​ഡോണൾഡ് ട്രംപ്

ചൈനയെ പൂട്ടുമെന്ന ഭീഷണിയുമായി ട്രംപ്, ഇക്കുറി 155 ശതമാനം താരിഫ് ഭീഷണി

ന്യൂയോർക്ക്: ചൈനക്കെതിരെ വീണ്ടും ഭീഷണിയുമായി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. യു.എസുമായി വ്യാപാരകരാറിൽ എത്തിയില്ലെങ്കിൽ ചൈനക്കെതിരെ 155 ശതമാനം താരിഫ് ചുമത്തുമെന്ന് ട്രംപ് പറഞ്ഞു.

വൈറ്റ് ​ഹൗസിൽ ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസുമായി നിർണായ ധാതുകരാറിൽ ഒപ്പുവെച്ച ശേഷം സംസാരിക്കുകയായിരുന്നു​ ട്രംപ്. ‘ചൈന ഞങ്ങളെ ബഹുമാനിക്കുന്നുവെന്ന് ഞാൻ കരുതുന്നു. നികുതിയിനത്തിൽ വൻതുകയാണ് അവർ യു.എസിന് നൽകുന്നത്. എല്ലാവർക്കുമറിയുന്നത് പോലെ, ചൈന 55 ശതമാനം നികുതിയാണ് നൽകുന്നത്, അത് വലിയ ഒരുതുകയാണ്. നവംബർ ഒന്നിനകം വാഷിംഗ്ടണുമായി വ്യാപാര കരാറുണ്ടായില്ലെങ്കിൽ ചൈന 155 ശതമാനം താരിഫ് നൽകേണ്ടി വരും,’ ട്രംപ് പറഞ്ഞു.

നിരവധി രാജ്യങ്ങളുമായി ഇതിനകം വ്യാപാര കരാറുകളുണ്ടാക്കിയതായി ട്രംപ് വ്യക്തമാക്കി. അവർ ഒരിക്കൽ യു.എസിനെ മുതലെടുത്തിരുന്നു, ഇനിയില്ലെന്നും ട്രംപ് പറഞ്ഞു.

ചൈനയുമായി നല്ലൊരു കരാറുണ്ടാക്കാനാവുമെന്നാണ് പ്രതീക്ഷയെന്നും ട്രംപ് കൂട്ടിച്ചേർത്തു. ചൈനയിൽ നിന്നുള്ള എല്ലാ ഇറക്കുമതിക്കും നവംബർ ഒന്നുമുതൽ 100 ശതമാനം അധിക നികുതി ചുമത്തുമെന്ന് ട്രംപ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഇതിന് പുറമെ സോഫ്റ്റ്​വെയർ കയറ്റുമതിയിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു.

നിലവിൽ ചൈനക്ക് മേൽ 55 ശതമാനം നികുതിയാണ് ചുമത്തിയിട്ടുള്ളത്. നവംബർ ഒന്നുമുതൽ അധികനികുതി കൂടി നിലവിൽ വരുന്നതോടെ ഇത് ഫലത്തിൽ 155 ശതമാനമാവും.

നേരത്തെ, ചൈനീസ് ഉത്പന്നങ്ങള്‍ക്ക് ഏർപ്പെടുത്തിയ അധിക താരിഫ് കുറയ്ക്കാന്‍ തയ്യാറാണെന്ന് ട്രംപ് സൂചന നല്‍കിയിരുന്നു. എന്നാല്‍ താരിഫ് കുറയ്ക്കുന്നതില്‍ ചൈനയുടെ ഭാഗത്ത് നിന്നും പ്രത്യുപകാരം വേണമെന്നും അദ്ദേഹം വ്യക്തമാക്കി. അമേരിക്കൻ സോയാബീൻ ഇറക്കുമതി വർദ്ധിപ്പിക്കുക, ‘ഫെന്റനിൽ’ (അമേരിക്കയിൽ വ്യാപകമായ ലഹരിമരുന്ന്) നിയന്ത്രിക്കുക, അപൂർവ ഭൗമ ധാതുക്കളുടെ കയറ്റുമതിയിൽ നിയന്ത്രണം ഒഴിവാക്കുക തുടങ്ങിയ വ്യവസ്ഥകളാണ് ട്രംപ് ചൈനക്ക് മുന്നില്‍ വെച്ചതെന്നാണ് റിപ്പോർട്ടുകൾ. 

Tags:    
News Summary - Trumps warning to China over fair trade deal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.