ഡോണൾഡ് ട്രംപ്

കൂടുതൽ രാജ്യങ്ങൾക്ക് യാത്രാ വിലക്കുമായി അമേരിക്ക; ഫലസ്തീൻ പാസ്​പോർട്ടുള്ളവർക്കും വിലക്ക്

വാഷിങ്ടൺ: കുടിയേറ്റ നിയന്ത്രണങ്ങളുടെ ഭാഗമായി കൂടുതൽ രാജ്യങ്ങളിലെ പൗരന്മാർക്ക് യാത്രാ വിലക്കേർപ്പെടുത്തി ​ഡോണൾഡ് ട്രംപ് ഭരണകൂടം. സിറിയ ഉൾപ്പെടെ ഏഴ് രാജ്യങ്ങളിലെ പൗരന്മാർക്കും ഫലസ്തീൻ അതോറിറ്റി പാസ്​പോർട്ട് കൈവശമുള്ളവർക്കുമാണ് പുതുതായി യാത്രാ വിലക്ക് ഏർപ്പെടുത്തിയത്. കഴിഞ്ഞ ജൂണിൽ 12 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് പൂർണ യാത്രാ വിലക്കും ഏഴ് രാജ്യങ്ങളിൽ നിന്നുള്ളവർക്ക് നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ തീരുമാനം. ഇതോടെ, അമേരിക്ക യാത്രാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ രാജ്യങ്ങളുടെ എണ്ണം 30 ആയി ഉയർന്നു.

​അമേരിക്കൻ ഭരണസിരാകേന്ദ്രമായ വൈറ്റ്ഹൗസിന് മുന്നിൽ അഫ്ഗാൻ പൗരൻ നടത്തിയ വെടിവെപ്പിനു പിന്നാലെയാണ് അനധികൃത കുടിയേറ്റ തടയുന്നതിനായി യാത്രാവിലക്ക് പട്ടിക വിപുലീകരിക്കാൻ തീരുമാനിച്ചത്. വെടിവെപ്പിൽ രണ്ട് ദേശീയ സുരക്ഷാ സേന അംഗങ്ങൾ കൊല്ലപ്പെട്ടിരുന്നു.

നിയന്ത്രണങ്ങളുള്ള രാജ്യങ്ങളിലെ പൗരന്മാരുടെ വിസ നടപടികൾ കൂടുതൽ കർക്കശമാക്കുമെന്നും ഡോണൾഡ് ട്രംപ് അറിയിച്ചു. ബുർകിന ഫാസോ, മാലി, നൈജർ, സൗത് സുഡാൻ, സിറിയ എന്നിവയാണ് ചൊവ്വാഴ്ച പുറത്തിറക്കിയ പട്ടികയിൽ ഇടം നേടിയത്. ഇതിന് പുറമെ, ഫലസ്തീൻ ​അതോറിറ്റിയുടെ പാസ്​പോർട്ട് കൈവശമുള്ള വിദേശ പൗരന്മാർക്കും അമേരിക്ക വിലക്ക് ഏർപ്പെടുത്തി. നേരത്തെ ഭാഗിക നിയന്ത്രണമുള്ള ലാവോസ്, സിയറ ലിയോൺ രാജ്യങ്ങൾക്ക് പൂർണ വിലക്കും ഏർപ്പെടുത്തി.

അഴിമതി, വ്യാജ യാത്രാ രേഖകൾ, ക്രിമിനൽ പശ്ചാത്തലം എന്നിവയുള്ള വിദേശ പൗരന്മാർ കൂടിയേറുന്നതിലൂടെ തങ്ങളുടെ പൗരന്മാർക്കും രാജ്യത്തിനും സുരക്ഷാ വെല്ലുവിളി നേരിടുന്ന പശ്ചാത്തലത്തിലാണ് നിയന്ത്രണം വിപുലീകരിക്കുന്നതെന്ന് ട്രംപ് ഭരണകൂടം വിശദീകരിച്ചു. വിവിധ രാജ്യങ്ങളിലെ പൗരന്മാരുടെ വിസ ​അപേക്ഷകളിൽ പരിശോധന ബുദ്ധിമുട്ടുണ്ടെന്നും, വിസ കാലാവധി കഴിഞ്ഞിട്ടും അമേരിക്കയിൽ താമസിക്കുന്നവരുടെ എണ്ണം കൂടുതലാണെന്നും വ്യക്തമാക്കി. കുടിയേറ്റ വിരുദ്ധ പരിശോധനക്കിടെ പിടിക്കപ്പെടുന്നവരെ തങ്ങളുടെ രാജ്യങ്ങൾ ഏറ്റെടുക്കാൻ വിമുഖത കാണിക്കുന്നതായും പ്രസ്താവനയിൽ വിശദീകരിച്ചു.

അഫ്ഗാനിസ്താൻ, ബർമ, ചാഡ്, കോംങ്കോ, ഗിനിയ, എറിത്രിയ, ഹെയ്തി, ഇറാൻ, ലിബിയ, സോമാലിയ, സുഡാൻ, യെമൻ എന്നീ രാജ്യങ്ങളിലെ പൗരന്മാർക്കാണ് കഴിഞ്ഞ ​ജൂണിൽ അമേരിക്ക സമ്പൂർണ വിലക്ക് ഏർപ്പെടുത്തിയത്.

പിന്നാലെ, ബറുണ്ടി, ക്യൂബ, ലാവോസ്, സിയറ ലിയോൺ, ടോഗോ, തുർക്മെനിസ്താൻ, വെനിസ്വേല പൗരന്മാർക്ക് യാത്രാ നിയന്ത്രണം ചുമത്തി.

അംഗോള, ആന്റിഗ്വ, ബർബുഡ, ബെനിൻ, ഐവറി കോസ്റ്റ്, ഡൊമിനിക, ഗാബോൺ, ഗാംബിയ, മലാവി, മൗറിതാനിയ, നൈജീരിയ, സെനഗാൾ, താൻസാനിയ, ടോംഗോ, സാംബിയ, സിംബാബ്വെ എന്നീ 15 രാജ്യങ്ങളും ഭാഗിക നിയ​ന്ത്രണം ഏർപ്പെടുത്തിയവരുടെ പട്ടികയിലുണ്ട്.

Tags:    
News Summary - Trump widens travel ban, adds 5 more countries to original list of 12 countries

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.