുണ്ട്. ഇസ്രായേലുമായുള്ള മറ്റ് വ്യാപാര ബന്ധങ്ങൾ തുടരുമ്പോൾ തന്നെ, അനധികൃത കുടിയേറ്റ മേഖലയിലെ ഉൽപന്നങ്ങൾ ലക്ഷ്യമിട്ടാണ് ഈ നിരോധനം.
അതേസമയം, അമേരിക്ക ഈ തീരുമാനത്തോട് ശക്തമായ വിയോജിപ്പ് പ്രകടിപ്പിച്ചു. ബ്രിട്ടന്റെയും മറ്റ് രാജ്യങ്ങളുടെയും ഈ നീക്കം യുക്തിരഹിതവും ഇസ്രായേൽ സർക്കാരിനോടും ജൂത ജനതയോടും കാണിക്കുന്ന വിവേചനവുമാണെന്ന് ഇസ്രായേലിലെ യു.എസ് അംബാസഡർ മൈക്ക് ഹക്കബി വിമർശിച്ചു. ഓരോ രാജ്യത്തിനും പരമാധികാര തീരുമാനങ്ങൾ എടുക്കാമെങ്കിലും, യു.എസിന്റെ നിലപാട് ഇതിന് വിരുദ്ധമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
അതേസമയം ബ്രിട്ടന്റെ പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ ഇസ്രായേൽ കടുത്ത തിരിച്ചടി നൽകി. ജറുസലേമിലെ ബ്രിട്ടീഷ് കോൺസുലേറ്റ് അടച്ചുപൂട്ടാൻ ഇസ്രായേൽ വിദേശകാര്യ മന്ത്രി ഗിഡിയോൺ സാർ ഉത്തരവിട്ടു. ബ്രിട്ടീഷ് പാർലമെന്റിൽ വിദേശകാര്യ സെക്രട്ടറി നടത്തിയത് അസത്യങ്ങളാണെന്ന് ആരോപിച്ച ഇസ്രായേൽ, മുതിർന്ന ബ്രിട്ടീഷ് രാഷ്ട്രീയ നേതാക്കളടക്കം 12 യു.കെ പൗരന്മാർക്ക് രാജ്യത്തേക്ക് പ്രവേശന വിലക്കും ഏർപ്പെടുത്തി. മുൻ ലേബർ പാർട്ടി നേതാവ് ജെറമി കോർബിൻ, എം.പിമാരായ സാറാ സുൽത്താന, ഡയാൻ ആബട്ട് തുടങ്ങിയ പ്രമുഖരാണ് വിലക്ക് നേരിടുന്നവരുടെ പട്ടികയിലുള്ളത്.
1967 മുതൽ ഇസ്രായേലിന്റെ അധിനിവേശത്തിലുള്ള വെസ്റ്റ് ബാങ്കിൽ നിലവിൽ ഏഴ് ലക്ഷത്തിലധികം ഇസ്രായേലി കുടിയേറ്റക്കാരും 30 ലക്ഷത്തോളം ഫലസ്തീനികളുമാണ് ജീവിക്കുന്നത്. അന്താരാഷ്ട്ര നിയമപ്രകാരം അനധികൃതമായി കണക്കാക്കപ്പെടുന്ന ഈ കുടിയേറ്റ കേന്ദ്രങ്ങളുടെ വ്യാപനവും തുടർച്ചയായ സംഘർഷങ്ങളും പ്രദേശത്തെ സ്ഥിതിഗതികൾ കൂടുതൽ വഷളാക്കിക്കൊണ്ടിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.