റോഡിലേക്ക് കല്ലെറിഞ്ഞെന്ന് പറഞ്ഞ് കൗമാരക്കാരനെ വെടിവെച്ച് കൊന്ന് ഇസ്രായേൽ

ഗസ്സ സിറ്റി: റോഡിലേക്ക് കല്ലെറിഞ്ഞെന്ന് പറഞ്ഞ് കൗമാരക്കാരനെ വെടിവെച്ച് കൊലപ്പെടുത്തി ഇസ്രായേൽ സൈന്യം. ഞായറാഴ്ച വൈകുന്നേരം വെസ്റ്റ് ബാങ്കിലായിരുന്നു ഇസ്രായേൽ സൈന്യത്തിന്‍റെ ക്രൂരത. 19കാരനായ മുഅ്മൻ അബൂ റിയാഷ് ആണ് കൊല്ലപ്പെട്ടത്.

ഹൈവേയിലേക്ക് കല്ലെറിഞ്ഞ മൂന്നു പേർക്കുനേരെ സൈന്യം വെടിയുതിർത്തെന്നും ഒരാൾ കൊല്ലപ്പെട്ടെന്നും മറ്റുള്ളവരെ അറസ്റ്റ് ചെയ്തെന്നും ഇസ്രായേൽ പ്രതിരോധ സേന (ഐ.ഡി.എഫ്) അറിയിച്ചു. അറസ്റ്റിലായവരിൽ ഒരാളായ 21കാരൻ ബറാ ബിലാൽ ഇസ്സ കബ്ലാൻ വെടിവെപ്പിലേറ്റ ഗുരുതര പരിക്കിനെ തുടർന്ന് പിന്നീട് ഇസ്രായേൽ കസ്റ്റഡിയിൽ കൊല്ലപ്പെട്ടെന്നാണ് റിപ്പോർട്ട്.

നബുലുസിന് സമീപം അസൂനിൽ ക്യാമ്പ് ചെയ്ത 890-ാമത് പാരാട്രൂപ്പേഴ്‌സ് ബറ്റാലിയനിലെ സൈനികരുടേതാണ് ക്രൂരത. ഇസ്രായേൽ ക്രൂരതക്കിരയായ മൂവരും നബുലുസ് - കൽഖില്യ റോഡിലൂടെ കാറിൽ സഞ്ചരിക്കുകയായിരുന്നെന്ന് ഫലസ്തീൻ വാർത്ത ഏജൻസിയായ വഫ റിപ്പോർട്ട് ചെയ്യുന്നു. അബൂ റിയാഷ് കല്ലെറിഞ്ഞിട്ടില്ലെന്നും മറ്റുള്ളവരാണ് സംഭവത്തെക്കുറിച്ച് അന്വേഷണം വേണമെന്നും ബന്ധുക്കൾ ആവശ്യപ്പെട്ടു. എന്നാൽ, ‘ഇവരുടെ പ്രവൃത്തി ഹൈവേയിലൂടെ വാഹനമോടിച്ചിരുന്ന സാധാരണക്കാരെ അപകടത്തിലാക്കി’ എന്നാണ് ഐ.ഡി.എഫ് പറയുന്നത്.

വെടിവെപ്പ് നടന്ന സ്ഥലത്തേക്ക് വന്ന തങ്ങളുടെ ആംബുലൻസുകൾ ഇസ്രായേൽ സൈന്യം ആദ്യം തടഞ്ഞുവെച്ചെന്ന് ഫലസ്തീൻ റെഡ് ക്രസന്‍റ് പറയുന്നു. ഗുരുതര പരിക്കേറ്റ ബറാ ബിലാലിന് ശുശ്രൂഷ നൽകാൻ ഇതോടെ ഏറെ വൈകിയെന്നും റെഡ് ക്രസന്റ് അറിയിച്ചു.

മാനസിക പ്രശ്നങ്ങൾക്ക് ചികിത്സ തേടുന്ന ഇസ്രായേലി സൈനികരുടെ എണ്ണം കുത്തനെ വർധിച്ചെന്ന്

തെൽഅവീവ്: രണ്ടു വർഷം മുമ്പ് ഗസ്സയിൽ വംശഹത്യാ യുദ്ധം ആരംഭിച്ച ശേഷം മാനസിക പ്രശ്നങ്ങൾക്ക് ചികിത്സ തേടുന്ന ഇസ്രായേലി സൈനികരുടെ എണ്ണം കുത്തനെ വർധിച്ചതായി വെളിപ്പെടുത്തൽ. ഇസ്രായേൽ പ്രതിരോധ മന്ത്രാലയ ഉദ്യോഗസ്ഥൻ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 2023 ഒക്ടോബർ 7ന് ശേഷം 62,000ത്തോളം മാനസിക പ്രശ്ന കേസുകൾ ചികിത്സിച്ചുവെന്നും ഈ കണക്ക് നിലവിൽ 85,000 ആയി ഉയർന്നതായും മന്ത്രാലയത്തിന്റെ പുനഃരധിവാസ വകുപ്പിന്റെ ഡെപ്യൂട്ടി മേധാവി തമർ ഷിമോണി ആർമി റേഡിയോയോട് പറഞ്ഞു. ഇത് അഭൂതപൂർവമായ വർധനവാണെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു.

ഒക്ടോബർ 7 ലെ സംഭവങ്ങളുമായി ബന്ധപ്പെട്ട മാനസിക പ്രശ്നങ്ങൾ ഇസ്രായേലി സൈനികരിൽ മൂന്നിലൊന്ന് പേർ നേരിടുന്നു. ഒരൊറ്റ തെറാപ്പിസ്റ്റ് ഇപ്പോൾ 750 രോഗികളെ വരെ കൈകാര്യം ചെയ്യാൻ നിർബന്ധിതമാകുന്നുവെന്നും ചില പ്രദേശങ്ങളിൽ അതിലും കൂടുതലാണെന്നും ഷാമോണി പറഞ്ഞു. കഴിഞ്ഞ നവംബറിൽ, ‘യെദിയോത്ത് അഹ്‌റോനോത്ത്’ എന്ന പത്രം ഇസ്രായേലിൽ വ്യാപകമായ മാനസികാരോഗ്യ പ്രതിസന്ധിയുള്ളതായി റി​​പ്പോർട്ട് ചെയ്തിരുന്നു. വർധിച്ചുവരുന്ന മയക്കുമരുന്ന് ആസക്തിയുമുണ്ട്. സൈനികർ ഉൾ​പ്പടെ 20 ലക്ഷത്തോളം ആളുകൾക്ക് മാനസികാരോഗ്യ സഹായം ആവശ്യമാണെന്നും പത്രം ചൂണ്ടിക്കാട്ടിയിരുന്നു.

Tags:    
News Summary - IDF kills one teenager for stone-throwing in West Bank highway

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.