കംപാല: ഉഗാണ്ടയിലെ പ്രമുഖ സ്വതന്ത്ര മാധ്യമ ശൃംഖലയായ നേഷൻ മീഡിയ ഗ്രൂപ്പിന്റെ കീഴിലുള്ള ടെലിവിഷൻ ചാനലുകൾ, പത്രം, റേഡിയോ സ്ഥാപനങ്ങൾ എന്നിവ സൈനിക നടപടി വഴി അടച്ചുപൂട്ടി. പ്രസിഡന്റ് യൊവേരി മുസെവേനിയുടെ മകനും രാജ്യത്തിന്റെ സൈനിക മേധാവിയുമായ ജനറൽ മുഹൂസി കൈനെരുഗാബയുടെ ഉത്തരവിനെ തുടർന്നാണ് നടപടി.
തലസ്ഥാനമായ കംപാലയിലെ ഡെയിലി മോണിറ്റർ ആസ്ഥാനത്തിന് പുറത്ത് സായുധ സൈനികരെ വിന്യസിച്ചതായും ജീവനക്കാർക്ക് ഓഫീസിനകത്തേക്കോ പുറത്തേക്കോ പോകാൻ അനുമതി നൽകിയില്ലെന്നും സ്ഥാപനം അറിയിച്ചു. നേഷൻ മീഡിയ ഗ്രൂപ്പിന്റെ ഭാഗമായ എൻ.ടി.വി ഉഗാണ്ട, സ്പാർക്ക് ടിവി എന്നീ ടെലിവിഷൻ ചാനലുകളുടെ സംപ്രേഷണം പൂർണമായും നിർത്തിവെച്ചതായും റിപ്പോർട്ടുണ്ട്. ഞായറാഴ്ച പുലർച്ചെ കർശന നടപടിയുടെ ഭാഗമായി പത്രവും സഹ മാധ്യമങ്ങളും അടച്ചുപൂട്ടാൻ ഉത്തരവിട്ടതായി ഡെയ്‌ലി മോണിറ്റർ എക്‌സിലെ പോസ്റ്റിൽ പറഞ്ഞു.
മാധ്യമങ്ങൾക്കെതിരായ ഈ നടപടിക്ക് ഔദ്യോഗികമായി കാരണം വ്യക്തമാക്കിയിട്ടില്ല. എന്നാൽ, ജനറൽ മുഹൂസി കൈനെരുഗാബ സമൂഹമാധ്യമമായ എക്‌സിൽ നടത്തിയ പോസ്റ്റുകളിലൂടെ തന്റെ നിലപാട് തുറന്നുപറഞ്ഞു.
"എനിക്ക് സ്വതന്ത്ര മാധ്യമങ്ങളിൽ വിശ്വാസമില്ല. മാധ്യമങ്ങൾ വിപ്ലവത്തിന്റെ പ്രവർത്തകരുടെ മാർഗനിർദേശപ്രകാരമാണ് പ്രവർത്തിക്കേണ്ടത്," എന്നാണ് അദ്ദേഹം കുറിച്ചത്. കൂടാതെ, "എന്റെ മഹാനായ പിതാവ് എനിക്ക് ഇഷ്ടമുള്ള ഏത് മാധ്യമസ്ഥാപനവും അടച്ചുപൂട്ടാനുള്ള അധികാരം നൽകിയിട്ടുണ്ട്. എന്റെ അനുമതിയില്ലാതെ എൻ.ടി.വിയും ഡെയ്ലി മോണിറ്ററും വീണ്ടും പ്രവർത്തനം ആരംഭിക്കില്ല. ഇനി മുതൽ ഉഗാണ്ടയിലെ എല്ലാ മാധ്യമങ്ങളും നിയമങ്ങൾ പാലിക്കണം," എന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
കിഴക്കൻ ആഫ്രിക്കയിലെ ഏറ്റവും സ്വാധീനമുള്ള മാധ്യമ സ്ഥാപനങ്ങളിലൊന്നാണ് നേഷൻ മീഡിയ ഗ്രൂപ്പ്. ഡെയിലി മോണിറ്ററും എൻ.ടി.വി ഉഗാണ്ടയും രാജ്യത്തെ പ്രധാന സ്വതന്ത്ര വാർത്താമാധ്യമങ്ങളായി കണക്കാക്കപ്പെടുന്നു. അതിനാൽ സർക്കാരിന്റെ ഈ നടപടി മാധ്യമസ്വാതന്ത്ര്യത്തിന് നേരെയുള്ള വലിയ തിരിച്ചടിയായാണ് വിലയിരുത്തപ്പെടുന്നത്. പ്രതിപക്ഷ പാർട്ടികളും മനുഷ്യാവകാശ സംഘടനകളും പ്രസിഡന്റ് മുസെവേനിയുടെ ഭരണകൂടം വർഷങ്ങളായി മാധ്യമങ്ങളെയും രാഷ്ട്രീയ എതിരാളികളെയും അടിച്ചമർത്തുകയാണെന്നും ആരോപിക്കുന്നു.
