ഇസ്മായിൽ ബഗായ്
ഹുർമുസിൽ ഇടപെട്ടാൽ വലിയ പ്രത്യാഘാതമുണ്ടാകും; ദക്ഷിണ കൊറിയക്ക് ഇറാന്റെ മുന്നറിയിപ്പ്
തെഹ്‌റാൻ: ഹുർമുസ് കടലിടുക്കിൽ യു.എസ് നടത്തുന്ന സൈനിക നീക്കങ്ങളെ പിന്തുണച്ചാൽ വലിയ പ്രത്യാഘാതമുണ്ടാകുമെന്ന് ദക്ഷിണ കൊറിയക്ക് ഇറാന്റെ മുന്നറിയിപ്പ്. ഹുർമുസ് കടലിടുക്കിൽ യു.എസ് നീക്കങ്ങൾക്ക് പിന്തുണ നൽകുന്ന കാര്യം ആലോചിക്കുന്നുണ്ടെന്ന് ദക്ഷിണ കൊറിയ വ്യക്തമാക്കിയതിന്റെ പിന്നാലെയാണ് ഇറാന്റെ പ്രതികരണം. ഹുർമുസ് കടലിടുക്കിൽ മറ്റു രാജ്യങ്ങൾ നടത്തുന്ന സൈനിക ഇടപെടലുകൾ, ഇറാനുനേരെയുള്ള യു.എസ് അധിനിവേശത്തിനു നേരിട്ടുള്ള പിന്തുണയായി മാത്രമാണ് കാണാൻ കഴിയുക എന്നും ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായിൽ ബഗായ് എക്സിലൂടെ പ്രതികരിച്ചു.
ഇറാനും അമേരിക്കയും തമ്മിൽ ഫെബ്രുവരിയിൽ ആരംഭിച്ച യുദ്ധത്തെ തുടർന്ന് ഹുർമുസ് കടലിടുക്കിന്റെ ഭൂരിഭാഗം നിയന്ത്രണവും ഇപ്പോൾ ഇറാന്റെ കയ്യിലാണ്. ലോകത്തിലെ എണ്ണ-പ്രകൃതിവാതക കയറ്റുമതിയുടെ അഞ്ചിലൊന്നും കടന്നുപോകുന്ന ഈ സുപ്രധാന ജലപാതയിലൂടെയുള്ള ഗതാഗതം യുദ്ധത്തെ തുടർന്ന് നിലവിൽ പൂർണമായും തടസ്സപ്പെട്ടിരിക്കുകയാണ്. ഏപ്രിലിൽ പ്രഖ്യാപിച്ച വെടിനിർത്തലിന് ശേഷവും ഇരുരാജ്യങ്ങളും തമ്മിൽ ഈ മേഖലയിൽ സംഘർഷങ്ങൾ തുടരുകയാണ്.
ഹുർമുസിലൂടെ പോകുന്ന കപ്പലുകൾ ട്രാൻസിറ്റിനായി മുൻകൂർ അനുമതി വാങ്ങണമെന്ന ഇറാന്റെ നിർബന്ധത്തിനെതിരെ വാഷിങ്ടണും മറ്റ് രാജ്യങ്ങളും രംഗത്തുണ്ട്. പശ്ചിമേഷ്യൻ മേഖലയിൽ സംഘർഷം നിലനിൽക്കുന്ന പശ്‌ചാതതലത്തിൽ പെറു ഇറാനുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിച്ചതായി പ്രഖ്യാപിച്ചിരുന്നു. കൂടാതെ ഹുർമുസ് കടലിടുക്കിലൂടെയുള്ള അന്താരാഷ്ട്ര വ്യാപാര ബന്ധങ്ങൾ തകരുന്നതിലും പെറു ആശങ്ക ഉയർത്തിയിരുന്നു. എന്നാൽ പെറുവും ഇറാനുമായി നയതന്ത്ര ബന്ധങ്ങളൊന്നും ഇല്ലാത്തതിനാൽ പെറുവിന്റെ ഈ നിലപാട് തങ്ങളെ ബാധിക്കില്ലെന്നാണ് ഇറാന്റെ നിലപാട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.