ന്യൂഡൽഹി: സിറിയയിൽ രണ്ട് യു.എസ് സൈനികരുടെയും പരിഭാഷകന്റെയും മരത്തിന് കാരണമായ ആക്രമണത്തിൽ കനത്ത തിരിച്ചടിയുണ്ടാവുമെന്ന് ഡോണൾഡ് ട്രംപ്. ഐസിസ് ആണ് ആക്രമണത്തിന് പിന്നിലെന്നാണ് യു.എസ് ആരോപിക്കുന്നത്.
‘മൂന്ന് അമേരിക്കൻ ദേശസ്നേഹികളുടെ മരണത്തിൽ ദുഃഖം രേഖപ്പെടുത്തുന്നു. രണ്ട് സൈനീകരും ഒരു പരിഭാഷകനുമടക്കമുള്ളവരാണ് കൊല്ലപ്പെട്ടത്. അപകടത്തിൽ പരിക്കേറ്റ മറ്റ് മൂന്ന് സൈനീകരുടെ ആരോഗ്യനില തൃപ്തികരമാണ്. ഐസിസിന് സ്വാധീനമുള്ള സിറിയയിലെ അപകടകരമായ മേഖലയിൽ ഉണ്ടായ ആക്രമണം യു.എസിനും സിറിയക്കും എതിരെയുള്ളതായിരുന്നു. സിറിയൻ പ്രസിഡന്റ് അഹ്മദ് അൽ ഷറ സംഭവത്തിൽ കോപാകുലനും അസ്വസ്ഥനുമാണ്. കടുത്ത തിരിച്ചടിയുണ്ടാവും,’ ട്രംപ് സമൂഹമാധ്യമമായ ട്രൂത്തിൽ കുറിച്ചു.
ബാഷർ അസദിന്റെ പതനത്തിന് ശേഷം ഒരുവർഷത്തിനിടെ ഇതാദ്യമായാണ് യു.എസ് സൈനീകർ ആക്രമിക്കപ്പെടുന്നത്. ഭീകര വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കവെയാണ് സൈനികർക്ക് നേരെ ആക്രമണമുണ്ടായതെന്ന് പെന്റഗൺ വക്താവ് സീൻ പാണെൽ പറഞ്ഞു.
ചരിത്രപ്രാധാന്യമുള്ള പാമിറക്ക് സമീപമാണ് ആക്രമണമുണ്ടായത്. സിറിയൻ സുരക്ഷ സേനയിലെ രണ്ട് ഉദ്യോഗസ്ഥർക്കും സംഭവത്തിൽ പരിക്കേറ്റിരുന്നു. സൈനീക പോസ്റ്റിലെ ഗേറ്റിലെത്തിയ തോക്കുധാരി തുടർന്ന് പരിശോധനയിൽ ഏർപ്പെട്ടിരുന്ന സൈനീകർക്ക് നേരെ നിറയൊഴിക്കുകയായിരുന്നുവെന്ന് സിറിയൻ ആഭ്യന്തര മന്ത്രാലയ വക്താവ് നൂർ ദിൻ അൽ ബാബ പറഞ്ഞു.
ഇയാളുടെ ഐസിസ് ബന്ധമടക്കമുള്ള കാര്യങ്ങൾ പരിശോധിച്ച് വരികയാണ്. അക്രമി സിറിയൻ ആഭ്യന്തര സുരക്ഷ സേനയിലെ അംഗമായിരുന്നു. മരുഭൂമി മേഖലയിൽ 5,000 ആളുകൾ പുതിയതായി ആഭ്യന്തര സേനയിൽ ചേർന്നിട്ടുണ്ട്. ഓരോ ആഴ്ചയും ഇവരുടെ പ്രവർത്തനങ്ങൾ വിലയിരുത്തപ്പെടുന്നുണ്ട്. മൂന്നുദിവസം മുമ്പ്, നിലവിൽ ആക്രമണം നടത്തിയ ആളുടെ ഭീകര സംഘടനകളോടുള്ള ആഭിമുഖ്യം സംബന്ധിച്ച് വിവരം ലഭിച്ചിരുന്നു. ഇതുസംബന്ധിച്ച് ഞായറാഴ്ച ഇയാൾക്കെതിരെ നടപടി എടുക്കാനിരിക്കവെയാണ് ശനിയാഴ്ച ആക്രണമം നടത്തിയിരുന്നതെന്നും നൂർ ദിൻ അൽ ബാബ പറഞ്ഞു.
ഇതിന് പിന്നാലെ, യു.എസ് പ്രതിരോധ സെക്രട്ടറി പീറ്റെ ഹെഗ്സെത്തും സംഭവത്തെ അപലപിച്ചു. അസദിന്റെ കീഴിലുളള സിറിയയുമായി യു.എസിന് നയതന്ത്ര ബന്ധങ്ങളൊന്നും ഉണ്ടായിരുന്നില്ല. അഞ്ചുപതിറ്റാണ്ട് അധികാരം കൈയാളിയ അസദ് കുടുംബത്തിന്റെ വീഴ്ചക്ക് പിന്നാലെയാണ് യു.എസും സിറിയൻ ഭരണകൂടവുമായി ബന്ധം മെച്ചപ്പെട്ടത്.
കഴിഞ്ഞ മാസം യു.എസ് സന്ദർശിച്ച അൽ ഷറ, വൈറ്റ് ഹൗസിലെത്തി പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. 1946ൽ സ്വതന്ത്രമായതിന് ശേഷം ഇതാദ്യമായായിരുന്നു ഒരു സിറിയൻ പ്രസിഡന്റ് യു.എസ് സന്ദർശിക്കുന്നത്.
2024 ഡിസംബറിൽ ബഷാർ അസദ് ഭരണം അട്ടിമറിച്ചതിന് പിന്നാലെ, വിമതസേന തലവനായ അൽ-ഷറ രാജ്യത്തിന്റെ ഇടക്കാല നേതാവായി നിയമിക്കപ്പെട്ടു. മുമ്പ് അൽ-ഖ്വയ്ദ ബന്ധമാരോപിച്ച് അൽ ഷറയുടെ തലക്ക് യു.എസ് 10 മില്യൺ ഡോളർ വിലയിട്ടിരുന്നു.
ഇതിന് പിന്നാലെയാണ് ഐസിസിനെതിരെ പോരാടുന്ന അന്താരാഷ്ട്ര സഖ്യത്തിൽ സിറിയ അംഗമായത്. 2019ൽ സിറിയയിൽ കനത്ത തിരിച്ചടിയേറ്റ് നാമാവശേഷമായെങ്കിലും രാജ്യത്ത് പലയിടങ്ങളിലും സ്‍ലീപ്പർ സെല്ലുകളുടെ നേതൃത്വത്തിൽ ആക്രമണങ്ങൾ നടത്തുന്നുണ്ടെന്നാണ് സിറിയൻ ഭരണകൂടം ചൂണ്ടിക്കാട്ടുന്നത്. സിറിയയിലും ഇറാഖിലും ഐസിസിന് ഇപ്പോഴും 5,000 മുതൽ 7,000 വരെ പോരാളികളുണ്ടെന്നാണ് ഐക്യരാഷ്ട്രസഭയുടെ കണക്കുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.