81-കാരനായ പ്രസിഡന്റ് യൊവേരി മുസെവേനി മുൻ വിമത നേതാവാണ്. ഏകദേശം നാല് പതിറ്റാണ്ട് മുമ്പ് അധികാരത്തിലെത്തിയ അദ്ദേഹം ഈ വർഷം ജനുവരിയിൽ നടന്ന വിവാദ തെരഞ്ഞെടുപ്പിൽ ഏഴാം തവണയും പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. അദ്ദേഹത്തിന് ശേഷം മകൻ മുഹൂസി കൈനെരുഗാബയെ രാജ്യത്തിന്റെ നേതാവാക്കാനാണ് തയ്യാറെടുപ്പെന്ന വിലയിരുത്തലും ശക്തമാണ്.
മാധ്യമങ്ങൾക്കെതിരായ നടപടി ഉഗാണ്ടയിൽ ആദ്യമായല്ല. 2013-ൽ പ്രസിഡന്റിന്റെ പിൻഗാമിയായി മുഹൂസിയെ ഉയർത്തിക്കാട്ടുന്നുവെന്നാരോപിച്ച 'മുഹൂസി പ്രോജക്റ്റ്' സംബന്ധിച്ച കത്ത് പ്രസിദ്ധീകരിച്ചതിനെ തുടർന്ന് ഡെയിലി മോണിറ്റർ ഓഫീസിൽ പൊലിസ് റെയ്ഡ് നടത്തിയിരുന്നു. 2007-ൽ സർക്കാരിനെ വിമർശിക്കുന്ന വാർത്തകൾ സംപ്രേഷണം ചെയ്തുവെന്നാരോപിച്ച് എൻ.ടി.വിയുടെ സംപ്രേഷണവും താൽക്കാലികമായി തടഞ്ഞിരുന്നു. പ്രസിഡന്റ് മുസെവേനി പലതവണ ഡെയിലി മോണിറ്ററിനെ വിമർശിക്കുകയും ഒരവസരത്തിൽ അതിനെ "ശത്രുവും ദുഷ്ട പത്രവും" എന്ന് വിശേഷിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
ജനുവരിയിലെ തെരഞ്ഞെടുപ്പിനിടെയും ജനറൽ മുഹൂസി വിവാദ പ്രസ്താവനകളിലൂടെ വാർത്തകളിൽ ഇടംപിടിച്ചിരുന്നു. സമൂഹമാധ്യമ പോസ്റ്റുകളിൽ പ്രതിപക്ഷ നേതാവിനെ ഭീഷണിപ്പെടുത്തുകയും തെരഞ്ഞെടുപ്പിന് മുമ്പ് പ്രതിപക്ഷ റാലികളെ തടസ്സപ്പെടുത്താൻ ചിലയിടങ്ങളിൽ സുരക്ഷാസേന വെടിവെക്കുകയും ചെയ്തിരുന്നു. പ്രതിപക്ഷത്തിനെതിരായ വ്യാപകമായ അടിച്ചമർത്തലും ഭീഷണിപ്പെടുത്തലും നിറഞ്ഞ സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് നടന്നതെന്നാണ് ഐക്യരാഷ്ട്രസഭ വിലയിരുത്തിയിരുന്നത്. എന്നാൽ തെരഞ്ഞെടുപ്പ് സ്വതന്ത്രവും നീതിപൂർവവുമായിരുന്നുവെന്നാണ് ഉഗാണ്ടൻ തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിലപാട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.