ഡോണാൾഡ് ട്രംപ്
വാഷിങ്ടൺ: ഹമാസിന് വീണ്ടും മുന്നറിയിപ്പുമായി യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. എത്രയും പെട്ടെന്ന് സമാധാന കരാറിലെ നടപടികൾക്ക് തുടക്കം കുറിക്കണമെന്നും അല്ലെങ്കിൽ സ്ഥിതി രൂക്ഷമാകുമെന്നുമാണ് ഹമാസിന് ട്രംപ് നൽകിയിരികുന്ന മുന്നറിയിപ്പ്. ട്രൂത്ത് സോഷ്യൽ പ്ലാറ്റ്ഫോമിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
സമാധാനകരാർ നിലവിൽ വരാനുള്ള സാധ്യതകൾ പരിഗണിച്ച് ബോംബിങ് നിർത്തിയ ഇസ്രായേലിന്റെ തീരുമാനത്തെ അഭിനന്ദിക്കുകയാണ്. ഹമാസ് ഇക്കാര്യത്തിൽ ഉടനടി നടപടിയെടുക്കണം. തീരുമാനം എടുക്കാൻ വൈകുന്നത് അംഗീകരിക്കാനവില്ല. ഹമാസ് തീരുമാനമെടുക്കാൻ വൈകിയാൽ അത് ഗസ്സക്ക് തന്നെ ഭീഷണിയാകുമെന്നും ട്രംപ് പറഞ്ഞു.
വാഷിങ്ടൺ: തങ്ങളുടെ പക്കലുള്ള മുഴുവൻ ഇസ്രായേലി ബന്ദികളെയും വിട്ടയക്കാൻ തയാറാണെന്ന് ഹമാസ്. ട്രംപ് മുന്നോട്ടുവെച്ച 20 ഇന ഗസ്സ സമാധാന പദ്ധതിയിലെ മിക്ക കാര്യങ്ങളും അംഗീകരിക്കുന്നുവെന്നും എന്നാൽ ചില വ്യവസ്ഥകളിൽ കൂടുതൽ ചർച്ച വേണമെന്നും ഹമാസ് മധ്യസ്ഥരെ അറിയിച്ചു.
ഗസ്സയുടെ ഭരണം സ്വതന്ത്ര ടെക്നോക്രാറ്റുകളുടെ നേതൃത്വത്തിലുള്ള ഒരു ഫലസ്തീൻ സമിതിക്ക് കൈമാറാനും ഹമാസ് സന്നദ്ധത അറിയിച്ചു. ഫലസ്തീൻ സമവായത്തോടെയും അറബ്, ഇസ്‍ലാമിക പിന്തുണയോടെയും ആയിരിക്കും ഇത്.
48 ബന്ദികളാണ് ഹമാസിന്‍റെ പക്കലുള്ളതെന്നാണ് റിപ്പോർട്ട്. ഇതിൽ ജീവനോടെയുള്ള 20 പേരെ ഹമാസ് വിട്ടയക്കും. ബാക്കിയുള്ളവരുടെ മൃതദേഹങ്ങൾ ഇസ്രായേലിന് കൈമാറുമെന്നാണ് വിവരം.
ഞായറാഴ്ച വൈകിട്ട് ആറ് മണിക്കകം ഗസ്സ സമാധാന പദ്ധതി അംഗീകരിക്കണമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ് ഹമാസിെന്റ പ്രതികരണം. പദ്ധതി അംഗീകരിച്ചില്ലെങ്കിൽ ഹമാസിന് നേരിടേണ്ടിവരിക നരകമായിരിക്കുമെന്നും വെള്ളിയാഴ്ച സാമൂഹിക മാധ്യമത്തിലൂടെ അദ്ദേഹം മുന്നറിയിപ്പ് നൽകിയിരുന്നു.
ഹമാസിന് നൽകുന്ന അവസാന അവസരമാണ് ഇതെന്നും പദ്ധതി അംഗീകരിക്കാൻ കൂട്ടാക്കിയില്ലെങ്കിൽ ഇതുവരെ കാണാത്ത വിനാശമായിരിക്കും ഉണ്ടാവുകയെന്നും ട്രംപ് പറഞ്ഞു. ഏത് രീതിയിലായാലും മിഡിലീസ്റ്റിൽ സമാധാനമുണ്ടാകുമെന്നും ട്രംപ് കൂട്ടിച്ചേർത്തു.
മൂന്നോ നാലോ ദിവസത്തിനകം പദ്ധതി അംഗീകരിക്കണമെന്ന് കഴിഞ്ഞ ചൊവ്വാഴ്ച ട്രംപ് ഹമാസിനോട് ആവശ്യപ്പെട്ടിരുന്നു. ഹമാസിന്‍റെ പിടിയിലുള്ള ബന്ദികളെ മോചിപ്പിക്കുന്നതിനും യുദ്ധം അവസാനിപ്പിക്കുന്നതിനുമുള്ള പദ്ധതി അംഗീകരിക്കാൻ അറബ്, തുർക്കിയ നേതാക്കൾ ഹമാസിൽ സമ്മർദം ചെലുത്തുന്നതായും വിവരമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.