ന്യൂക്ക്: ആർട്ടിക് ദ്വീപായ ഗ്രീൻലാൻഡ് പിടിച്ചെടുക്കുമെന്ന ഭീഷണിയുമായി അമേരിക്ക മുന്നോട്ട് പോകുന്ന സാഹചര്യത്തിൽ പ്രതികരണവുമായി ഫ്രാൻസും ജർമനിയും ഉൾപ്പെടെയുള്ള യൂറോപ്യൻ നേതാക്കൾ. ?വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മദൂറോയെ തട്ടിക്കൊണ്ടുപോവാൻ പച്ചക്കൊടി കാണിച്ച യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ തീരുമാനം വ്യാപകമായ അപലപത്തിനിടയാക്കിയ വേളയിലാണ് ഗ്രീൻലാൻഡ് ബലപ്രയോഗത്തിലൂടെ പിടിച്ചെടുക്കപ്പെടുമെന്ന പ്രഖ്യാപനം വന്നത്. ഇത് ഗ്രീൻലാൻഡിനെയും ഭീതിയിലാഴ്ത്തി. എന്നാൽ, തൊട്ടുപിന്നാലെ യൂറോപ്യൻ സഖ്യകക്ഷികൾ ഗ്രീൻലാൻഡിന്‍റെ പരമാധികാരത്തിന് പിന്നിൽ അണിനിരന്നു. രാജ്യം അവിടുത്തെ ജനങ്ങളുടേതാണെന്ന് പറഞ്ഞു.
യൂറോപ്യൻ രാജ്യമായ ഡെൻമാർക്കിന്റെ ഭാഗമായ സ്വയം ഭരണാധികാരമുള്ള ലോകത്തിലെ ഏറ്റവും വലിയ ദ്വീപാണ് ഗ്രീൻലാന്റ്. യു.എസ് സഖ്യകക്ഷിയായ ഡെൻമാർക്കിൽ നിന്ന് ഗ്രീൻലാൻഡ് പിടിച്ചെടുക്കാൻ നീങ്ങുന്നപക്ഷം യൂറോപ്യൻ പങ്കാളികളുമായി ചേർന്ന് നടപടിക്ക് ആഗ്രഹിക്കുന്നുവെന്ന് ഫ്രഞ്ച് വിദേശകാര്യ മന്ത്രി ജീൻ നോയൽ ബാരറ്റ് പറഞ്ഞു. ഇന്നലെ താൻ യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി ഫോണിൽ സംസാരിച്ചുവെന്നും വെനിസ്വേലയിൽ സംഭവിച്ചത് ഗ്രീൻലാൻഡിൽ സംഭവിക്കുമെന്ന ആശങ്ക റൂബിയോ നിരാകരിച്ചുവെന്നും ബാരറ്റ് പറഞ്ഞു.
ഫിൻലാൻഡ് പാർലമെന്റിന്റെ വിദേശകാര്യ സമിതിയുടെ ചെയർമാനായ ജോഹന്നസ് കോസ്കിനെൻ, ഈ വിഷയം നാറ്റോക്കുള്ളിൽ ഉന്നയിക്കണമെന്ന് ആവശ്യപ്പെട്ടു. സംയുക്തമായി അംഗീകരിച്ച പദ്ധതികളെ ‘സ്വന്തം അധികാര മോഹങ്ങൾ പിന്തുടരുന്നതിനുവേണ്ടി’ അവഗണിക്കാൻ കഴിയില്ല എന്നതിനാൽ അമേരിക്കയെ അതിന്റെ പാതയിലേക്ക് കൊണ്ടുവരണമോ എന്ന് സഖ്യകക്ഷികൾ തീരുമാനിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഡെൻമാർക്കിന്റെ വിദേശകാര്യ മന്ത്രി ലാർസ് ലോക്കെ റാസ്മുസ്സനും അദ്ദേഹത്തിന്റെ ഗ്രീൻലാൻഡ് വിദേശകാര്യ മന്ത്രി വിവിയൻ മോട്ട്സ്ഫെൽഡും സ്ഥിതിഗതികൾ ചർച്ച ചെയ്യാൻ റൂബിയോയുമായി അടിയന്തര കൂടിക്കാഴ്ച അഭ്യർഥിച്ചു.
ഗ്രീൻലാൻഡിനെ ബലപ്രയോഗത്തിലൂടെ പിടിച്ചെടുക്കാനുള്ള ഏതൊരു നീക്കവും ‘എല്ലാം അവസാനിപ്പിക്കുന്നതിലേക്ക് നയിക്കു’മെന്ന് ഡെൻമാർക്കും മുന്നറിയിപ്പ് നൽകി. അതിൽ നാറ്റോയും 80 വർഷത്തെ അടുത്ത സുരക്ഷാ ബന്ധങ്ങളും ഉൾപ്പെടുന്നു.
യു.എസ് അവകാശവാദങ്ങളുടെ പശ്ചാത്തലത്തിൽ ഗ്രീൻലാൻഡ് സർക്കാർ അടുത്ത ആഴ്ച റൂബിയോയും ഡാനിഷ് ഉദ്യോഗസ്ഥരും തമ്മിലുള്ള ഒരു യോഗത്തിൽ പങ്കെടുക്കുമെന്ന് വിദേശകാര്യ മന്ത്രി പറഞ്ഞു.
യൂറോപ്യൻ യൂനിയൻ ഗ്രീൻലാൻഡിനെയും ഡെൻമാർക്കിനെയും ആവശ്യമുള്ളപ്പോൾ പിന്തുണക്കും. അന്താരാഷ്ട്ര നിയമ ലംഘനങ്ങൾ എവിടെ സംഭവിച്ചാലും അത് അംഗീകരിക്കില്ല എന്ന് യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് അന്റോണിയോ കോസ്റ്റ പറഞ്ഞു.
സൈപ്രസ്, ലാറ്റിൻ അമേരിക്ക, ഗ്രീൻലാൻഡ്, യുക്രെയ്ൻ, ഗസ്സ എന്നിവിടങ്ങളിലായാലും അന്താരാഷ്ട്ര നിയമ ലംഘനങ്ങൾ യൂറോപ്യൻ യൂനിയന് അംഗീകരിക്കാൻ കഴിയില്ല. യൂറോപ്പ് അന്താരാഷ്ട്ര നിയമത്തിന്റെയും ബഹുരാഷ്ട്രവാദത്തിന്റെയും ഉറച്ചതും അചഞ്ചലവുമായ ചാമ്പ്യനായി തുടരുമെന്നും കോസ്റ്റ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.