ന്യൂഡൽഹി: ഇറാൻ അസംസ്കൃത എണ്ണയുമായി രണ്ട് സൂപ്പർ എണ്ണ ടാങ്കറുകൾ ഇന്ത്യൻ തീരത്തെത്തി. ഏഴു വർഷത്തിനിടെ ആദ്യമായാണ് രാജ്യത്ത് ഇറാൻ എണ്ണയെത്തുന്നത്. നാഷനൽ ഇറാനിയൻ ടാങ്കർ കമ്പനിയുടെ നിയന്ത്രണത്തിലുള്ള ‘െഫലിസിറ്റി’ എന്ന കൂറ്റൻ ടാങ്കർ ഗുജറാത്തിലെ സിക്ക തുറമുഖത്താണ് എത്തിയത്. ഇതിൽ 20 ലക്ഷം ബാരൽ എണ്ണയാണുള്ളത്. രണ്ടാമത്തെ ടാങ്കറായ ജയ, ഒഡിഷ തീരത്തെ പാരദ്വീപിന് സമീപം നങ്കൂരമിട്ടു.
ഇറാനെതിരായ ഇസ്രായേൽ, യു.എസ് ആക്രമണം തുടങ്ങുന്നതിനുമുമ്പ് ഇറാനിലെ ഖാർഗ് ദ്വീപിൽ നിന്ന് പുറപ്പെട്ടവയാണ് ഇരു ടാങ്കറുകളും. ഏഴു വർഷമായി അമേരിക്ക ഉപരോധമേർപ്പെടുത്തിയതിനാലായിരുന്നു ഇറാനിൽ നിന്നുള്ള എണ്ണ വരവ് നിലച്ചിരുന്നത്. ആഗോള എണ്ണ പ്രതിസന്ധിക്ക് അയവുവരുത്താൻ, കടലിലുള്ള എണ്ണ വിൽക്കാൻ ഇറാന് യു.എസ് അനുമതി നൽകിയതോടെയാണ് ഇന്ത്യയിലേക്കുള്ള ടാങ്കറുകൾ തീരമണഞ്ഞത്.
അതേസമയം, ഇസ്‍ലാമാബാദിൽ നടന്ന വെടിനിർത്തൽ ചർച്ച പരാജയപ്പെട്ടതിന് പിന്നാലെ, പുതിയ യുദ്ധ നീക്കവുമായി യു.എസും ഇസ്രായേലും രംഗത്തെത്തിയിട്ടുണ്ട്. 21 മണിക്കൂർ നീണ്ട ചർച്ച ധാരണയാകാതെ പിരിഞ്ഞതിനു പിന്നാലെ ഹുർമുസ് കടലിടുക്കിൽ നാവിക ഉപരോധം ഏർപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്, തിങ്കളാഴ്ച ഇന്ത്യൻ സമയം വൈകീട്ട് ഏഴോടെ പ്രഖ്യാപനം നടപ്പാക്കി. ഗൾഫ് കടലിടുക്കിലെ ഇറാന്റെ മുഴുവൻ തുറമുഖങ്ങളിലേക്കും അവിടെനിന്നുള്ള കപ്പലുകളും തടയുകയാണ് ലക്ഷ്യമെന്ന് യു.എസ് സെൻട്രൽ കമാൻഡ് വ്യക്തമാക്കി.
ലോകരാഷ്ട്രങ്ങളുടെ അതൃപ്തിയും ആശങ്കയും വകവെക്കാതെയുള്ള യു.എസ് നടപടിക്ക് ഇസ്രായേൽ പിന്തുണ പ്രഖ്യാപിച്ചു. ഹുർമുസിലെ ഇടപെടൽ വെടിനിർത്തൽ കരാറിന്റെ ലംഘനമാക്കി കണക്കാക്കി ശക്തമായ പ്രതിരോധം തീർക്കുമെന്ന് ഇറാനും വ്യക്തമാക്കിയതോടെ മൂന്നുദിവസത്തിനുശേഷം പശ്ചിമേഷ്യ ഒരിക്കൽകൂടി യുദ്ധനിഴലിലായി. പുതിയ സംഭവവികാസങ്ങൾ ആഗോള എണ്ണ വിപണിയിൽ വിലകുതിപ്പിനും കാരണമായി. വെടിനിർത്തൽ ഉപാധികൾ സംബന്ധിച്ച് ധാരണയാകാതെയാണ് കഴിഞ്ഞദിവസം പാകിസ്താന്റെ മധ്യസ്ഥതയിൽ നടന്ന സമാധാന ചർച്ച അവസാനിച്ചത്. തുടർന്ന്, ഇരു രാജ്യങ്ങളുടെയും പ്രതിനിധികൾ പരസ്പരം ആരോപണങ്ങൾ ഉന്നയിക്കുന്നതിനിടെയാണ് ട്രംപ് ഹുർമുസ് ഉപരോധം എന്ന അസാധാരണ പ്രഖ്യാപനം നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.