ഗസ്സയിലെ അർബുദ രോഗികളായ കുട്ടികളെ തുർക്കി ചികിത്സിക്കും; എത്തിക്കുന്നത് ഈജിപ്ത് വഴി എയർ ആംബുലൻസിൽ

ഇസ്താംബുൾ: ഗസ്സയിലെ അർബുദ രോഗികളായ കുട്ടികൾക്ക് ചികിത്സ വാഗ്ദാനം ചെയ്ത് തുർക്കി. തുർക്കി ആരോഗ്യ മന്ത്രി ഫഹ്രെറ്റിതിൻ കൊക്കയാണ് ഇക്കാര്യം വ്യക്തമാക്കിയത്. രോഗികളെ ഈജിപ്ത് വഴി എയർ ആംബുലൻസിൽ തുർക്കിയിലെത്തിക്കുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.

അർബുദ ചികിത്സ പൂർത്തിയാക്കാൻ കഴിയാത്ത കുട്ടികളെ തുർക്കിയിലേക്ക് കൊണ്ടു പോകുമെന്ന് ഇസ്രായേൽ ആരോഗ്യ മന്ത്രിയെ അറിയിച്ചതായും മന്ത്രി വ്യക്തമാക്കി. അതേസമയം, കുട്ടികളെ ഉടൻ കൊണ്ടു പോകുമെന്ന് വ്യക്തമാക്കിയ തുർക്കി, കൃത്യമായ തീയതി വ്യക്തമാക്കിയിട്ടില്ല.

ഗാസ മുനമ്പിൽ നിന്ന് അടിയന്തര ചികിത്സ ആവശ്യമുള്ള 1,000 രോഗികളെ സ്വീകരിക്കാൻ രാജ്യത്തിന് കഴിയും. പരിക്കേറ്റവർക്ക് ചികിത്സ നൽകാൻ രണ്ട് കപ്പലുകൾ ഈജിപ്തിലേക്ക് അയക്കുമെന്നും കപ്പലിന് തുറമുഖത്ത് അടുക്കാൻ അനുമതിയുണ്ടെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി.

അർബുദ രോഗികളായ കുട്ടികളെ ചികിത്സിക്കുന്ന ഗസ്സയിലെ അൽ റൻതീസി ചിൽഡ്രൻസ് സ്പെഷ്യലൈസ്ഡ് ഹോസ്പിറ്റലിൽ ബോംബ് ഇടുമെന്ന് ഇസ്രായേൽ സൈന്യം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ആശുപത്രിയിലുള്ളവർ ഉടൻ ഒഴിയണമെന്ന് ഇസ്രായേൽ നിർദേശം നൽകിയതായി ഗസ്സ ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു.

യു.എസ് ധനസഹായത്തോടെ പ്രവർത്തിക്കുന്ന കുട്ടികളുടെ ഏക ആശുപത്രിയായ അൽ റൻതീസി ഹോസ്പിറ്റൽ 70 കുട്ടികളാണ് ചികിത്സയിലുള്ളത്. കൂടാതെ, വടക്കൻ ഗാസയിൽ നിന്ന് കുടിയൊഴിപ്പിക്കപ്പെട്ട 1,000 പേർക്ക് ആശുപത്രിയിൽ അഭയം നൽകുന്നുമുണ്ട്.

Tags:    
News Summary - Turkey to treat children with cancer in Gaza

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.