ബിന്യമിൻ നെതന്യാഹു
‘ഹമാസ് ആക്രമണത്തിന് ഒരുങ്ങുന്നു’; ഗൾഫ് ഭരണാധികാരി ഒക്ടോബർ 7ന് മുമ്പ് നെതന്യാഹുവിന് മുന്നറിയിപ്പ് നൽകിയെന്ന്
തെൽഅവീവ്: ഒക്ടോബർ 7ലെ ആക്രമണത്തിന് ദിവസങ്ങൾക്ക് മുമ്പ് ഹമാസ് വലിയ തോതിലുള്ള യുദ്ധത്തിന് പദ്ധതിയിടുന്നുണ്ടെന്ന് പ്രമുഖ ഗൾഫ് രാജ്യത്തെ ഭരണാധികാരി ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിന് മുന്നറിയിപ്പ് നൽകിയിരുന്നതായി റിപ്പോർട്ട്. എന്നാൽ ഈ നിർണായക രഹസ്യാന്വേഷണ വിവരം ലഭിച്ചിട്ടും നെതന്യാഹു യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നും, മുന്നറിയിപ്പുകൾ പൂർണമായും അവഗണിക്കുകയായിരുന്നുവെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
വാർത്ത പുറത്തുവന്നതിന് പിന്നാലെ നെതന്യാഹുവിനെതിരെ രൂക്ഷ വിമർശനവുമായി അദ്ദേഹത്തിന്റെ പ്രധാന രാഷ്ട്രീയ എതിരാളിയും മുൻ ഐ.ഡി.എഫ് ചീഫ് ഓഫ് സ്റ്റാഫുമായ ഗാഡി ഐസൻകോട്ട് രംഗത്തെത്തി. ഒക്ടോബർ 7ലെ സംഭവത്തിലേക്ക് നെതന്യാഹു ഇസ്രായേലിനെ അന്ധമായി നയിക്കുകയായിരുന്നുവെന്ന് യാശർ പാർട്ടി നേതാവായ ഐസൻകോട്ട് എക്സിൽ കുറിച്ചു.
‘മിക്ക അടയാളങ്ങളും ഒരേ നിഗമനത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്. ഒക്ടോബർ 7ലെ ദുരന്തത്തിലേക്ക് നെതന്യാഹു ഇസ്രായേലിനെ അന്ധമായി നയിച്ചു,’- ഐസൻകോട്ട് പറഞ്ഞു. എനിക്ക് ആരും മുന്നറിയിപ്പ് നൽകിയില്ല, എന്നെ ആരും ഉണർത്തിയില്ല എന്ന പരിഹാസ്യമായ വാദം ഉന്നയിക്കുന്നതിലൂടെ നെതന്യാഹു സത്യത്തെ ഭയപ്പെടുകയാണെന്നും, ഉത്തരവാദിത്തത്തിൽ നിന്ന് ഒളിച്ചോടാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
തനിക്ക് ലഭിച്ച ഡസൻ കണക്കിന് മുന്നറിയിപ്പുകൾ നെതന്യാഹു ബോധപൂർവ്വം അവഗണിച്ചുവെന്നും, അതിനാൽ പ്രധാനമന്ത്രി പദവിയിൽ തുടരാൻ നെതന്യാഹു തികച്ചും അയോഗ്യനാണെന്നും ഐസൻകോട്ട് തുറന്നടിച്ചു. അടുത്ത സർക്കാർ രൂപീകരിച്ചാലുടൻ കഴിഞ്ഞ ഒരു ദശകത്തെ സംഭവങ്ങൾ സമഗ്രമായി അന്വേഷിക്കാൻ ഒരു ഔദ്യോഗിക കമ്മീഷനെ നിയോഗിക്കുമെന്നും, നെതന്യാഹുവിന് എന്തൊക്കെ അറിയാമായിരുന്നുവെന്നും എന്തൊക്കെ ചെയ്തില്ലെന്നും പരിശോധിച്ച് സത്യം പുറത്തുകൊണ്ടുവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.