വാഷിങ്ടൺ: യു.എസ്. ദേശീയ രഹസ്യാന്വേഷണ വിഭാഗം മേധാവി തുളസി ഗബ്ബാർഡ് രാജിവെച്ചു. അർബുദ ബാധിതനായ ഭർത്താവിന് പിന്തുണയുമായി ഒപ്പമുണ്ടാകാനാണ് രാജി. വരുന്ന ജൂൺ 30ഓടെ പദവികളിൽനിന്ന് പൂർണമായും ഒഴിയുമെന്ന് അവർ വ്യക്തമാക്കി.
അപൂർവ്വയിനം അസ്ഥി കാൻസർ ബാധിച്ച് ചികിത്സയിൽ കഴിയുന്ന ഭർത്താവ് എബ്രഹാമിനൊപ്പം ഈ പ്രതിസന്ധിഘട്ടത്തിൽ മുഴുവൻ സമയവും നിലയുറപ്പിക്കാനാണ് താൻ പൊതുസേവന രംഗത്ത് നിന്ന് താൽക്കാലികമായി പിൻവാങ്ങുന്നതെന്ന് തുളസി ഗബ്ബാർഡ് അറിയിച്ചു. പ്രസിഡന്റ് ഡോണാൾഡ് ട്രംപിന് സമർപ്പിച്ച രാജി കത്തിന്റെ വിശദാംശങ്ങൾ അവർ എക്‌സിലൂടെ പങ്കുവെച്ചു.
‘ എന്റെ ഭർത്താവ് എബ്രഹാം കഴിഞ്ഞ ദിവസമാണ് അങ്ങേയറ്റം അപൂർവ്വമായ അസ്ഥി കാൻസർ ബാധിതനാണെന്ന് തിരിച്ചറിഞ്ഞത്. വരും ആഴ്ചകളിലും മാസങ്ങളിലും വലിയ വെല്ലുവിളികളാണ് അവൻ നേരിടാൻ പോകുന്നത്. ഈ കഠിനമായ പോരാട്ടത്തിൽ അവനെ തനിച്ചാക്കി, ഏറെ സമയവും ശ്രദ്ധയും ആവശ്യപ്പെടുന്ന ഇത്തരമൊരു പദവിയിൽ തുടരാൻ എന്റെ മനസ്സ് അനുവദിക്കുന്നില്ല’-തുളസി ഗബ്ബാർഡ് രാജി കത്തിൽ കുറിച്ചു. കഴിഞ്ഞ ഒന്നര വർഷക്കാലം ഓഫിസേഴ്‌സ് ഓഫ് ദി ഡയറക്ടർ ഓഫ് നാഷണൽ ഇന്റലിജൻസിന് നേതൃത്വം നൽകാൻ അവസരം നൽകിയതിന് പ്രസിഡന്റ് ട്രംപിനോട് അവർ നന്ദി പറയുകയും ചെയ്തു.
ട്രംപിന്റെ വിശ്വസ്തയും ഇന്ത്യൻ വംശജയുമായ തുളസി ഗബ്ബാർഡിന്റെ രാജി വാർത്തയോട് ഡോണാൾഡ് ട്രംപും വൈകാരികമായാണ് പ്രതികരിച്ചത്. തുളസി ഗബ്ബാർഡ് ഭരണകൂടത്തിൽ മികച്ച രീതിയിലാണ് സേവനമനുഷ്ഠിച്ചതെന്നും ഈ ഘട്ടത്തിൽ ഭർത്താവിനൊപ്പം നിൽക്കാനുള്ള അവരുടെ തീരുമാനം തികച്ചും ശരിയാണെന്നും ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു.
തുളസി ഗബ്ബാർഡ് പടിയിറങ്ങുന്നതോടെ പ്രിൻസിപ്പൽ ഡെപ്യൂട്ടി ഡയറക്ടർ ആരോൺ ലൂക്കാസ് യു.എസിന്റെ താൽക്കാലിക ദേശീയ രഹസ്യാന്വേഷണ മേധാവിയായി ചുമതലയേൽക്കുമെന്നും ട്രംപ് അറിയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.